Wed. Apr 24th, 2024

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിൽ എ.ഡി.ജി.പി മനോജ് എബ്രഹാം പോയത് ലോക് നാഥ് ബെഹ്‌റ ആവശ്യപ്പെട്ട പ്രകാരമാണെന്ന് ഹൈക്കോടതിയിൽ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നു.

മോന്‍സനെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ ഐജി ലക്ഷ്മണ ശ്രമിച്ചതായും സത്യവാങ്മൂലത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ ശ്രമം തടഞ്ഞതും എഡിജിപി മനോജ് എബ്രഹാമായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇതുസംബന്ധമായി ലക്ഷ്മണയോട് വിശദീകരണം ചോദിച്ച കാര്യവും സത്യവാങ്മൂലത്തിലുണ്ട്. വ്യാജ പുരാവസ്തു ശേഖരമാണെന്ന് അറിയാതെ അന്നത്തെ ഡി.ജി.പിയുടെ സമ്മര്‍ദ്ദ പ്രകാരമാണ് മനോജ് എബ്രഹാമിന് പോകേണ്ടി വന്നത്.
മനോജ് എബ്രഹാമിനെ പോലെ ക്ളീൻ ഇമേജുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വ്യാജ പുരാവസ്തു കേന്ദ്രത്തില്‍ എത്തിയതു തന്നെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നത്. അതിൻറെ സത്യാവസ്ഥയാണ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യാവാങ്മൂലം.

കൊച്ചിയില്‍ സൈബര്‍ സമ്മേളനം നടന്ന ഹയാത്ത് ഹോട്ടലില്‍ മോന്‍സന്‍ മാവുങ്കല്‍ പ്രവാസി വനിത അനിതക്കൊപ്പം എത്തിയത് ലോക് നാഥ് ബഹ്‌റയെ കാണുന്നതിനു വേണ്ടിയാണ് എന്നതും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസവും ഹയാത്ത് ഹോട്ടലില്‍ അന്നത്തെ ഡി.ജി.പി തങ്ങിയിരുന്നു. ഇവിടെ വച്ചാണ് എസ്.പി യതീഷ് ചന്ദ്രക്കൊപ്പമുള്ള ഫോട്ടോയും ഇരുവരും എടുത്തത്. ഡി.ജി.പിയുടെ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോക്ക് നിന്നു കൊടുക്കുക മാത്രമാണ് യതീഷ് ചന്ദ്രയും ചെയ്തത്. ഉന്നത ബന്ധങ്ങള്‍ ബോധപൂര്‍വ്വം മുതലെടുപ്പിനായാണ് മോന്‍സന്‍ മാവുങ്ക;ലും അനിതയും ഉപയോഗപ്പെടുത്തിയത്.