Tue. Mar 19th, 2024

 ✍️ ലിബി. സി.എസ്

പുലയത്തി പെണ്ണുങ്ങളെയെല്ലാം ബലാൽസംഗം ചെയ്ത് കൊല്ലണം എന്ന് ഒരു ദേശ സ്‌നേഹി സംഘി സുനിൽജി മുൻപ് ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ട പ്രബുദ്ധ വിപ്ലവ കേരളമാണിത്. അത് ഏതെങ്കിലും ഒരു സുനിലിന്റെ മാത്രം പ്രശ്‌നമല്ല എന്ന് കഴിഞ്ഞയാഴ്ച് എംജി യൂണിവേഴ്സിറ്റിയിലുണ്ടായ സംഭവം ഏറ്റവും അവസാനത്തെ ഉദാഹരണമാണല്ലോ?

ഇരവാദമുന്നയിച്ച എഐഎസ്എഫ് ൻറെ മൂത്ത സഖാക്കളുടെ പത്തനംതിട്ടയിലെ CPI സഖാവ് ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കറെ കണ്ടാൽ വെള്ളംകുടിക്കില്ലെന്നു പറഞ്ഞതും അദ്ദേഹത്തിൻറെ ജാതി പറഞ്ഞുകൊണ്ടാണ്.

പിഎച്ച്ഡി രെജിസ്ട്രേഷൻ കഴിഞ്ഞു പത്തുവര്ഷമായിട്ടും ജാതി വിവേചനത്തിൻറെ പേരിൽ ഗവേഷണം പൂർത്തിയാക്കാനാവാതെ ഒരു ദളിത് ഗവേഷണ വിദ്യാർത്ഥി നിരാഹാരം അനുഷ്ഠിക്കുന്നതും അതേ ജാതിവിളിച്ച കാമ്പസിലായിട്ടും വിളിച്ചവരോ വിളികേട്ടവരോ അതിന്റെ പേരിൽ രോഷം കൊണ്ടവരോ അത് കണ്ടഭാവം നടിക്കാത്തതും ആ വിദ്യാർഥിയുടെ ജാതികൊണ്ടുതന്നെയാണ്. മുഖ്യമന്ത്രിയെ വരെ ജാതിപറഞ്ഞധിക്ഷേപിക്കുന്ന കേരളത്തിൽ കേരളപ്പിറവി ആഘോഷ മാമാങ്കങ്ങൾ അവസാനിക്കുമ്പോൾ “മാറ്റുവിൻ ചട്ടങ്ങളെ…”എന്ന് ഗർജ്ജിച്ച പാരമ്പര്യത്തിൻറെ പിന്മുറക്കാരെങ്കിലും ചിന്തിക്കുക മലയാളി എങ്ങോട്ടാണ് മാറുന്നത് എന്ന്?

ബലാൽസംഗം ചെയ്തുകൊല്ലാൻ ആഹ്വാനം ചെയ്ത സുനിൽജിയോട് “എന്തായാലും കൊല്ലാന്‍ തീരുമാനിച്ച സ്ഥിതിക്ക് അറ്റ്‌ലീസ്റ്റ് ഒരാറ്റംബോംബെങ്കിലും… ആയിട്ട് വരണം അല്ലാതെ ഒന്നമര്‍ത്തിപ്പിടിച്ചാല്‍ സ്വന്തം ജീവന്‍തന്നെ അപകടത്തിലാവുന്ന ഒരവയവം കൊണ്ടാണോ നീ കൊല്ലാന്‍ വരുന്നത്?” എന്ന് സതി അങ്കമാലി ചോദിച്ചത് പോലെ ഇങ്ങനത്തെ ജാതി അവഹേളനങ്ങൾ തുടരുന്നവനെയും നിയമ പരമായി നേരിടാനും.നീതി ലഭിച്ചതില്ലെങ്കിൽ അങ്ങനെ അമർത്തിപ്പിടിക്കാനും വരി ഉടക്കാനും വരും തലമുറ തയ്യാറാവേണ്ടിയിരിക്കുന്നു.

ഇന്നും ജാതിയെ അഡ്രസ് ചെയ്യാൻ തയ്യാറല്ലാത്ത മലയാളിയെപറ്റി പല അപദാനങ്ങളും ഇന്ന് പല ഓൺലൈൻ വേദികളിലും മുഴങ്ങും. മലയാളി പുരോഗമനവാദിയാണ്, വിപ്ലവകാരിയാണ്, ആനയാണ് ചേനയാണ് എന്നെല്ലാം.19 ആം നൂറ്റാണ്ടിൻറെ അവസാനത്തിൽ രൂപപ്പെടുത്തിയ മലയാളിയുടെ ധാരണയാണ് ഇത്. അതിനു മുൻപുള്ള സാഹിത്യ കൃതികളോ ചരിത്ര കൃതികളോ ഒന്നും വായിച്ചാൽ മലയാളി പുരോഗമന വാദിയോ വിപ്ലവകാരിയോ ആണെന്ന യാതൊരു സൂചനയും നമുക്ക് കാണാൻ കഴിയില്ല. അന്ന് പൊന്നുതമ്പുരാൻ മുതൽ പാടത്ത് പണിയെടുക്കുന്ന അടിയാളർ വരെ ഏതെങ്കിലും തരത്തിലുള്ള അടിമത്ത്വം അനുഭവിക്കുകയായിരുന്നു. അത് ആസ്വദിക്കുകയും.
രാജ്യം ഭരിക്കുന്ന പൊന്നുതമ്പുരാന് ദൂരെയുള്ള ഏതെങ്കിലും ചക്രവർത്തിക്ക് കപ്പം കൊടുക്കണമായിരുന്നു. ബ്രാഹ്മണൻ അവർണരെ മാത്രം അല്ല വീട്ടിലെ പെണ്ണുങ്ങളെയും സ്വന്തം അനുജന്മാരെയും അടിമകൾ ആക്കി. മൂത്തയാൾ മാത്രം വേളി കഴിച്ചു. ബാക്കി അഫൻമാർ നായർ സ്ത്രീകളെ സംബന്ധം കൂടി, അവർക്കുണ്ടാകുന്ന കുട്ടികൾക്ക് സ്വത്തോ മറ്റ് അവകാശങ്ങളോ നൽകാതെ അനുജന്മാരെയും ചൂഷണം ചെയ്തു. സവർണ്ണനും അവർണ്ണനും ഈ അടിമത്വം ഒരുപോലെ ആസ്വദിക്കുകയായിരുന്നു.

19 ആം നൂറ്റാണ്ടിൻറെ അവസാനം ആയപ്പോൾ മലയാളി മാറാൻ തുടങ്ങി.ആ മാറ്റത്തിന് ആക്കം കൂടിയപ്പോഴാണ് അവൻ പുരോഗമന വാദിയും വിപ്ലവകാരിയും ഒക്കെയായത്.നാരായണ ഗുരു അതിന് ഒരു ലക്‌ഷ്യം ഉണ്ടാക്കി”ജാതി ഭേദം മതദ്വെഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം”എന്ന ലക്‌ഷ്യം.അയ്യങ്കാളിക്കും മന്നത്തു പദ്മനാഭനും പൊയ്കയിൽ യോഹന്നാനും കെ പി കറുപ്പനും കെ.പി വള്ളോനും എല്ലാം അത് സ്വീകാര്യമായി.അങ്ങനെ മലയാളി മാറാൻ തുടങ്ങി.പക്ഷെ 20 ആം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെയുള്ള മാറ്റത്തിന്റെ ചരിത്രം ആണിത്.2 ആം പകുതിയിലെ കഥ ഇതല്ല.

നാരായണ ഗുരുവിന്റെ ജാതിയും മതവും ഇല്ലാ വിളംബരത്തിന്റെയും, അയ്യൻകാളിയുടെ വില്ലുവണ്ടി സമരത്തിന്റെയും സഹോദരൻ അയ്യപ്പൻറെ ചെറായിയിലെ മിശ്ര ഭോജനത്തിന്റെയും എല്ലാം ആഘോഷാരവങ്ങൾ കഴിഞ്ഞു നാം ഇന്ന് ഐക്യകേരളത്തിന്റ പിറവി ആഘോഷ തിമിർപ്പിലാണ്. നമ്മൾ ആഘോഷപ്രിയ്യന്മാരായി മാത്രം മാറിക്കഴിഞ്ഞിരിക്കുന്നു. കേരളപ്പിറവി ആഘോഷം.ശ്രീനാരായണ ജയന്തി ആഘോഷം. പാർട്ടികളുടെ സംസ്ഥാന സമ്മേളന ആഘോഷങ്ങൾ…അങ്ങന.ആത്മാഭിമാനമുള്ള ഒരു ജനതയെ എങ്ങനെ ആഘോഷപ്രിയ്യരാക്കി കുടിക്കുന്നവരും പെടുക്കുന്നവരും തിന്നുന്നുന്നവരും തീറ്റുന്നവരുമാക്കി മാറ്റാമെന്ന് നവഫ്യൂഡലിസം മനസ്സിലാക്കിയിരിക്കുന്നു.

ഇന്ന് ആഘോഷ മാമാങ്കങ്ങൾ ഓരോന്നായി പൊടി പൊടിക്കുമ്പോൾ നാം പഴയതുപോലെ അടിമത്വം ആസ്വദിക്കാൻ പഠിച്ചിരിക്കുന്നു എന്ന് മനസിലാക്കാം. അയ്യങ്കാളിയും കുമാരനാശാനും പൊയ്കയിൽ യോഹന്നാനും എല്ലാം പഴയ നിയമ സഭാ സാമാജികർ കൂടി ആയിരുന്നല്ലോ? അവരെല്ലാം ശ്രീമൂലം പ്രജാ സഭയ്ക്കകത്തും പുറത്തും സമരം ചെയ്ത് പടിയടച്ചു പിണ്ഡം വച്ചതിനെയെല്ലാം ഇപ്പോൾ പുനരുത്ഥാന വാദികൾ പുനരധിവസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം നമ്മുടെ പ്രതിനിധികൾ ഈ മാമാങ്കങ്ങളിൽ അഭിരമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ആഘോഷാരവങ്ങൾ അടങ്ങുമ്പോൾ ചിന്തിച്ചാൽ മനസിലാകും, മലയാളി നാരായണഗുരുവു അയ്യങ്കാളിയും നേതൃത്വം കൊടുത്ത കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന്റെ മേൽ കാർക്കിച്ചു തുപ്പിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ നേരവകാശികൾ എന്നറിയപ്പെടുന്നവരെല്ലാം ഇതെല്ലം കണ്ട് അങ്ങനെ ഇളിച്ചുകൊണ്ടിരിക്കുകയാണെന്നും.

“ഹിന്ദുവിൽ ഏതുമാകാം എസ് സി / എസ് ടി ഒഴികെ”എന്ന വിവാഹ പ്രരസ്യങ്ങളും ശബരിമല മേൽശാന്തി നിയമനത്തിനു സമർപ്പിച്ച പിന്നാക്കക്കാരുടെ അപേക്ഷ ” മലയാള ബ്രാഹ്മണൻ അല്ലാത്ത തിനാൽ നിഷേധിക്കുന്നു ” എന്ന്‌ ദേവസ്വം ബോർഡ് മറുപടി ഇണ്ടാസ് കൊടുത്തതും
ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു കല്ലിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാൻ ലോകത്താദ്യമായി തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും മറ്റൊരുരൂപമായ തീണ്ടാരിലഹള നടക്കുന്നതും ശബരിമലയിൽ ചെല്ലുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് സ്ത്രീകളുടെ വാളിലെല്ലാം ലിംഗംപോസ്റ്റ് ചെയ്ത് സായൂജ്യമടയുന്ന ബലാത്സംഗി സേവക് സംഘത്തിൻറെ പ്രവർത്തനങ്ങളും അരങ്ങേറുന്നത് നമ്മൾ പ്രബുദ്ധ കേരളമെന്ന് വെറുതെ തള്ളുന്ന ഈ പുനരുഥാന കേരളത്തിലാണ്.
മലയാളികളുടെ മനസ്സിൽനിന്ന് ജാതിയും അയിത്ത മനോഭാവവും ഇനിയും മാറിയിട്ടില്ല എന്ന ഓർമപ്പെടുത്തലുമായാണ് ഈ കേരളപ്പിറവി ദിനം എത്തുന്നത്. കോളജ് പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥിയായിട്ടും ബിനീഷ് ബാസ്റ്റിൻ എന്ന നടൻ വേദിയിൽ അപമാനിക്കപ്പെട്ട സംഭവവും സംഗീത നാടക അക്കാദമിയിൽ ആർഎൽവി രാമകൃഷ്ണന് നേരിടേണ്ടിവന്നതും തൃപ്പൂണിത്തുറ അർ എൽ വി കോളേജിലെ ഹേമലത ടീച്ചർ സ്റ്റാച്യു ജങ്ങ്ഷനിൽ പ്രതിഷേധ നടനം ആടേണ്ടി വന്നതും വിരൽ ചൂണ്ടുന്നത് മറ്റൊന്നുമല്ല.

തൊട്ടുകൂടായ്‌മയും തീണ്ടി കൂടായ്മയും നിയമം മൂലം നിരോധിക്കപ്പെട്ട ഒരു രാജ്യത്താണ് ഈ വിവരക്കേടുകൾ അരങ്ങേറുന്നത് എന്ന് ഓർക്കണം. തൊട്ടുകൂടായ്മ എന്നത് കൈ കൊണ്ട് തൊടൽ മാത്രം അല്ല എന്നും വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ തൊട്ടുകൂടായ്മാ ആചരിക്കാം എന്നും അതെല്ലാം നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന ലോകത്തെ ഏക ഭരണ ഘടനയുള്ള രാജ്യത്താണ് ഈ ബ്രാഹ്മണിസ്റ്റ് സന്തതികൾ നമ്മളെ പട്ടികളാക്കി അവഹേളിയ്ക്കുന്നതും നമ്മളിങ്ങനെ ആഘോഷം നടത്തി ആസ്വദിച്ചുകൊണ്ടിരിക്കുന്നതും.

നവോത്ഥാനമൂല്യങ്ങളുടെയെല്ലാം നേർക്ക് കാർക്കിച്ച് തുപ്പിക്കൊണ്ട് ഇന്ത്യകണ്ട ഏറ്റവും വലിയ തട്ടിപ്പും ദളിത് പിന്നോക്ക വഞ്ചനയുമായ സാമ്പത്തിക സംവരണം എന്ന ആശയം നടപ്പിലാക്കപ്പെട്ട ഇന്ത്യയിലെ ആദ്യസംസ്ഥാനത്തിന്റെ പിറവിദിനത്തിൽ ആരാണോ ആഘോഷിക്കേണ്ടവർ അവർ ഇന്നാഘോഷിക്കട്ടെ.

ഇത് ഹിന്ദുമതത്തിന്റെ മാത്രം പ്രശ്‌നമല്ല ന്യൂനപക്ഷ മതങ്ങൾ എന്താ സ്ത്രീവിരുദ്ധതയ്‌ക്ക് മോശക്കാരാണോ? കേരളത്തിൽ ഒരാദിവാസിയെ ഭക്ഷണമെടുത്ത് കഴിച്ചതിന് തല്ലിക്കൊന്നത് സവർണ്ണ ഹിന്ദുക്കൾ ആരും ആയിരുന്നില്ല. ശബരിമല ശൂദ്രകലാപത്തിന് സ്ത്രീകളെ ആക്രമിക്കുന്നവർക്ക് നാരങ്ങാവെള്ളം കൊടുക്കാൻ പോയത് അമ്പലവാസികളായിരുന്നില്ല പിന്നീട് സി എ എ വന്നപ്പോൾ ഭരണഘടന തകർന്നെന്ന് ഓരിയിട്ട പർദ്ദയിട്ട ന്യൂനപക്ഷ ഐറ്റങ്ങൾ തന്നെയായിരുന്നു. ഇസ്ലാം മതത്തിൻറെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പ്രത്യേകിച്ച് പരാമർശിക്കാതെ തന്നെ അറിവുള്ളതാണല്ലോ? ജസ്ലയും ജാമിത ടീച്ചറുമൊക്കെ ഇതേഭീഷണികൾ നേരിടുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.

ഇരുപത്തിയഞ്ച് മില്ല്യന്‍ ക്രിസ്ത്യാനികളില്‍ ഏകദേശം എഴുപത്തിയഞ്ചു ശതമാനവും ദളിതരാണ്.എക്കാലവും അവരുടെ വ്യക്തിത്വത്തെ അവഹേളിക്കുന്ന അവസ്ഥയാണു ഇൻഡ്യയിലെ ക്രിസ്ത്യൻ സഭകളിൽ നാം കാണുക. നികൃഷ്ടമായ സാമൂഹിക വ്യവസ്ഥയില്‍നിന്നും രക്ഷപ്പെടുന്നതിനായി അധകൃതരായ ഹിന്ദുജനത ക്രിസ്തുമതത്തില്‍ ചേര്‍ന്നു. മുക്കുവക്കുടിലിലെ യേശുവിന്‍റെ സഭയില്‍വന്ന ഇവര്‍ എന്തു നേടി? സവര്‍ണ്ണ ക്രിസ്ത്യാനികളെന്ന മറ്റൊരു ഭീകരജീവിയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു.

അവരുടെ സ്ത്രീകൾ സവർണ്ണ ക്രിസ്ത്യൻ പുരോഹിതന്മാരാൽ പീഡിപ്പിക്കപ്പെട്ടും കൊലചെയ്യപ്പെട്ടും കിണറ്റിൽ പൊന്തുന്നു. ഏറ്റവും അവസാനത്തെ ബിഷപ്പ് ഫ്രാങ്കോയുടെ കേസിൽപോലും കന്യാസ്ത്രീ ഒബിസി കാരിയായ ലാറ്റിനും ഫ്രാങ്കോ സുറിയാനിക്കാരനായ സവർണ്ണ ക്രിസ്ത്യാനിയുമാണ്. പച്ചാളത്തെ കോൺവെന്റിൽനിന്നും പീഡനം സഹിക്കവയ്യാതെ വെള്ള നൈറ്റി ഉപേക്ഷിച്ചിറങ്ങിയ സിസ്റ്റർ ഡെൽസി നാല് പെൺമക്കളും മൂന്ന് സെന്റു ഭൂമിയുമുള്ള കൂലിപ്പണിക്കാരായ ദളിത് ക്രിസ്ത്യാനികളായ അച്ഛന്റെയും അമ്മയുടെയും മോളാണ്. നാട്ടിൽ ജോലിചെയ്തു ജീവിക്കാൻ പോലും പറ്റാത്ത അവർക്ക് കർണ്ണാടകയിലെ ഒരു സ്വകാര്യ സ്‌കൂളിലേക്ക് നാടുവിടേണ്ടിവന്നു. എന്ത് സാമൂഹ്യ സുരക്ഷയാണ് ഇവർക്കൊക്കെ ഈ ആചാരക്കാരും ആഘോഷക്കാരും ഒരുക്കിയത്? അവരുടെ കുടുംബാംഗങ്ങളെയും പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളായ രണ്ടു സഹോദരിമാരെയും വരെ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുന്നത് ന്യൂനപക്ഷ മതക്കാരാണെ!
ആദ്യം സൂചിപ്പിച്ച ബലാത്സംഗ ഭീഷണി പുലയ സ്ത്രീകൾ മാത്രമല്ല കേരളത്തിൽ അഭിമുഖീകരിച്ചിട്ടുള്ളത്. അത് സവർണ്ണ ഹിന്ദുക്കൾ മാത്രമല്ല എല്ലാ മതയോളികളും സ്ത്രീകൾക്കെതിരെ നടത്തുന്നത് പ്രതികരിക്കുന്ന സ്ത്രീകളേടെ ഫെയ്‌സ് ബുക്ക് വാളുകളിൽ നോക്കിയാൽ കാണാം. ഇത്തരത്തിലുള്ള ബലാത്സംഗ ഭീഷണി ഏറ്റവും കൂടുതൽ ഉയർന്നത് ശബരിമല ശൂദ്രലഹളയുടെ കാലത്താണ്.മതത്തിൻറെ ആചാരങ്ങളെ ചോദ്യം ചെയ്താലും അങ്ങനെയാണ്.

ദളിത് വിരുദ്ധതയും സ്ത്രീ വിരുദ്ധതയുമെല്ലാം ഇവിടെ നിലനിർത്തിപ്പോരുന്നത് മതങ്ങളാണെന്ന യാഥാർഥ്യം വിസമരിച്ചുകൊണ്ട് ഫണ്ടമെന്റലിസ്റ്റുകളുമായി സന്ധിചെയ്ത് മതങ്ങൾക്ക് വിധേയപ്പെട്ടുകൊണ്ടുള്ള ഉഡായിപ്പുകളാണ് കേരളത്തിൽ അരങ്ങേറുന്നത്. മതചിന്തകൾക്ക് എതിരെ വലിയൊരു ഹെജിമണി രൂപപ്പെടുത്താൻ തയ്യാറാകാതെ മാനവിക വിരുദ്ധമായ മതങ്ങളുമായി ചേർന്നുനടത്തുന്ന കേരളപ്പിറവി ദിനാഘോഷങ്ങളും പ്രതിഷേധ ആചാരങ്ങളും നമുക്ക് ഇനിയും തുടരാം.ഏവർക്കും കേരളപ്പിറവിദിനാശംസകളും, പ്രതിഷേധ ലക്ഷാർച്ചന ആശംസകളും!