Tue. Apr 23rd, 2024

മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്. മലപ്പുറത്ത് നടന്ന സുല്‍ത്താന്‍ വാരിയംകുന്നന്‍ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രമടങ്ങിയ പുസ്തകപ്രകാശനം മലപ്പുറത്ത് നടന്നു.

തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് എഴുതിയ സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍ എന്ന പുസ്തക പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാര്‍ത്ഥ ചിത്രം ലഭിച്ചതെന്ന് പുസ്തകത്തിന്റെ രചയിതാവ് റമീസ് മുഹമ്മദ് പറഞ്ഞു. ബ്രിട്ടണില്‍ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന് ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനില്‍ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോയമ്പത്തൂരില്‍ നിന്നാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. അവര്‍ തന്നെ ഈ പുസ്തകം പ്രകാശനം ചെയ്യണമെന്നത് തന്റെ ഒരു നിര്‍ബന്ധമായിരുന്നു.വല്യുപ്പാന്റെ ചിത്രം കണ്ടപ്പോള്‍ സന്തോഷത്തക്കാളേറെ സങ്കടമാണുണ്ടായത്. വല്യുപ്പാനെ കാണാന്‍ പറ്റിയത് തന്നെ തന്റെ ഭാഗ്യമാണെന്നാണ് കരുതുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്യാനായി മലപ്പുറത്തെത്തിയ വാരിയംകുന്നന്റെ പേരമകള്‍ ഹാജറ പറഞ്ഞു. ഇതു രണ്ടാം തവണയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ പരമ്പരയില്‍ പെട്ട ഹാജറ മലപ്പുറത്തെത്തുന്നത്. വാരിയംകുന്നന്റെ ചരിത്രം മുത്തച്ഛന്‍ പറഞ്ഞറിയാമെന്നു ഹാജറ പറയുന്നു.