Thu. Mar 28th, 2024

മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. നിയമനം അംഗീകരിച്ചാല്‍ സര്‍ക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം തീരുമാനങ്ങള്‍ വ്യാപകമായുള്ള പിന്‍വാതില്‍ നിയമനത്തിന് കാരണമാകുമെന്ന് കോടതി പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്ക് വരെ ആശ്രിത നിയമനം നല്‍കേണ്ടി വരും. എംഎല്‍എ മാരുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ആശ്രിത നിയമനം പാടില്ല. ഇത്തരം നിയമനങ്ങള്‍ കേരള സര്‍വീസ് ചട്ടം അനുസരിച്ച് നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആശ്രിത നിയമനം റദ്ദാക്കിയുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

യോഗ്യതയുളളവര്‍ പുറത്തു കാത്തു നില്‍ക്കുമ്പോള്‍ പിന്‍വാതിലിലൂടെ ചിലര്‍ നിയമിക്കപ്പെടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ മരണപെട്ടാല്‍ അവരുടെ കുടുംബത്തിന് സഹായം നല്‍കാനാണ് ആശ്രിത നിയമനം.

എംഎല്‍എമാരുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇത്തരം നിയമനം നല്‍കാന്‍ കേരള സര്‍വീസ് ചട്ടം അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കുന്നു.