Fri. Mar 29th, 2024

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിന്‍വലിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്‌ലിം ലീഗിന് മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം ഡോ. എം.കെ മുനീര്‍ എം.എല്‍.എ. വഖഫ് നിയമനത്തിലെ ഗൂഢാലോചന അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മത സംഘടനയാണോയെന്ന് വ്യക്തമാക്കണമെന്നാണ് പിണറായി വിജയന്‍ പറയുന്നത്. പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോയെന്ന് ആദ്യം മറുപടി പറയട്ടെ. വഖഫ് നിയമം മരവിപ്പിക്കുമെന്ന് മതപണ്ഡിതരോട് പറയുന്ന പിണറായി, പാര്‍ട്ടി സമ്മേളനങ്ങളില്‍ പറയുന്നത് അത്തരത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ്. മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നത് പൗരത്വ നിയമത്തിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട് ഒരു കേസും നിലവിലില്ലെന്നാണ്. എന്നാല്‍, സമരം ചെയ്ത സമസ്ത, ലീഗ് പ്രവര്‍ത്തകരെ വലിയ തുക പിഴയടപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.ഡി.പി.ഐയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും തരാതരം ബന്ധം സ്ഥാപിച്ചവരാണിപ്പോള്‍ മുസ്‌ലിം ലീഗ് -ജമാഅത്തെ ഇസ്‌ലാമി ബന്ധത്തെക്കുറിച്ച് പറയുന്നത്. വര്‍ഗീയത ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ലീഗ് എതിര്‍ക്കുമെന്നും എം.കെ മുനീര്‍ പറഞ്ഞു.