Thu. Apr 18th, 2024

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിച്ചു. ഇ.ഡി കേസില്‍ ജാമ്യം നല്‍കിയപ്പോള്‍ കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. വീട് തിരുവനന്തപുരത്തായതിനാല്‍ ഇതില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്‌ന ഹര്‍ജി നല്‍കിയത്.

എറണാകുളം ജില്ല വിട്ടുപോകുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുതെന്നും ഇ.ഡി കോടതിയെ അറിയിച്ചു. തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി വിധി പറയാനായി 22 ലേക്ക് മാറ്റി.

നവംബര്‍ ആറിനാണ് സ്വപ്ന സുരേഷ് ജയില്‍ മോചിതയായത്. ഒരു വര്‍ഷവും മൂന്നു മാസവും ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ പുറത്തിറങ്ങുന്നത്. ജാമ്യത്തിന് 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ടാള്‍ ജാമ്യവുമാണ് ഉപാധികള്‍.

പാസ്പോര്‍ട്ട് കോടതിയില്‍ ഏല്‍പിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകള്‍.
2020 ജൂലൈ 11നാണ് കേസില്‍ ബെംഗളൂരുവില്‍ വച്ച് സ്വപ്ന അറസ്റ്റിലായത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്രബാഗില്‍ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.

കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ ആയിരുന്ന സരിത്തിനെയാണ് കേസില്‍ ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പടെ 50ല്‍ എറെ പേര്‍ അറസ്റ്റിലായി.