Sat. Apr 20th, 2024

പുരാവസ്തു തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസില്‍ 3 ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തു. പോക്‌സോ കേസിലെ പരാതിക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഒരു സീനിയര്‍ ഡോക്ടര്‍ ഉള്‍പ്പടെ 3 ഡോക്ടര്‍മാര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് മെഡിക്കല്‍ കോളജിലെത്തി ഡോക്ടര്‍മാരുടെ മൊഴിയെടുക്കും.
നേരത്തെ, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മെഡിക്കല്‍ കോളജിനെ വെല്ലുവിളിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അധികൃതര്‍ പറയുന്നതെല്ലാം കള്ളമാണെന്നും പെണ്‍കുട്ടി ആരോപിച്ചു. ലേബര്‍ റൂമില്‍ പൂട്ടിയിട്ടുള്ള ചോദ്യംചെയ്യലായിരുന്നു നടന്നത്. പെണ്‍കുട്ടിയെ അപമാനിക്കും വിധമായിരുന്നു മൂന്ന് വനിതാ ഡോക്ടര്‍മാരുടെയും പെരുമാറ്റം.

വൈദ്യപരിശോധന വേണ്ടെന്നും മടങ്ങണമെന്നും പറഞ്ഞതോടെ മുറിയില്‍ പൂട്ടിയിട്ടു. തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ ബലമായി തട്ടിമാറ്റി. ഒടുവില്‍ ഒരുവിധം മുറി തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. കാത്തുനിന്ന രണ്ട് വനിതാ പൊലീസുകാര്‍ക്കൊപ്പമാണ് പുറത്തെത്തിയത്. പുറകെ വന്ന ഡോക്ടര്‍മാര്‍ ആക്രോശിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരും തടയാന്‍ ശ്രമിച്ചു എന്നും പരാതിക്കാരി ആരോപിച്ചു.