Sat. Apr 20th, 2024

മൂവാറ്റുപുഴ കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത കേസില്‍ 150 പേര്‍ അറസ്റ്റില്‍. കിഴക്കമ്പലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ റെയ്ഡ് തുടരുകയാണ്.

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച ഇവര്‍ പരസ്പരം ഏറ്റുമുട്ടുകയും സംഘര്‍ഷം തടയാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരുടെ ജീപ്പ് കത്തിക്കുകയുമായിരുന്നു. തൊഴിലാളികളുടെ കല്ലേറില്‍ കല്ലേറില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജനുള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിറ്റക്സ് കമ്പനിയിലെ അതിഥി തൊഴിലാളികളാണ് അക്രമം അഴിച്ചുവിട്ടത്. ക്രിസ്മസ് കരോള്‍ നടത്തിയത് സംബന്ധിച്ച തര്‍ക്കമാണ് തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. രാത്രി 12 മണിയോടെയാണ് സംഭവം.

പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെടാനെത്തിയതായിരുന്നു പൊലീസ്. ഇതോടെ തൊഴിലാളികള്‍ പൊലീസിനു നേരെ തിരിഞ്ഞു. സ്ഥലത്ത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ സംഘം ക്യാമ്പ് ചെയ്യുകയാണ്.
കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയത് അഴിഞ്ഞാട്ടമെന്ന് ദൃക്സാക്ഷി സരുൺ പറഞ്ഞു. സുഹൃത്തിന്‍റെ വീട്ടിൽ നിന്നും മടങ്ങിവരുമ്പോഴാണ് രണ്ട് പൊലീസ് ജീപ്പുകൾ സ്ഥലത്ത് കിടക്കുന്നത് കണ്ടത്. പൊലീസ് ഉദ്യോഗസ്ഥനെ തൊഴിലാളികൾ സംഘം ചേർന്ന് മർദിക്കുന്നതാണ് അടുത്തെത്തിയപ്പോൾ കണ്ടത്. പൊലീസുകാരെ വാഹനത്തിന് പുറത്തിറങ്ങാൻ സമ്മതിക്കാതിരുന്ന അക്രമികൾ കല്ലേറ് നടത്തി. വാഹനത്തിന്‍റെ താക്കോൽ അക്രമികളിലൊരാൾ കൈക്കലാക്കി.

ഡ്രൈവറുടെ കൈ അക്രമികൾ ചവിട്ടിയൊടിച്ചു. കല്ലേറിൽ മറ്റ് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ തലക്കാണ് കല്ല് കൊണ്ടത്. വാഹനത്തിനുള്ളിൽ പൊലീസുകാരെ തടഞ്ഞുവെച്ച തൊഴിലാളികൾ പിന്നീട് തീയിട്ടു. പ്രാണരക്ഷാർഥം പൊലീസുകാർ വാഹനത്തിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇതിന് പിന്നാലെ വാഹനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സംഘർഷം രൂക്ഷമായതോടെ വിവരം കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലും കൺട്രോൾ റൂമിലും അറിയിക്കുകയായിരുന്നുവെന്ന് സരുൺ പറഞ്ഞു.