Monday, January 24, 2022

Latest Posts

വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ ഉടന്‍ വാക്‌സീന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി; കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കൊവിഡ്

വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ ഉടന്‍ വാക്‌സീന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങള്‍ സജ്ജമായത് കൊണ്ടാണ് കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനായാതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, കൊവിഡ് കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നത് നേരത്തെ രോഗം ബാധിക്കാത്ത ഒരുപാട് പേര്‍ ഇവിടെയുള്ളത് കൊണ്ടാണെന്നും പിണറായി വിജയന്‍ ചൂണ്ടികാട്ടി.

ഏത് കാര്യത്തിന് വ്യത്യസ്ത അഭിപ്രായം ഉള്ളവര്‍ ഉണ്ട്. വാക്‌സീന്‍ എടുക്കാത്തവര്‍ രോഗികളായാല്‍ ചെലവ് സ്വയം വഹിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, ഇനിയും വാക്‌സീന്‍ എടുക്കാത്തവര്‍ എത്രയും പെട്ടന്ന് വാക്‌സീന്‍ എടുക്കണം. കൊവിഡ് എറ്റവും മൂര്‍ച്ഛിചപ്പോഴും നമ്മുടെ ശേഷിക്കപ്പുറം രോഗം പോയില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ അത്ര കണ്ട് സജ്ജമായിരുന്നത് കൊണ്ടാണ് രോഗവ്യാപനം പരിധി വിടാതിരുന്നതെന്നും അത് കൊണ്ടാണ് എറ്റവും കുറഞ്ഞ മരണ നിരക്ക് നിലനിര്‍ത്താനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇത് വരെ 96 ശതമാനം പേര്‍ ആദ്യ ഡോസും, 65 ശതമാനം പേര്‍ രണ്ടാം ഡോസും വാക്‌സീന്‍ എടുത്തു. പതിനഞ്ചാം തീയതിക്കുള്ളില്‍ രണ്ടാം ഡോസ് പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറയുന്നു.

കൊവിഡ് വ്യാപിക്കുന്നു എന്നു ചിലര്‍ പറയുന്നുണ്ട്. കൊവിഡ് ബാധിക്കാത്ത നിരവധി പേര്‍ കേരളത്തില്‍ ഉള്ളതു കൊണ്ടാണിതെന്നാണ് പിണറായി വിജയന്‍ വിശദീകരിച്ചു. എല്ലായിടത്തും വലിയ കൊവിഡ് ബാധ ഉണ്ടായപ്പോള്‍ നമ്മള്‍ പ്രതിരോധം തീര്‍ത്തു, കുറ്റപ്പെടുത്തുന്നവര്‍ക്ക് ഇത് മനസ്സിലാകാത്തതു കൊണ്ടല്ല അവര്‍ പ്രചരണം നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വിദേശ രാജ്യങ്ങളില്‍ നിന്ന് കുട്ടികള്‍ ഇവിടെ പഠിക്കാന്‍ വരുന്ന സാഹചര്യം ഉണ്ടാകണമെന്നും പറഞ്ഞു. ആരും ജീവിക്കാന്‍ കൊതിക്കുന്ന നാടാണിത്.
കൂടാതെ, 40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പിണറായി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യഘട്ടം ഉടന്‍ ഉണ്ടാകുമെന്നും വര്‍ക്ക് ഫ്രം ഹോമും വര്‍ക്ക് നിയര്‍ ഹോമും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവത കൂടുതല്‍ ഉണര്‍വിലേക്കു നീങ്ങണമെന്നാണ് ആഹ്വാനം.

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട് 130, കാസര്‍ഗോഡ് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,650 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,59,936 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4714 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 271 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 40,072 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 106 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,902 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 221 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5180 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 805, കൊല്ലം 553, പത്തനംതിട്ട 199, ആലപ്പുഴ 125, കോട്ടയം 564, ഇടുക്കി 175, എറണാകുളം 1029, തൃശൂര്‍ 464, പാലക്കാട് 175, മലപ്പുറം 156, കോഴിക്കോട് 388, വയനാട് 186, കണ്ണൂര്‍ 225, കാസര്‍ഗോഡ് 136 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 40,072 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,91,224 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.