Monday, January 17, 2022

Latest Posts

സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണം; രണ്ടാം ദിനം വാക്‌സിനെടുത്തത് 98,084 കുട്ടികള്‍; ഇന്ന് 3640 പേര്‍ക്ക് കൊവിഡ്; 2363 പേര്‍ക്ക് രോഗമുക്തി

ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവക്ക് അടച്ചിട്ട മുറികളില്‍ 75 പേരും തുറസ്സായ സ്ഥലങ്ങളില്‍ 150 പേരുമായി പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.

രാത്രികാല നിയന്ത്രണം ഉണ്ടാവില്ല. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണമുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
നിലവില്‍ സംസ്ഥാനത്ത് 181 ഒമിക്രോണ്‍ ബാധിതരാണ് ഉള്ളത്. 80 ശതമാനം പേരും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 15.43 ലക്ഷം കുട്ടികളാണ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരായിട്ടുള്ളവര്‍. ഇതില്‍ 2 ശതമാനം കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ഉടന്‍ ആരോഗ്യവകുപ്പ് പുറത്തിറക്കും.

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 98,084 കുട്ടികള്‍ക്ക് രണ്ടാം ദിനം കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്തെ 9 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.
16,625 ഡോസ് വാക്‌സിനാണ് ജില്ലയില്‍ നല്‍കിയത്. 16,475 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 11,098 പേര്‍ക്ക് വാക്‌സിന്‍ നല്‍കി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 1,36,767 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. രണ്ട് ദിവസം കൊണ്ട് 8.92 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 8023, കൊല്ലം 8955, പത്തനംതിട്ട 4383, ആലപ്പുഴ 10,409, കോട്ടയം 3457, ഇടുക്കി 5036, എറണാകുളം 3082, തൃശൂര്‍ 16,625, പാലക്കാട് 11,098, മലപ്പുറം 2011, കോഴിക്കോട് 2034, വയനാട് 3357, കണ്ണൂര്‍ 16,475, കാസര്‍ഗോഡ് 3139 എന്നിങ്ങനെയാണ് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ നല്‍കിയത്. കുട്ടികള്‍ക്കായി 949 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവര്‍ക്ക് 696 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഉള്‍പെടെ ആകെ 1645 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിനും 80 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.

സംസ്ഥാനത്ത് 3640 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2363 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണം കൂടി കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 423 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 48,637 ആയി.
നിലവിലെ 20,180 കൊവിഡ് കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 222 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട് 79, കാസർക്കോട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,547 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,193 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2354 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 180 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2363 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 571, കൊല്ലം 112, പത്തനംതിട്ട 169, ആലപ്പുഴ 83, കോട്ടയം 15, ഇടുക്കി 21, എറണാകുളം 538, തൃശൂര്‍ 189, പാലക്കാട് 66, മലപ്പുറം 91, കോഴിക്കോട് 269, വയനാട് 61, കണ്ണൂര്‍ 150, കാസര്‍ക്കോട് 28 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 20,180 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,89,100 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.