Friday, May 20, 2022

Latest Posts

ഫേസ്ബുക്ക് കാമുകിയെ കാണാന്‍ മുംബൈയിലേയ്ക്ക് കാല്‍നടയായി വന്ന പാക്കിസ്ഥാന്‍ യുവാവ് പിടിയില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാന്‍ കാല്‍നടയായി മുബൈയിലേക്ക് പോകുകയായിരുന്ന പാക്കിസ്ഥാന്‍ യുവാവ് രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച് പൊലീസ് പിടിയില്‍. അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്‍ പഞ്ചാബിലെ ബഹവല്‍പൂര്‍ ജില്ലയില്‍ താമസിക്കുന്ന മുഹമ്മദ് അമീര്‍ എന്ന 20കാരനാണ് കസ്റ്റഡിയിലായിരിക്കുന്നത്.

മുംബൈയിലെ കാണ്ടിവ്‌ലിയില്‍ നിന്നുള്ള 20കാരിയായ പെണ്‍കുട്ടിയെ കാണാനാണ് 1,300 കിലോമീറ്ററോളം കാല്‍നടയായി യാത്ര ചെയ്യാന്‍ അമീര്‍ തീരുമാനിച്ചത്. കാമുകിയെ കാണാന്‍ പുറപ്പെട്ടതാണെന്നെ യുവാവിന്റെ വാദം രാജസ്ഥാന്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലോക്ഡൗണ്‍ സമയത്ത് പരിചയപ്പെട്ട കാമുകിയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി അമീര്‍ ഇന്ത്യന്‍ വിസക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ അപേക്ഷ നിരസിക്കുകയായിരുന്നു. വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കാണാന്‍ അതിര്‍ത്തി കടക്കാന്‍ പദ്ധതിയിട്ടത്. എങ്ങനെ മുംബൈയില്‍ എത്തുമെന്ന് നിശ്ചയമില്ലാതിരുന്നതിനാലാണ് നടക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഇയാളുടെ അവകാശവാദം സ്ഥിരീകരിക്കാനും പെണ്‍കുട്ടിയെ കണ്ടെത്താനും പ്രത്യേക പൊലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പറയുന്നതെല്ലാം സത്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച അമീര്‍ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നുള്ളയാളാണെന്നും ഡിസംബര്‍ മൂന്നിന് രാത്രി മാതാപിതാക്കളറിയാതെയാണ് ഗ്രാമം വിട്ടെന്നും പൊലീസ് പറഞ്ഞു. നിയമലംഘനത്തിനും മറ്റ് കുറ്റങ്ങള്‍ക്കും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നാണ് ലഭിക്കുന്ന വിവരം.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.