Thu. Apr 25th, 2024

51മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന സിനിമകള്‍ക്ക് അംഗീകാരം ലഭിച്ചതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി അവാര്‍ഡ് ദാനച്ചടങ്ങില്‍ പറഞ്ഞു.

മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം സിദ്ധര്‍ത്ഥ് ശിവയും മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സുധീഷും സ്വഭാവ നടിക്കുള്ള പുരസ്‌ക്കാരം ശ്രീരേഖയും ഏറ്റുവാങ്ങി.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സംവിധാനം ചെയ്ത ജിയോ ബേബി, സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, എഡിറ്റര്‍ മഹേഷ് നാരായണന്‍, മികച്ച ഗായകന്‍ ഷബാസ് അമന്‍, ഗായിക നിത്യമാമന്‍ എന്നിവരും പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി. ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട അയ്യപ്പനും കോശിയുടെയും പുരസ്‌ക്കാരം അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ഭാര്യ സിജി ഏറ്റുവാങ്ങി.

അയ്യപ്പനും കോശിയിലെ പാട്ടിനും അഭിനയത്തിനുമുള്ള പ്രത്യേക പുരസ്‌ക്കാരം നാഞ്ചിയമ്മ ഏറ്റുവാങ്ങി. വസ്ത്രാലങ്കാരത്തിനുള്ള പ്രത്യേക പുരസ്‌ക്കാരം നളിനി ജമീലയും ഏറ്റുവാങ്ങി. അവാര്‍ഡ് ദാനത്തിന് ശേഷം സംസ്ഥാന അവാര്‍ഡ് ജേതാവായ എം ജയചന്ദ്രന്റെ നേതൃത്വത്തില്‍ പ്രിയ ഗീതമെന്ന സംഗീത നിശയും നടന്നു.