Tue. Mar 19th, 2024

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവെ അന്തരിച്ചു. കൊവിഡിനെത്തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് മരണ കാരണം. 67 വയസായിരുന്നു. കഴിഞ്ഞ ആഴ്ച കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നാല് പതിറ്റാണ്ട് നീണ്ടു നിന്ന മാധ്യമ ജീവിതത്തിനാണ് ദുവെയുടെ മരണത്തോടെ അന്ത്യമാവുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിന് പുതിയ മാനം നല്‍കിയത് അദ്ദേഹമായിരുന്നു. 80കളില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച് ദുവെ അവസാനകാലത്ത് നവമാധ്യമങ്ങളുടെ കാലത്തും തന്റേതായ ഇടം മാധ്യമ മേഖലയില്‍ കണ്ടെത്തിയിരുന്നു. 1996 ല്‍ രാംനാഥ് ഗോയങ്ക അവാര്‍ഡ് നേടുമ്പോള്‍ ഈ അവാര്‍ഡിന് അര്‍ഹമാവുന്ന ആദ്യ ഇലക്ട്രോണിക് മീഡിയാ മാധ്യമ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 2008 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
ഭരിക്കുന്ന പാര്‍ട്ടികളുടെ അരുതായ്മകള്‍ക്ക് നേരെ രാജ്യത്തിന്റെ ഔദ്യോഗിക പ്രക്ഷേപകരായ ദൂരദര്‍ശന്‍ കണ്ണടക്കുന്നു എന്ന വിമര്‍ശനമുയര്‍ന്നപ്പോഴൊക്കെ അദ്ദേഹത്തിന്റെ കാലത്തെ അപവാദമായിരുന്നു വിനോദ് ദുവെ.

കൊവിഡ് ബാധിതയായ അദ്ദേഹത്തിന്റെ ഭാര്യ പദ്മാവതി ദുവെ കഴിഞ്ഞ ജൂണില്‍ വിടവാങ്ങിയിരുന്നു. നടി മല്ലികാ ദുവെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ബാകുല്‍ ദുവെയും മക്കളാണ്.