Thu. Mar 28th, 2024

മുതിര്‍ന്ന നടന്‍ ജികെ പിള്ള(97)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടിലധികമായി സിനിമ, സീരിയല്‍ രംഗത്ത് സജീവമായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തില്‍ അടക്കം പങ്കെടുത്ത പട്ടാളക്കാരനായിരുന്നു. 350ഓളം സിനിമകളില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വാതന്ത്ര്യസമര കാലത്ത് സമരത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ട പതിനാലുകാരന്‍ പയ്യന്‍ പിളള പിന്നീട് വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഒളിച്ചോടി പട്ടാളത്തില്‍ ചേരുന്നത്. സമരത്തിന് കൊടിപിടിക്കാന്‍ ഇറങ്ങിയതോടെ പഠനത്തില്‍ പിന്നാക്കമായതാണ് കര്‍ക്കശക്കാരനായ അച്ഛനും സഹോദരങ്ങളും പ്രശ്നമുണ്ടാക്കി. വീട്ടില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ ഒരു രാത്രി സുഹൃത്തിന്റെ കൈയില്‍ നിന്നും പണം കടംവാങ്ങി പിളള നാടുവിട്ടു.
പിറ്റേന്ന് സ്‌കൂളില്‍ ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നത് കാര്യമറിയാതെ സ്‌കൂളിലേക്ക് ചെന്നുകയറിയപ്പോഴാണ് പട്ടാളത്തിലേക്ക് ആളെ എടുക്കുകയാണ് എന്നുമനസ്സിലാക്കിയത്, പിളളയും അവര്‍ക്കൊപ്പം കൂടി. അങ്ങനെ പട്ടാളക്കാരനായി.

പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് സിനിമയില്‍ പിളള എത്തിച്ചേരുന്നത്. തുണയായത് നാട്ടുകാരനും കളിക്കൂട്ടുകാരനുമായ പ്രേംനസീറുമായുളള ബന്ധവും. പിന്നീട് നസീര്‍ നായകനായ സിനിമകളില്‍ പിളള വില്ലനായി. വടക്കന്‍പാട്ട് ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായി. പിളളയുടെ ശരീരപ്രകൃതി അതിനേറെ സഹായിച്ചു.
ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ വാള്‍പ്പയറ്റും മല്ലയുദ്ധവും കുതിര സവാരിയുമൊക്കെ നടത്തിയിരുന്ന തികഞ്ഞ അഭിനേതാവായിരുന്നു പിളള. എണ്‍പതുകളുടെ അവസാനം വരെ സിനിമകളില്‍ സജീവമായിരുന്ന പിളള മിനിസ്‌ക്രീനിലൂടെയാണ് ഉജ്ജ്വലമായ രണ്ടാംവരവ് നടത്തുന്നത്. കടമറ്റത്ത് കത്തനാരായിരുന്നു ആദ്യ ടെലിവിഷന്‍ സീരിയല്‍. പിന്നീട് കുങ്കുമപ്പൂവിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു.