Fri. Mar 29th, 2024

കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ പോലീസ് കഴിഞ്ഞ ജിവസം കസ്റ്റഡിയിലെടുത്ത 156 പേരും അറസ്റ്റില്‍. രാവിലെ 50 പേരുടെ അറസ്റ്റായിരുന്നു സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് 156 പേരും അറസ്റ്റിലായതായി പോലീസ് അറിയിക്കുകയായിരുന്നു. ആദ്യം അറസ്റ്റിലായ 50 പ്രതികള്‍ക്കെതിരെ രണ്ട് എഫ് ഐ ആറിലായി 11 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആക്രമണത്തില്‍ പരുക്കേറ്റ സിഐയുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും പരാതിയിലാണ് എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കന്നത്. എന്നാല്‍ പുതുതായി അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ ഏതെന്ന് വ്യക്തമല്ല.

കുന്നത്തുനാട് സ്റ്റേഷനിലുള്ള ഏതാനും പേരുടെ അറസ്റ്റ്കൂടി ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ ചിലരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടത്തില്‍ സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിലിയിരുത്തിയിരിക്കുന്നത്. പോലീസിന് പുറമെ തൊഴില്‍ വകുപ്പും ആക്രമണം സംബന്ധിച്ച അന്വേണം നടത്തുന്നുണ്ട്. സംഘര്‍ഡഷം ഗൗരവമായി പരിശോധിക്കാനൊരുങ്ങുകയാണ് കേന്ദ്ര എജന്‍സികളും. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സഹായം കൂടി തേടിയാകും അന്വേഷണം. കലാപം ഉണ്ടാക്കാന്‍ ആസൂത്രിതമായി നടന്ന നീക്കം ആണോ എന്നതടക്കം പരിശോധിക്കും. അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ കഴിയുന്ന മേഖലയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളുടെ സ്വാധീനം വര്‍ധിക്കുന്നതായാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. കിറ്റക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. ഇവരില്‍ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികള്‍ വഷളായതോടെ പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇന്‍സ്‌പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പിന്‍മാറിയതോടെ തൊഴിലാളികള്‍.പോലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.