Tue. Mar 19th, 2024

കാര്‍ഷിക നിയമങ്ങള്‍ റദ്ദായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കാനുള്ള ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചര്‍ച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും മിനിറ്റുകള്‍ക്കകം പാസ്സാക്കിയത്.

ബില്ലില്‍ ചര്‍ച്ചകള്‍ വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇരുസഭകളിലും പ്രതിപക്ഷം ബഹളംവെച്ചിരുന്നു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചിരുന്നത്. എല്ലാ പാര്‍ട്ടികളും ബില്ലിനെ അനുകൂലിക്കുന്നുവെന്നും ആരും എതിര്‍ക്കുന്നില്ലെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. നേരത്തെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു.

ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയിരുന്നത്. ബില്ലിന്മേല്‍ ചര്‍ച്ച നടത്താത്തതിനെ പ്രതിപക്ഷം ലോക്‌സഭയില്‍ എതിര്‍ത്തിരുന്നു. നിയമം പിന്‍വലിക്കും മുമ്പ് അഞ്ചോ ആറോ തവണ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.