Fri. Mar 29th, 2024

എം ജി സര്‍വകലാശാലയില്‍ ജാതി വിവേചനം ആരോപിച്ചുള്ള ഗവേഷക വിദ്യാര്‍ഥിനിയുടെ സമരം തുടരുന്നതില്‍ വിമര്‍ശനവുമായി പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി കെ രാധകൃഷ്ണന്‍. വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടുകയും ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തിട്ടും വിദ്യാര്‍ഥിനി സമരവുമായി മുന്നോട്ട് പോകുന്നതിന്റെ താത്പര്യമെന്താണെന്ന് മന്ത്രി നിയമസഭയില്‍ ചോദിച്ചു.

വിദ്യാര്‍ഥിനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ പല കാരണങ്ങളുമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി കെ രാധാകൃഷ്ണന്‍ വിശദീകരിച്ചു. 2019 ല്‍ ഗവേഷണ കാലാവധി കഴിഞ്ഞതാണ്. എന്നാല്‍ ഇതിന് ശേഷവും ഗവേഷണം നടത്താന്‍ സര്‍വകലാശാല അനുമതി നല്‍കി. ഇതിനിടെയാണ് അധ്യാപകന്‍ നന്ദകുമാറിനെതിരെ പരാതി വന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ഇടപെട്ട് നന്ദകുമാറിനെ വകുപ്പില്‍ നിന്ന് നീക്കി. എന്നാല്‍ അധ്യാപകനെ പിരിച്ചുവിടണമെന്ന ദീപയുടെ ആവശ്യത്തില്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്കനുസരിച്ചേ നടപടി എടുക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥിനി എം ജി സര്‍വകലാശാലക്ക് മുന്നില്‍ നടത്തുന്ന സമരം പതിനൊന്നാം ദിവസവും തുടരുകയാണ്. അതേസമയം, ജാതിപരമായ വിവേചനം നടന്നുവെന്ന് സര്‍വകലാശാല തന്നെ കണ്ടെത്തുകയും അനുകൂലമായി കോടതി ഉത്തരവിടുകയും ചെയ്തിട്ടും സര്‍വകലാശാല നടപടി എടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.