Fri. Mar 29th, 2024

ബത്തേരി കോഴക്കേസില്‍ ബിജെപിക്കെതിരായ കുരുക്കുകള്‍ മുറുകുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഥാനാര്‍ഥിയാകുന്നതിന് വേണ്ടി ബിജെപി, സികെ ജാനുവിന് ലക്ഷങ്ങള്‍ നല്‍കിയെന്ന ജെ ആര്‍ പി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന കൂടുതല്‍ ശബ്ദ രേഖകള്‍ പ്രസീതയുടെ മൊബൈല്‍ ഫോണില്‍ നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചു.

ബിജെപി നല്‍കിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസീതയും സി കെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഫോണ്‍ സംഭാഷണത്തിന്‍രെ മറ്റ് വിവരങ്ങള്‍ അന്വേഷക സംഘം നല്‍കിയിട്ടില്ലെങ്കിലും ശബ്ദ രേഖ കേസില്‍ നിര്‍ണായക തെളിവാകുമെന്നാണ് ്അറിയുന്നത്. ക്രൈംബ്രാഞ്ച് തന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് പ്രസീത അഴീക്കോട് പ്രതികരിച്ചു. ഈ സംഭാഷണത്തിന്റെ ശബ്ദ പരിശോധനയും നടത്തി.

കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും ഉടന്‍ ചോദ്യം ചെയ്യും.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി കെ ജനുവിനെ എന്‍ ഡി എ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ 35 ലക്ഷം രൂപ കൈമാറിയെന്നാണ് കേസ്. തിരുവനന്തപുരം, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ വെച്ച് ഈ തുക കൈമാറിയെന്ന പ്രസീത അഴിക്കോടിന്റെ വെളിപ്പെടുത്തലാണ് കേസിനാധാരം.

ബത്തേരിയിലെ ഹോംസ്റ്റയില്‍ വെച്ച് പൂജാദ്രവ്യങ്ങള്‍ എന്ന വ്യാജേന പ്രശാന്ത് മണവേയില്‍ 25 ലക്ഷം രൂപ കൈമാറിയെന്നും തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം കൈമാറിയെന്നും പ്രസീത ആരോപിക്കുന്നു.
പണമിടപാട് സംബന്ധിച്ച് ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്ത് വിട്ടിരുന്നു. ഈ സംഭാഷണങ്ങളുടെ ആധികാരിത ഉറപ്പ് വരുത്തുന്നതിന് വേണ്ടി കോടതി നിര്‍ദ്ദേശ പ്രകാരം ജാനു, സുരേന്ദ്രന്‍, പ്രസീത, ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവെയിലില്‍ തുടങ്ങിയവരെ ശബ്ദപരിശോധനക്ക് വിധേയരാക്കിയിരുന്നു.