Wednesday, December 8, 2021

Latest Posts

സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയം; ഇന്ന് 6546 കൊവിഡ് കേസുകള്‍; 50 മരണങ്ങള്‍

സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ നിലയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വാക്‌സീന്‍ വിതരണം ലക്ഷ്യത്തിലേക്ക് എത്തുന്നുണ്ടെന്നും എങ്കിലും ജനങ്ങള്‍ ജാഗ്രതയും പ്രതിരോധവും കൈവിടരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

അനുപമ വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരാനുണ്ടെന്നും ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു. ഇനി ഒരാഴ്ച കൂടി കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് കിട്ടും. വീഴ്ച വന്നിട്ടുണ്ടോ ശിക്ഷാ നടപടി വേണമോ എന്നതുള്‍പ്പെടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനിക്കും. വനിതാ കമ്മീഷന്‍ ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കി എന്ന ആക്ഷേപം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ പ്രായപൂര്‍ത്തിയായവരില്‍ 95 ശതമാനം പേരും ആദ്യഡോസ് വാക്‌സീന്‍ സ്വീകരിച്ചു കഴിഞ്ഞു. 53 ശതമാനം പേര്‍ ഇതിനോടകം രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചു കഴിഞ്ഞു.

ജനുവരിയോടെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചവരുടെ എണ്ണം 80 -ശതമാനത്തിന് മുകളിലേക്ക് എത്തും എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. കുട്ടികള്‍ക്കായി സൈഡസ് കാഡിലയുടേയും ഭാരത് ബയോടെക്കിന്റേയും വാക്‌സീനുകള്‍ക്ക് നേരത്തെ ഐസിഎംആര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ വാക്‌സീനേഷന് അനുമതി ലഭിച്ചാല്‍ അതിനു വേണ്ട മുന്നൊരുക്കങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്.
നവംബര്‍ ഒന്നിനാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നത്. ശക്തവും ശാസ്ത്രീയവുമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് സ്‌കൂളുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നവംബര്‍ പകുതിയോടെ എട്ടാം ക്ലാസ് മുതല്‍ മുകളിലുള്ളവരും സ്‌കൂളിലേക്ക് എത്തും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കും. എങ്കിലും കുട്ടികളുടെ വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടു വരാനാവൂ.

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,40,336 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,927 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6409 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 332 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 72,876 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 50 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 231 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 186 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,515 ആയി.

 


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.