Sat. Apr 20th, 2024

ഇനി ഇസ്ളാമിന്റെ പരിസരത്ത് താൻ ഉണ്ടാകില്ലെന്ന് എഴുത്തുകാരനും സാംകാരിക പ്രവര്‍ത്തനുമായ കമല്‍ സി നജ്മല്‍. താൻ ഇസ്ലാം ഉപേക്ഷിക്കുന്നതായി അറിയിച്ചുകൊണ്ട് അദ്ദേഹം തന്നെയാണ് ഫെയ്‌സ്‌ബുക്കിൽ കുറിപ്പ് ഇട്ടിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് കമല്‍ സി ചവറ, കമല്‍ സി നജ്മല്‍ എന്ന പേര് മാറ്റി ഇസ്ലാം മതം സ്വീകരിച്ചത്.

സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായ നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് കാട്ടിയ അനാദരവിന്‍റെ പേരിലാണ് താൻ ഇസ്ലാമിലേക്ക് മാറുന്നത്തെന്ന് ആയിരുന്നു ആദ്യംപറഞ്ഞതെങ്കിലും. പിന്നീട് താൻ അതുകൊണ്ടുമാത്രമല്ല വിശ്വാസത്തിൻറെ പേരിലാണ് മതം മാറിയതെന്നും പറഞ്ഞിരുന്നു. സെക്രട്ടറിയേറ്റ് പടിക്കൽ വെച്ച് ആചാരപരമായി കലിമ ചൊല്ലിയാണ് ഇദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതും പിന്നീട് ഇസ്ലാം മത പ്രഭാഷകനായി മാറിയതും. 

എന്നാല്‍ ഇപ്പോള്‍ തന്റെ നിലപാടുകള്‍ തെറ്റായിപ്പോയി എന്നും അതുകൊണ്ട് രാഷ്ട്രീയം കൊണ്ടും ജീവിതം കൊണ്ടും തെറ്റ് തിരുത്തുകയാണെന്നും സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു.

പുരോഹിതന്മാര്‍ക്ക് പള്ള വീര്‍പ്പിക്കുന്നതിനുള്ള ഒരിടമായി മത ധാര്‍മ്മികത മാറി. വര്‍ഗ്ഗീയ ഫാസിസത്തിനെതിരേ മൗലിക വാദം യാഥാസ്ഥിതികത്വത്തിന് ബദലാകുന്ന വഴി സമൂഹത്തെ കൂടുതല്‍ അപകടത്തിലേക്ക് കൊണ്ട് പോകുമെന്നും അദ്ദേഹം കുറിച്ചു. അടുത്ത് ഉണ്ടായ സംഭവവികാസങ്ങള്‍ ആ വിശ്വാസത്തിന് അടിവരയിടുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തെ മതപൗരോഹിത്യം അവരുടെ വാശിക്കും അബദ്ധജഡിലമായ വിശ്വാസത്തിനുമുള്ള വഴിയായി കാണുന്നു. ചില ലോബികള്‍, വെറുപ്പിന്റെ കൂട്ടായ്മകള്‍, കോക്കസ് പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയവ ഇസ്ലാമിനെ അതിന്റെ വെളിച്ചം കെടുത്തുന്നതിന് കാരണമാകുന്നു. യാഥാസ്ഥിതികത്വവും പിന്തിരിപ്പന്‍ സമീപനങ്ങളും ഇസ്ലാമിനെ നാശത്തിലേക്കാണ് നയിക്കുന്നത്.

രാഷ്ട്രീയ പ്രഖ്യാപനമെന്ന നിലയില്‍ ഇസ്ലാമിലേക്ക് കടന്ന് വന്ന തനിക്ക് ചുരുങ്ങിയ കാലം കൊണ്ട് മലീമസമായ അതിന്റെ ചുറ്റുപാടുകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് രാഷ്ട്രീയം കൊണ്ടും ജീവിതം കൊണ്ടും സ്വയം തിരുത്തുന്നു. ഇനീ ഇസ്ലാമിന്റെ പരിസരത്ത് താന്‍ ഉണ്ടാകില്ല. മതത്തിലൂന്നിയുള്ള പ്രതിരോധം ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് വളക്കൂറുള്ള മണ്ണ് നല്‍കുന്നു. അതുകൊണ്ട് സ്വയം തിരുത്തുന്നു. ഒരു മതത്തിന്റെ പ്രാതിനിധ്യത്തിലും താന്‍ ഇനി ഉണ്ടാവില്ല. മതാതീതമായ കൂട്ടായ്മകള്‍ക്ക് താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു.