Fri. Apr 19th, 2024

ഇന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിരോധിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കപ്പെടണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. സാമൂഹ്യ മാധ്യമങ്ങള്‍ വഴി സമൂഹത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈന സോഷ്യല്‍ മീഡിയകളെ ഇല്ലാതാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗുരുമൂര്‍ത്തിയുടെ പ്രസ്താവന. ദേശീയ പത്രദിനത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിട്ടയായി മുന്നോട്ടുപോവുന്ന സമൂഹത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ കാരണമാകുന്നുണ്ട്. സുപ്രീം കോടതി പോലും സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലുകളില്‍ ആശങ്ക രേഖപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ഇത്തരം ഒരു പശ്ചാത്തലത്തില്‍ ഈ സംവിധാനത്തെ നിരോധിക്കേണ്ടി വന്നേക്കാമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു.
ഫേസ്ബുക്ക് ഇല്ലാതെ ജീവിക്കാന്‍ നമുക്ക് കഴിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. മ്യാന്‍മാര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ അശാന്തി പടര്‍ത്തുന്നതില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള പങ്ക് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഗുരുമൂര്‍ത്തിയുടെ പ്രസ്താവന. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് പ്രയാസകരമാകുന്നതായി തോന്നിയേക്കാം. എന്നാല്‍ ഇത്തരം അരാജകത്വങ്ങള്‍ നിരോധിക്കപ്പെടണം.

അതിനിടെ ഗുരുമൂര്‍ത്തിയുടെ പ്രതികരണത്തോട് വിയോജിപ്പ് രേഖപ്പെടുത്തി ഒരു വിഭാഗം രംഗത്തെത്തി. സമൂഹ മാധ്യമങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണെന്നും ഓരോ കാലഘട്ടവും ആശയവിനിമയങ്ങള്‍ക്കും മറ്റുമായി കാലോചിതമായി രീതികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് കൗണ്‍സില്‍ അംഗമായ ഗുര്‍ബീര്‍ സിംഗ് പറഞ്ഞു.

https://www.youtube.com/watch?v=iaL1-dwL2Q0&t=1s