Fri. Mar 29th, 2024

രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി ജീവനക്കാരെ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. ഇതുകൂടാതെ സെക്യൂരിറ്റി ജീവനക്കാരെ നല്‍കിയ ഏജന്‍സിക്ക് അടിയന്തരമായി നോട്ടീസയച്ച് ആവശ്യമെങ്കില്‍ ഈ ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിലല്ലായിരുന്നു ആരോപണ വിധേയരായ സെക്യൂരിറ്റി ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇനിമുതല്‍ എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോര്‍ട്ടിംഗും ദൈനംദിന പ്രവര്‍ത്തനങ്ങളുമെല്ലാം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴില്‍ നടത്തണമെന്നും നിര്‍ദേശം നല്‍കി. ഇതോടൊപ്പം ഈ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

ചിറയിന്‍കീഴ് സ്വദേശി അരുണ്‍ ദേവിനായിരുന്നു കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന അരുണ്‍ദേവില്‍ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങി. എന്നാല്‍ ഇത് തിരികെ ചോദിച്ചപ്പോള്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ അരുണ്‍ദേവിനെ മര്‍ദ്ദിക്കുകയായിരുന്നു. തന്നെ അകത്തേക്ക് വലിച്ച് കൊണ്ടുപോയി ഗേറ്റ് പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നും ഇത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചയാളെ സെക്യൂരിറ്റി ജീവനക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അരുണ്‍ദേവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
മര്‍ദ്ദനമേറ്റ അരുണ്‍ദേവിന്റെ അമ്മൂമ്മ ജനമ്മാള്‍ ഇന്ന് വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തു. ജനമ്മാളിന് കൂട്ടിരിക്കാനായിരുന്നു അരുണ്‍ദേവ് ആശുപത്രിയില്‍ എത്തിയത്. പ്രതികള്‍ക്കെതിരെ ഇതിന് മുമ്ബും സമാനമായ ആരോപണങ്ങള്‍ നിലവിലുണ്ട്. അരുണ്‍ മൂന്ന് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയതെങ്കിലും രണ്ടുപേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.