Fri. Mar 29th, 2024

ടൊവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി സൂപ്പര്‍ഹിറ്റ്. 30ലധികം രാജ്യങ്ങളില്‍ മിന്നല്‍ മുരളി ആദ്യ പത്തിലുണ്ട്. ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള കഴിഞ്ഞ ആഴ്ചയില്‍, ഇംഗ്ലീഷ് ഇതര സിനിമകളിലെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാമതാണ് സിനിമ. ഇന്ത്യയില്‍ ഇപ്പോഴും മിന്നല്‍ മുരളി ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാമതുണ്ട്. സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

അര്‍ജന്റീന, ബഹാമസ്, ബൊളീവിയ, ബ്രസീല്‍, ചിലി, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഹോണ്ടുറാസ്, ജമൈക്ക, പനാമ, പരാഗ്വേ, പെറു, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഉറുഗ്വെ, മൗറീഷ്യസ്, നൈജീരിയ, ബഹ്‌റൈന്‍, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ, മാല്‍ദീവ്‌സ്, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലാണ് മിന്നല്‍ മുരളി ആദ്യ പത്തിലുള്ളത്. ആഗോള ചലച്ചിത്ര മാര്‍ക്കറ്റിലെ സുപ്രധാന ഇടമായി കണക്കാക്കപ്പെടുന്ന ബ്രസീലില്‍ ചിത്രം ട്രെന്‍ഡിംഗ് ആയത് ഏറെ ശ്രദ്ധേയമാണ്. മലയാള സിനിമകളുടെ ആഗോള മാര്‍ക്കറ്റിലും ഇത് നിര്‍ണായക സ്വാധീനമാവും.
കഴിഞ്ഞ ആഴ്ചയില്‍ മാത്രം 11.44 മില്ല്യണ്‍ മണിക്കൂറുകളാണ് മിന്നല്‍ മുരളി സ്ട്രീം ചെയ്യപ്പെട്ടത്. ഒരാഴ്ചയില്‍ ഏറ്റവും കൂടുതല്‍ സമയം സ്ട്രീം ചെയ്യപ്പെടുന്ന ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡ് ഇതോടെ ഈ മലയാള സിനിമ സ്വന്തമാക്കിയിരുന്നു. ഹസീന്‍ ദില്‍റുബ (10.21 മില്ല്യണ്‍ മണിക്കൂറുകള്‍), മിമി (9.21 മില്ല്യണ്‍ മണിക്കൂറുകള്‍) എന്നീ ബോളിവുഡ് സിനിമകളെയാണ് മിന്നല്‍ മുരളി പിന്തള്ളിയത്.

‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാന്‍. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് വ്‌ളാഡ് റിംബര്‍ഗാണ്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, മാമുക്കോയ, ബിജുക്കുട്ടന്‍, ഫെമിന ജോര്‍ജ്, സ്‌നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.