Fri. Mar 29th, 2024

കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥിയെ കൊണ്ട് കാലുപിടിപ്പിച്ചതായി പരാതി. കോളജില്‍നിന്നും പുറത്താക്കാതിരിക്കാന്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ കൊണ്ട് പ്രിന്‍സിപ്പാള്‍ മൂന്ന് തവണ കാലുപിടിപ്പിച്ചെന്നാണ് എംഎസ്എഫിന്റെ പരാതി. കോളജില്‍ നിന്ന് പുറത്താക്കാതിരിക്കണമെങ്കില്‍ കാലുപിടിക്കണമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എം രമ ആവശ്യപ്പെട്ടുവെന്ന് എംസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ആരോപിച്ചു. അതേ സമയം വിദ്യാര്‍ഥി സ്വമേധയാ തന്റെ കാലില്‍ വീഴുകയായിരുന്നുവെന്നാണ് പ്രിന്‍സിപ്പാളിന്റെ പ്രതികരണം.

വിദ്യാര്‍ഥി തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കുകയോ അന്വേഷണ സമിതിയെ വെക്കുകയോ ചെയ്യുന്നതിന് പകരം കാലുപിടിക്കുക എന്ന ഉപാധിയാണ് പ്രിന്‍സിപ്പാല്‍ മുന്നോട്ടുവെച്ചത്. കാല് പിടിച്ചില്ലെങ്കില്‍ കോളജില്‍ നിന്നുപുറത്താക്കുമെന്നാണ് പ്രിന്‍സിപ്പാള്‍ , എന്നാണവര്‍ പറഞ്ഞത്’എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പറഞ്ഞു.

എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പ്രിന്‍സിപ്പല്‍ ഡോ. എം രമ പറയുന്നത്. വിദ്യാര്‍ഥി സ്വമേധയാ കാലില്‍ വന്ന് വീഴുകയായിരുന്നു. എംഎസ്എഫില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.