Friday, January 28, 2022

Latest Posts

ഓർമ്മയായത് നട്ടെല്ലു വളയ്ക്കാത്ത ഒരു ‘വൈക്കം’കാരൻ

✍️  ലിബി. സി. എസ്

ഇന്ത്യൻ സ്വാതന്ത്രസമര പോരാട്ടത്തിലോ ബഹുജനങ്ങളുടെ മനുഷ്യാവകാശ പോരാട്ടത്തിലോ യാതൊരു പുരോഗമനപരമായ സംഭാവനയും നൽകാതെയും, മറിച്ച് ആവുന്നത്ര പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ഒരു വ്യക്തി സ്വദേശാഭിമാനിയായി വാഴ്ത്തപ്പെടുമ്പോൾ സംഭവിക്കുന്നത് വസ്തുതകളുടെ വളച്ചൊടിക്കൽ മാത്രമല്ല, ചരിത്രം സ്വാർത്ഥമതികളുടെ കൈകളിൽ കേവലം മർദ്ദനോപകരണമായി മാത്രം അധ:പ്പതിക്കുക കൂടിയാണെന്ന് വിളിച്ചുപറഞ്ഞ; കേരളത്തിലെ മർദ്ദിത ജനകോടികളുടെ അവകാശപ്പോരാട്ടങ്ങൾക്കു തടയിടാൻ വർഗ്ഗീയവിഷം ചീന്തിയാടിയ രാമകൃഷ്ണപിള്ളയുടെ ‘മനുവാദമുഖം’ പൊതു സമൂഹം വ്യക്തമായി തിരിച്ചറിയേണ്ടതുണ്ടെന്ന് ആവുന്നത്ര ഉച്ചത്തിൽ ആവർത്തിച്ച് പറഞ്ഞ ആളാണ് എസ് രമേശൻ സാർ.

തിരുവന്തോരത്തെ പിള്ളയ്ക്കെതിരെ തൊണ്ടിമുതലുമായി ലേഖനമെഴുതിയ എസ് രമേശൻ സാറിൻറെ മീശ ഹരീഷിൻറെ മീശയ്ക്ക് മുൻപു തന്നെ പാർട്ടിക്കാർ പറിച്ചിരുന്നു.

സ്വദേശാഭിമാനി – ക്ലാവ് പിടിച്ച കാപട്യം എന്ന പേരിൽ സാർ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. സാഹിത്യ പ്രവർത്തക സഹകരണസംഘമാണ് പ്രസാധകർ – വളരെ ബോധപൂർവം ഇവയുടെ കോപ്പികൾ NBS ന്റെ സ്റ്റാളുകളിൽ ഒളിച്ചു വച്ചിരിക്കയാണ്. – സ്വദേശാഭിമാനി ദലിത് വിരുദ്ധനും ഈഴവർക്കും മറ്റും എതിരെ ദയാരഹിതമായി ലേഖനങ്ങളും എഡിറ്റോറിയലും എഴുതിയിട്ടുണ്ടെന്ന് രാമചന്ദ്രൻ തെളിവ് സഹിതം തന്റെപുസ്തകത്തിൽ എഴുതിയിരുന്നു.

മാർക്സിന്റെ ഇരുനൂറാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് ജനുവരി ലക്കത്തിൽ അദ്ദേഹത്തിൻറെ ലേഖനം ഗ്രന്ഥാലോകം പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിൽ ആദ്യമായി മാർക്സിന്റെ ജീവചരിത്രം എഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പുസ്തകത്തിലെ ചില ഭാഗങ്ങൾ മോഷ്ടിച്ചതാണെന്ന് ലേഖനത്തിൽ പരാമർശിച്ചിരുന്നു. സിപിഐഎം ലൈനിന് വിരുദ്ധമായ ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്നുണ്ടായ വിവാദത്തെ തുടർന്ന് ഗ്രന്ഥാലോകം പത്രാധിപർ സ്ഥാനത്തുനിന്ന് എസ്.രമേശൻ സാറിനെ രാജിവെയ്പിച്ചു. വിവാദ ലേഖനത്തിന് തിരുത്ത് നൽകണമെന്ന നേതാക്കളുടെ ആവശ്യം നിരാകരിച്ചതിന്റെ പേരിലാണ് കവിയും പാർട്ടി എറണാകുളം ഏരിയാ കമ്മിറ്റി അംഗവുമായ എസ്. രമേശൻ സാറിനെ നിർബന്ധിച്ച് രാജിവെയ്പിച്ചത്.
രമേശൻ സാറിൻറെ ലേഖനം സ്വദേശാഭിമാനിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി തലസ്ഥാനത്തെ പു ക സ നേതാക്കൾ രംഗത്തെത്തി. രാമചന്ദ്രന് മറുപടിയായി മാർച്ച് ലക്കത്തിൽ ഇവരുടെ രണ്ട് ലേഖേനം പ്രസിദ്ധീകരിച്ചു. അത് പോര തിരുത്ത് കൊടുക്കണമെന്നായിരുന്നു ആവശ്യം. സാർ എന്തായാലും നട്ടെല്ല് വളയ്ക്കാൻ തയ്യാറായില്ല. രേഖകൾ സഹിതം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരിൽ പത്രാധിപരെ പുറത്താക്കുന്നത്, പാർട്ടി എഴുത്തുകാരന്റെ മീശ പറിച്ചാൽ കുറ്റമില്ലെന്നാണ് ആവിഷ്കാരസ്വാതന്ത്ര്യക്കാർ പറയുന്നത്.

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പ്രസിദ്ധീകരണമാണ് ഗ്രന്ഥാലോകം.

ലൈബ്രറി കൗൺസിലിലെ പാർട്ടി അംഗങ്ങളുടെ ഫ്രാക്ഷൻ യോഗം ചേർന്ന് തിരുത്തൽ ആവശ്യം വെച്ചങ്കിലും എസ്.രമേശൻ സർ വഴങ്ങിയില്ല. തുടർന്നാണ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി രാജി ആവശ്യപ്പെട്ടത്. “കാപട്യമേ നിൻറെ പേരോ ആവിഷ്കാര സ്വാതന്ത്ര്യം?” എന്ന വലിയ ചോദ്യം രമേശൻ സാറിൻറെ ഓർമ്മയെ മുൻനിർത്തി ചോദിച്ചുകൊണ്ട് ഈ കുറിപ്പെഴുതി തലകുമ്പിട്ട് നിൽക്കുന്നു.

ബ്രിട്ടീഷിന്ത്യയിൽ ഒട്ടാകെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് ബ്രിട്ടീഷുകാരെ പാടി പുകഴ്ത്തിയ ആളായിരുന്നു രാമകൃഷ്ണപിള്ള.അന്ന് അദ്ദേഹം രചിച്ച ‘ദില്ലി ദർബാർ’ എന്ന ഗ്രന്ഥം ഒന്നും രണ്ടും വാല്യം അന്നത്തെ ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമനെയും മേരീരാജ്ഞിയേയും പ്രകീർത്തിച്ചു കൊണ്ടുള്ളതായിരുന്നു.

1912 സെപ്തംബർ 28-ാം തിയതി പാലക്കാട്ടുവച്ചു നടന്ന ഒരു സമ്മേളനത്തിൽ അദ്ദേഹം പ്രസ്താവിച്ചത് “സമത്വം,സ്വാതന്ത്രം, സാഹോദര്യം എന്നിവയുടെ സങ്കേതമാണ് ബ്രിട്ടീഷ് സാമ്രാജ്യം” എന്നാണ്. ബ്രിട്ടീഷ് സാമ്രാജ്യം സമത്വത്തിന്റെ സങ്കേതമാണ് എന്നു പുകഴ്ത്തുന്ന രാമകൃഷ്ണപിള്ള തിരുവിതാംകൂറിൽ സമത്വം സ്ഥാപിക്കാൻ ശ്രമിച്ചത് പുലയരെ പോത്തിനോടും നായരെ കുതിരയോടും ഉപമിച്ചു കൊണ്ടാണ്.അത്രയധികം സ്വാതന്ത്ര്യ സമരവിരുദ്ധനും ദലിത് പിന്നോക്ക ജനവിരുദ്ധനുമായിരുന്നു കെ.രാമകൃഷ്ണപിള്ള.അദ്ദേഹം ഇന്ന് സ്വാതന്ത്രസമര നായകനാണു പോലും.

(അദ്ദേഹത്തിന്റെ സമ്പൂർണ്ണ സമാഹാരം അഞ്ചു വാല്യങ്ങളും പരിശോധിച്ചാൽ, കേരള നവോത്ഥാനകാലത്തെ ഏറ്റവും തീഷ്ണവും സജീവവുമായ പ്രശ്നങ്ങളായിരുന്ന ജാതീകൃതമായ അനാചാരങ്ങളായ- തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, കണ്ടുകൂടായ്മ പുളികുടി, തിരണ്ടുകുളി, കെട്ടു കല്യാണം സ്മാർത്തവിചാരം, ശൈശവവിവാഹം, നായർ-നമ്പൂതിരി സംബന്ധം തുടങ്ങിയ അനാചാരങ്ങളെ നിശിതവും രൂക്ഷവുമായി ആക്രമിക്കുന്ന ഒരു ലേഖനമോ മുഖപ്രസംഗമോ ദർശിക്കാനാവില്ല.കാലം ആവശ്യപ്പെടുന്നതും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതുമായ ഒരു മഹാവ്യാധിയായി മനുഷ്യത്വത്തെ നിഷേധിക്കുന്ന ദുരാചാരങ്ങളെ കണ്ടു വിമർശിക്കാൻ രാമകൃഷ്ണപിള്ള ഒരിക്കലും തയ്യാറായില്ല.)


കാറൽ മാർക്സിനെയും ഗാന്ധിജിയേയും സോക്രട്ടീസിനെയും മറ്റും പറ്റിയെഴുതിയ രാമകൃഷ്ണപിള്ള, കേരള നവോത്ഥാന നായകനായ നാരായണ ഗുരുവിന്റെ പേരു പോലും ഒരിടത്തും പരാമർശിക്കാതെ പോയതും ഈ ഹൃദയച്ചുരുക്കം മൂലമായിരുന്നു.

രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ പേരിൽ അന്ന് ഇവിടെ നിലനിന്നിരുന്ന മലയാളം, ഇംഗ്ലീഷ്, തമിഴ് പത്രങ്ങൾ മുഖപ്രസംഗങ്ങൾ എഴുതിയിരുന്നു. അതിൽ ഒരു പത്രം പോലും രാമകൃഷ്ണപിള്ളയുടെ നടപടിയെ അനുകൂലിച്ചെഴുതുകയുണ്ടായില്ല. കേരളത്തിലെ ആഢ്യന്മാരായ ചരിത്രകാരന്മാർ ഇന്ന് ചരിത്ര സത്യത്തെ വളച്ചൊടിക്കുകയാണ്. കേരളത്തിലെ അടിസ്ഥാന ജനതയുടെ ഏറ്റവും വലിയ ശത്രുവായിരുന്നു കെ.രാമകൃഷ്ണപിള്ള. അദ്ദേഹം എരന്നുവാങ്ങിയ നാടുകടത്തലിന്റെ പേരിൽ ഒരു വലിയ രക്തസാക്ഷിയാക്കി പുനരവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ചരിത്ര ബോധമില്ലാത്ത ഒരു വലിയജനതയെ മുന്നിൽ നിർത്തി മാറിമാറി വരുന്ന ഭരണ പ്രതിപക്ഷങ്ങൾ വളരെ ഗോപ്യമായി ചെയ്തു കൊണ്ടിരിക്കുന്നത്. നിലവിൽചരിത്രം വിജയികളുടെ വിജയത്തിന്റെ കഥ മാത്രമാണ്. പരാജിതർക്കും പലതും പറയാനുണ്ടാകും. അത് തന്നാലാവുന്നത്ര ഉച്ചത്തിൽ വിളിച്ചുപറയാൻ ശ്രമിച്ച ശബ്ദമാണ് നിലച്ചത്.

രമേശൻ സാറിന് സ്നേഹപൂർവ്വം ആദരഞ്ജലികൾ അർപ്പിക്കുന്നു…

 Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.