Thu. Apr 18th, 2024

ആലുവയില്‍ നിയമവിദ്യാര്‍ഥിനി മൊഫിയ പര്‍വീന്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച്ഡി വൈ എസ് പി വി രാജീവന്റെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. നേരത്തെ ആലുവ ഡി വൈ എസ് പി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു പോലീസ് അന്വേഷണം.

കേസിലെ മൂന്ന് പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ട സാഹചര്യത്തിലാണ് ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള പോലീസില്‍ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന മൊഫിയ (21) തിങ്കളാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടില്‍ ആത്മഹത്യചെയ്തത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈല്‍, ഇവരുടെ മാതാപിതാക്കള്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഗാര്‍ഹിക പീഡന കേസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത ആലുവ സി ഐക്കെതിരെ മൊഫിയ ആത്മഹത്യക്കുറിപ്പില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.