Fri. Apr 19th, 2024

വിവാഹപ്രായം ഇരുപത്തിയൊന്നാക്കുന്നതിനെ സ്വാഗതം ചെയ്ത് മാര്‍ത്തോമ സഭ. പക്വതയോടെ ചുമതല ഏറ്റെടുക്കാന്‍ 21 വയസ്സിലെ വിവാഹം മൂലം സാധിക്കും. സ്ത്രീക്കും പുരുഷനും തുല്യപ്രായത്തില്‍ വിവാഹം എന്നത് സ്വീകാര്യമാണെന്നും മാര്‍ത്തോമാ സഭാധ്യക്ഷന്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത പറഞ്ഞു.

അതേസമയം, എല്‍ ഡി എഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനെ സഭ പൂര്‍ണ്ണമായും തള്ളാതെ രംഗത്ത് വന്നു. വേഗതയേറിയ യാത്രക്ക് സൗകര്യമൊരുങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. തത്വത്തില്‍ പദ്ധതിയെ ഏവരും അംഗീകരിക്കണം. തീരപ്രദേശങ്ങളെക്കൂടി പദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, വികസന പദ്ധതി ആവാസ വ്യവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കരുതെന്നും തിയഡോഷ്യസ് മെത്രപ്പൊലീത്ത വ്യക്തമാക്കി. വീടുകള്‍ ഭൂമി എന്നിവ വലിയ തോതില്‍ നഷ്ടപ്പെടുത്തുന്നുവെങ്കില്‍ പദ്ധതി സ്വീകാര്യമല്ലെന്നും ജനങ്ങളുടെ ആശങ്ക സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.