Wed. Apr 24th, 2024

കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാറിന്റെ വാദം അംഗീകരിച്ച കോടതി ഗോപിനാഥ് രവീന്ദ്രന് വി സി സ്ഥാനത്ത് തുടരാമെന്നും വിധി പറഞ്ഞ ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിക്കാതെയാണ് സിംഗിള്‍ ബെഞ്ച് തള്ളിയിരിക്കുന്നത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ്, അക്കാഡമിക് കൗണ്‍സില്‍ അംഗങ്ങള്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.

നിയമപരമായി നിലനില്‍ക്കാത്ത ഹരജിയാണ് സമര്‍പ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജി രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും സര്‍വകലാശാല ചടങ്ങള്‍ക്ക് വിരുദ്ധമല്ലെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പുനര്‍നിയമനവുമായി ഗവര്‍ണര്‍ നല്‍കിയ സത്യവാങ്മൂലം കോടതിയില്‍ നിര്‍ണായകമാകുകയായിരുന്നു.

പ്രതിപക്ഷം ഈ വിഷയം ചൂണ്ടിക്കാട്ടി വലിയ തോതില്‍ പ്രക്ഷോഭം നടത്തുന്നതിനിടെ ഹൈക്കോടതിയില്‍ നിന്ന് ലഭിച്ച വിധി സര്‍ക്കാറിന് വലിയ ആശ്വാസം നല്‍കുന്നതാണ്. വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകുമെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.