Monday, January 24, 2022

Latest Posts

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍; 16,338 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3848 പേര്‍ക്ക് രോഗമുക്തി; 20 മരണം

സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തേണ്ടതാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതല്‍ പേര്‍ പങ്കെടുക്കേണ്ട നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുതല്‍ വന്നാല്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല.

എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ബുക്കിങ്ങും വില്‍പ്പനയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണകൂടം ഉറപ്പു വരുത്തണം. കൊവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ ജനുവരി 16 മുതല്‍ നേരത്തെ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് സന്ദര്‍ശനം മാറ്റി വെയ്ക്കാന്‍ അഭ്യര്‍ഥിച്ച് സന്ദേശം അയക്കാന്‍ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചര്‍ച്ചയിലൂടെ നിശ്ചയിക്കും.

സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാനും തീരുമാനിച്ചു. ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതല്‍ രണ്ടാഴ്ചക്കാലം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തിയാല്‍ മതിയെന്ന് യോഗം തീരുമാനിച്ചു. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ക്ക് അധികാരം നല്‍കും.

ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. ജില്ലകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. നിലവിലെ കൊവിഡ് വ്യാപന സാഹചര്യത്തില്‍ വാര്‍ഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണ്. 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് വാക്‌സിന്‍ സ്‌കൂളില്‍ പോയി കൊടുക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഏകോപിച്ച് മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. കൊവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭ്യമാക്കേണ്ടതാണ്. കൊവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കേരളത്തില്‍ 16,338 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 859 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3848 പേര്‍ രോഗമുക്തി നേടി.
തിരുവനന്തപുരം 572, കൊല്ലം 32, പത്തനംതിട്ട 329, ആലപ്പുഴ 144, കോട്ടയം 313, ഇടുക്കി 203, എറണാകുളം 976, തൃശൂര്‍ 185, പാലക്കാട് 157, മലപ്പുറം 120, കോഴിക്കോട് 399, വയനാട് 66, കണ്ണൂര്‍ 215, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 76,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,14,862 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 179 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,568 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,72,295 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,68,657 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3638 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 545 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 76,819 കോവിഡ് കേസുകളില്‍, 4.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.