Wed. Apr 24th, 2024

കെ റെയിലില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. സില്‍വര്‍ ലൈന്‍ പ്രത്യേക പദ്ധതിയല്ലെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. പദ്ധതിക്ക് പ്രാഥമിക അനുമതി നല്‍കിയിട്ടുണ്ട്. 2013 ലെ നിയമ പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

കെ റെയിലില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയിയില്‍ കേന്ദ്ര നിലപാട് അറിയിച്ചത്. വിജ്ഞാപന പ്രകാരം സര്‍വേ ആന്‍ഡ് ബൗണ്ടറീസ് നിയമപ്രകാരം സര്‍വേ തുടരുകയാണെന്ന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ കോടതി വിശദീകരണം ആവശ്യപ്പെട്ടു.

2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ വ്യവസ്ഥകള്‍ അനുസരിച്ച് അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. റെയില്‍ കടന്നുപോകുന്ന ജില്ലകളില്‍ നിന്നായി 1221 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനായി 2021 ഒക്ടോബര്‍ 30ന് സര്‍ക്കാര്‍ ഒരു ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവുകള്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.

പദ്ധതിക്കായി 955.13 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനായി ജില്ലകളിലായി 11 സ്‌പെഷല്‍ തഹസില്‍ദാര്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസുകള്‍ സ്ഥാപിച്ച് 2021 ഓഗസ്റ്റ് 18ന് സര്‍ക്കാര്‍ ഉത്തരവിട്ടതായി ചൂണ്ടിക്കാട്ടിയിരുന്നു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.