Monday, January 24, 2022

Latest Posts

ഡിസംബർ 6: ഭരണഘടനാ ശില്പി, ഡോ. ബി ആർ അംബേദ്കർ ഓർമ്മ ദിനം

✍️ സുരേഷ്. സി ആർ

“ഇന്ത്യ നന്നാവണമെങ്കിൽ ഹിന്ദുമതം നശിക്കുക തന്നെ വേണം”

”ഹിന്ദുമതം ഹിറ്റ്ലറുടെ നാസിസത്തെക്കാൾ ഭീകരമാണ്. അത് ഹിംസ കൂടാതെയും മനുഷ്യരെ കൊന്നൊടുക്കുന്നു”

“ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യം എത്രമാത്രം ആവശ്യമാണോ അത്രതന്നെയാവശ്യമാണ് തൊട്ടുകൂടാത്തവർക്ക് ഹിന്ദുക്കളിൽ നിന്നുള്ള സ്വാതന്ത്ര്യം”

“ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നതും ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതും അവസാനിപ്പിക്കുക”
”ഹിന്ദുമതം സംയോജനത്തിനു പകരം വിഭജനത്തിനുവേണ്ടിയാണ് ധർമോപദേശം നൽകുന്നത്. ഒരു ഹിന്ദുവായിരിക്കുക എന്നതിനർത്ഥം കൂടിച്ചേരാതിരിക്കുക, എല്ലാറ്റിനും വേറിട്ടു നിൽക്കുക എന്നാണ്…
വിഭജിച്ച് നിർത്തുക എന്നതാണ് ഹിന്ദുമതത്തിന്റെ യഥാർഥ പ്രതിഭ…
വിഭജനത്തിന്റെ മറ്റൊരു പേരാണ് ജാതി. പൊതുവായി പറഞ്ഞാൽ ഹിന്ദുമതവും, സാമൂഹ്യമായ ഐക്യവും പരസ്പരവിരുദ്ധമാണ്. നമുക്ക് ഒന്നായിത്തീരണമെന്നുണ്ടെങ്കിൽ അവർക്ക് ഹിന്ദുമതം തിരസ്ക്കരിക്കേണ്ടി വരും. ഹിന്ദുമതത്തെ അതിലംഘിക്കാതെ അവർക്കൊന്നായിതീരുക സാധ്യമല്ല”

“അയിത്തമെന്നത് ഹ്രസ്വവും താൽക്കാലികവുമായ സവിശേഷതയല്ല, അത് തികച്ചും സ്ഥിരമാണ്. തെളിച്ചുപറഞ്ഞാൽ അയിത്തജാതിക്കാരും ഹിന്ദുക്കളും തമ്മിലുള്ള പോരാട്ടം സ്ഥിരമായ ഒരു പ്രതിഭാസമാണ്. ഇത് മാറ്റമില്ലാത്തതാണ്. കാരണം ജാതി ഹിന്ദുക്കളുടെ വിശ്വാസപ്രകാരം നിങ്ങളെ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ പ്രതിഷ്ഠിച്ച മതം തന്നെ മാറ്റമില്ലാത്തതാണ്.”

“ജാതിവ്യവസ്ഥയുടെ ഉപോൽപ്പണമാണ് പുറത്താക്കപ്പെട്ടവൻ. ജാതികൾ ഉള്ളിടത്തോളം ബഹിഷ്കൃതരും ഉണ്ടാകും. ജാതിവ്യവസ്ഥയുടെ നാശമല്ലാതെ മറ്റൊന്നിനും പുറത്താക്കപ്പെട്ടവരെ മോചിപ്പിക്കാനാവില്ല”
(മനുവിന്റെ ഭ്രാന്ത് അഥവാ സങ്കര ജാതിയുടെ ഉൽപ്പത്തി ഡോ.ബി.ആർ.അംബേദ്കർ.)

കീഴാളവർഗ്ഗങ്ങളെപ്പറ്റി ആഴത്തിൽ പഠിക്കുകയും ചിന്തിക്കുകയും ചെയ്ത മനുഷ്യസ്നേഹിയും ഭരണനിപുണനുമായിരുന്നു ഡോ.ബി ആർ അംബേദ്കർ (1891 – 1956).

യുഗയുഗാന്തരങ്ങളായി നിലനിന്ന പ്രാകൃതവും മനുഷ്യരാശി മറ്റൊരിടത്തും അനുഭവിച്ചിട്ടില്ലാത്തതുമായ ജാതിശ്രേണിയിലെ ഏറ്റവും താഴെത്തട്ടിലെ ‘മഹർ’ ജാതിയിൽ പിറന്ന ദാദാസാഹേബ് അംബേദ്കറുടെ ജീവിതവും പോരാട്ടവും അനന്യസാധാരണമായ അറിവിന്റെയും ആദർശശുദ്ധിയുടെയും വിപ്ളവവീര്യത്തിന്റെയും ഇതിഹാസമാണ്.

ഭീംറാവു അംബവാഡേക്കർ (അംബവാഡേ ഗ്രാമക്കാരൻ) എന്നായിരുന്നു സ്കൂൾ രജിസ്റ്ററിലെ പേര്. ഭീംറാവുവിന് സ്കൂളിൽ ഇഷ്ടപ്പെട്ട അധ്യാപകനായിരുന്നു ബ്രാഹ്മണനായ അംബേദ്കർ. അധ്യാപകന് തിരിച്ചും ഭീംറാവുവിനെ ഇഷ്ടമായിരുന്നു. ആ ഇഷ്ടം വളർന്നാണ് അംബവാഡേക്കർ എന്ന പേരിന് പകരം ഗുരുവിന്റെ പേരു ചേർത്ത് ഭീംറാവു അംബേദ്കർ ആയത്.

സഹപാഠികൾ ബെഞ്ചുകളിൽ നിരന്നിരിക്കവെ ദളിതനായതുകൊണ്ട്‌ നിലത്ത്‌ പഴയൊരു ചാക്കിലിരുന്നാണ്‌ അംബേദകർ പഠിച്ചത്‌. താഴ്ന്ന ജാതിക്കാരനായിരുന്നതുകൊണ്ട് ജീവിതത്തിലുടനീളം അവഗണനയെ നേരിടേണ്ടി വന്നു. ബറോഡ മഹാരാജാവ് സായ്ജിറാവു ഗെയ്ക്വാദ് സദയം അനുവദിച്ചു നല്കിയ ഇരുപത്തഞ്ചു രൂപ സ്ക്കോളർഷിപ്പാണ്‌ അംബേദ്കറെ എൽഫിൻസ്റ്റൺ കോളേജിലെത്തിച്ചത്.

1912-ൽ ബി.എ. ബിരുദമെടുത്തു. 1913-ൽ കൊളംബിയ യൂണിവേഴ്സ്സിറ്റിയിൽ ചേർന്ന അംബേദ്കർ ധനശാസ്ത്രം, രാഷ്ട്രതന്ത്രം, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ എം.എ. ബിരുദമെടുത്തു. നാട്ടിലേക്ക്‌ മടങ്ങാതെ അദ്ദേഹം അവിടെത്തന്നെ പഠനഗവേഷണങ്ങളിൽ മുഴുകി. “ദി എവല്യൂഷൻ ഓഫ്‌ പ്രോവിൻഷ്യൽ ഫൈനാൻസ്‌ ഇൻ ബ്രിട്ടീഷ്‌ ഇന്ത്യ” എന്ന തീസിസ്‌ അവതരിപ്പിച്ച്‌ പി.എച്ച്‌.ഡി. നേടി…

മറ്റാരേക്കാളും പിന്നോക്ക വർഗ്ഗത്തിന്റെ ജീവിതപ്രശ്നങ്ങൾക്ക്‌ വ്യക്തമായൊരു രൂപരേഖ പ്രദാനം ചെയ്യാൻ ഡോക്ടർ അംബേദ്കർക്ക്‌ കഴിഞ്ഞു. അതിനു വേണ്ടി 1920 ജനുവരി 31-ൽ “മൂകനായക്‌’ ദ്വൈവാരിക തുടങ്ങി.
1927-ൽ മുംബൈ നിയമസഭയിൽ നോമിനേറ്റഡ്‌ അംഗമായിരിയ്ക്കെ ‘ബഹിഷ്കൃത ഭാരതം’ എന്ന മറാത്തി പത്രം ആരംഭിച്ചു. ആ വർഷം തന്നെ ‘ഡിപ്രസ്സ്ഡ്‌ ക്ലാസ്സെസ്‌ എഡ്യുക്കേഷണൽ സൊസൈറ്റി’ എന്ന സ്ഥാപനത്തിനും രൂപം നലകി.

1930-ൽ നാസിക്കിലെ കലാറാം ക്ഷേത്രത്തിൽ പിന്നോക്കക്കാർക്ക് പ്രവേശനം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു.

1937-ൽ ബോംബെ നിയമസഭാംഗമായി.
1942-46-ൽ വൈസ്രാേയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ ലേബർ മെമ്പറായി.

1947-ൽ സ്വതന്ത്ര്യാനന്തരം ആദ്യ നിയമ മന്ത്രിയും ഭരണഘടനാ നിർമാണ കമ്മിറ്റി ചെയർമാനുമായി.

1949 നവംബർ 26- ന്‌ അംബേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണഘടന രാഷ്ട്രം അംഗീകരിച്ചു.

ജവാഹർലാൽ നെഹ്റുവും രാജേന്ദ്ര പ്രസാദും ഗോപാലസ്വാമി അയ്യങ്കാരും അല്ലാടി കൃഷ്ണസ്വാമി അയ്യരും അടങ്ങിയ കോൺസ്‌റ്റിറ്റുവന്റ് അസംബ്ളിയിൽ ഭരണഘടനയെ ‘പൈലറ്റ് ചെയ്തുകൊണ്ട് അംബേദ്കർ നടത്തിയ പ്രഭാഷണങ്ങളും ഇടപെടലുകളുമാണ് ഇന്ന് ഇന്ത്യൻ ന്യായപീഠങ്ങളുടെ ആത്യന്തികമായ വേദവാക്യങ്ങൾ.
1951 ഫെബ്രുവരി 5-ന്‌ പാരലമെന്റിൽ ഹിന്ദുകോഡ്‌ ബിൽ അവതരിപ്പിച്ചു.
ഹിന്ദുസമൂഹത്തിൽ നിലനിൽക്കുന്ന അനാചാരങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സ്‌ത്രീപീഡനങ്ങളും അവസാനിപ്പിക്കാനുള്ള ഒരു നിയമനിർമാണമായിരുന്നു അത്. ദളിതരെ സംബന്ധിച്ചും പിന്നോക്കക്കാരെ സംബന്ധിച്ചും മാത്രമല്ല മേൽജാതിക്കാരുടെ ഇടയിൽ നിലനില്‍ക്കുന്ന അനീതിയും അന്യായങ്ങളും അവസാനിപ്പിക്കുക, കുടുംബസ്വത്തിൽ സ്‌ത്രീകൾക്ക് അവകാശം നല്‍കുക, ബഹുഭാര്യാത്വം അവസാനിപ്പിക്കുക, വിധവാവിവാഹം അനുവദിക്കുക, വിവാഹമോചനവും വിവാഹവും നീതിയുക്തവും ചിട്ടപ്പടിയുമായ നിയമം മുഖേന ആകുക എന്നതെല്ലാം അടങ്ങുന്ന ഈ നിയമസംഹിതയാണ് ‘ഹിന്ദുകോഡ് ബിൽ’.

ആർ എസ് എസ് പിന്തുണയുള്ള ഹൈന്ദവ വർഗീയവാദികൾ മാത്രമല്ല പ്രഥമ പ്രസിഡന്റായിരുന്ന രജേന്ദ്രപ്രസാദിനെപ്പോലുള്ള കോൺഗ്രസുകാരും ഈ ബില്ലിനെ എതിർത്തു. പ്രധാനമന്ത്രി നെഹ്റു അതിന് അനുകൂലമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പാർടിയുടെ പിന്തുണ നേടാൻ കഴിഞ്ഞില്ല. നിയമം പാസാകത്തതിൽ പ്രതിഷേധിച്ച് സെപ്തംബർ 27-ന് മന്ത്രിസഭയിൽനിന്ന് രാജിവച്ചു.
മുതലാളിത്തത്തിന്റെ ചൂഷണരീതികളെക്കുറിച്ച്‌ ബോധവാനായ അംബേദ്കർ മുതലാളിത്തവും ബ്രാഹ്മണ്യവും ദളിത്‌ വർഗ്ഗത്തിന്റെ പ്രധാന ശത്രുക്കളായി കരുതിയതുകൊണ്ട് ഹിന്ദുമതത്തെയോ അതിന്റെ ഭദ്രത നിലനിർത്തേണ്ട ആവശ്യത്തെയോ അംഗീകരിച്ചിരുന്നില്ല. മനുവും നാരദനും യാജ്ഞവല്‍ക്യനും സൃഷ്‌ടിച്ച സ്‌മൃതികളിലെ ജാതിവിവേചനമാണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം കരുതി.

1927-ൽ ജാതിവ്യവസ്ഥയെ ന്യായീകരിക്കുന്നതിന്റെ പേരിൽ ‘മനുസ്മൃതി’ കത്തിച്ചു.

ഹിന്ദുമതത്തിൽ തുടരുന്നതുപോലും അധഃസ്ഥിതർക്ക് ആപത്താണെന്ന തന്റെ ചിരകാല വിശ്വാസം പ്രാവര്‍ത്തികമാക്കാൻ
1956 ഒക്ടോടോബർ 14-ന് മൂന്നുലക്ഷത്തോളം അനുയായികളോടൊപ്പം നാഗ്‌പൂരിൽ വച്ച് ബുദ്ധമതം സ്വീകരിച്ചു. അവര ഇപ്പോള്‍ ‘നിയോബുദ്ധിസ്റ്റുകൾ’ എന്ന പേരിലാണ് സെൻസസ് റിപ്പോർട്ടിൽ പേരുചേർക്കുന്നത്.
മുഖ്യ കൃതികൾ: തോട്ട്സ്‌ ഓഫ് പാക്കിസ്ഥാൻ, അയിത്തജാതിക്കാർ, ബുദ്ധന്റെ വിശേഷം, ബുദ്ധനും കാൾമാർക്സും, ഹിന്ദുമതപ്രഹേളിക, വിപ്ലവവും പ്രതിവിപ്ലവവും ഇന്ത്യയിൽ, ബുദ്ധനും അദ്ദേഹത്തിന്റെ ധർമവും.

1936 ലെ ലാഹോർ ജാത്-പാത്-തോടക് മണ്ഡലിന്റെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കാനായി ബി. ആർ അംബേദ്‌കർ തയ്യാറാക്കിയ പ്രസംഗമാണ് ‘ജാതി ഉന്മൂലനം’ എന്ന പുസ്തകം. അന്ന് ഹിന്ദു വർഗീയവാദികളുടെ എതിർപ്പിനെ തുടർന്ന് പ്രസംഗം നടത്താൻ കഴിഞ്ഞില്ല.

 Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.