Saturday, November 27, 2021

Latest Posts

‘ഞാന്‍ ചെയ്തത് ഒരച്ഛന്റെ കടമ, അനുപമ പറയുന്നത് മുഴുവൻ ശരിയല്ല; കുഞ്ഞിനെ മാറ്റിയത് അനുപമയുടെ അറിവോടെയെന്ന് ജയചന്ദ്രന്‍

ഏതൊരു പിതാവും ചെയ്യുന്നത് മാത്രമാണ് താന്‍ ചെയ്തതെന്ന് അനുപമയുടെ പിതാവ് പി.എസ് ജയചന്ദ്രന്‍. അതല്ലാതെ തന്റെ മുന്‍പില്‍ മറ്റു വഴികള്‍ ഇല്ലായിരുന്നുവെന്നും, അനുപമയുടെ അറിവോടെയാണ് താന്‍ കുഞ്ഞിനെ മാറ്റിയതെന്നും സിപിഐ(എം) പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ ജയചന്ദ്രന്‍ പറഞ്ഞു.

മാധ്യമങ്ങളെല്ലാം ഏകപക്ഷീയമായാണ് അനുപമയുടെ മാതാപിതാക്കളെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു വില്ലന്‍ പരിവേഷമാണ് ബൈപാസ് സർജറി കഴിഞ്ഞ ഈ യുവതിയുടെ പിതാവിന് മാധ്യമങ്ങൾ ചാര്‍ത്തി കൊടുത്തിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് അനുപമ ഏറ്റവും ശക്തമായി ആവശ്യപ്പെട്ടിരുന്നതും സി.പി.എം പ്രവര്‍ത്തകരായ മാതാപിതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നതാണ്.

സി.പി.എം മുന്‍ സംസ്ഥാന കമ്മറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായിരുന്ന പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളാണ് അനുപമ. അനുപമയുടെ പിതാവ് എസ്.ജയചന്ദ്രന്‍ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവും അമ്മ ബ്രാഞ്ച് കമ്മറ്റി അംഗവുമാണ്. ഈ കമ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്ന അനുപമ എസ്.എഫ്.ഐ ഏരിയാ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാധാരണ കുടുംബങ്ങളില്‍ നിന്നും വ്യത്യസ്തമായി അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഈ പിതാവും മകളും കഴിഞ്ഞിരുന്നത്. എല്ലാതരത്തിലുമുള്ള ഫ്രീഡവും അനുപമക്ക് ജയചന്ദ്രന്‍ നല്‍കിയിരുന്നു. അതു കൊണ്ട് കൂടിയാണ് സംഘടനാ രംഗത്ത് അനുപമക്കും സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നത്.

അനുപമയുടെ പിതാവ് ജയചന്ദ്രന്‍ 2019 ല്‍ ഒരു അപകടത്തില്‍പ്പെട്ട വ്യക്തിയാണ്. ഇതേതുടര്‍ന്ന് അദ്ദേഹത്തിന് ആയുര്‍വേദ ട്രീറ്റ് മെന്റും വേണ്ടി വന്നിരുന്നു. ഇതിനിടെ ഹാര്‍ട്ടില്‍ ബ്ലോക്കും കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് സി.പി.എം നേതൃത്വം കൂടി ഇടപെട്ടാണ് എറണാകുളത്ത് അടിയന്തര ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയമാക്കിയിരുന്നത്. ജീവനും മരണത്തിനും ഇടയില്‍ എറണാകുളത്ത് ആശുപത്രിയില്‍ ജയചന്ദ്രന്‍ കിടക്കുന്ന ഈ ഘട്ടത്തിലാണ് അജിത്ത് അനുപമയുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുന്നത്.

മകള്‍ക്ക് അജിത്തിനോടുള്ള അടുപ്പം തിരിച്ചറിയാന്‍ വൈകി പോയെന്ന് ജയചന്ദ്രനും സമ്മതിക്കുന്നുണ്ട്. അനുപമക്ക് അത്യാവശ്യം വണ്ണം ഉള്ളതിനാല്‍ ഗര്‍ഭിണിയാണെന്ന് വയറു നോക്കി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

കുഞ്ഞിനെ അനുപമയില്‍ നിന്നും എടുത്തുമാറ്റി ദത്ത് നല്‍കിയത് കുടുംബത്തിന്റെ മാനം രക്ഷിക്കാനാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമുള്ള നിലപാടില്‍ ജയചന്ദ്രന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടു കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സമ്മതപത്രത്തില്‍ ഒപ്പു വയ്ക്കുന്നതും, തംബ് ഇംപ്രഷന്‍ എടുക്കുന്നതും ബലമായാട്ടായിരുന്നു എങ്കില്‍ വിദഗ്ദ പരിശോധനയിലൂടെ അത് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. ഈ പരിശോധന നടത്തണമെന്ന് തന്നെയാണ് ജയചന്ദ്രനും അഭിഭാഷകനും ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുഞ്ഞിനെ ദത്ത് കൊടുത്ത ശേഷം നടന്ന അനുപമയുടെ ചേച്ചിയുടെ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവും ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട് നടന്ന ആഘോഷ ചടങ്ങില്‍ അനുപമ ഡാന്‍സ് കളിച്ചത്, ”സമ്മര്‍ദ്ദം കൊണ്ടാണോ” എന്നതാണ് കുടുംബത്തിന്റെ ചോദ്യം. 2021 ഫിബ്രുവരിയിലാണ് അനുപമയുടെ സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നത്. അനുപമക്ക് കുഞ്ഞ് ജനിച്ചതാകട്ടെ 2020 ഒക്ടോബര്‍ 19നാണ്. 22 ന് കുഞ്ഞിനെ ദത്ത് നല്‍കുകയും ചെയ്തു. ഈ സംഭവം അനുപമ വിഷയമാക്കിയത് 2021 ഏപ്രില്‍ 19നാണ്. ഇതിനിടെ അജിത്ത് നസിയയില്‍ നിന്നും വിവാഹമോചനവും നേടിയിരുന്നു. ഇപ്പോള്‍ കുഞ്ഞിനായി ഒരുമിച്ചാണ് ഇവര്‍ നിയമ പോരാട്ടം നടത്തി വരുന്നത്. മാധ്യമ പ്രവര്‍ത്തകരും പാർട്ടി നേതൃത്വവും ഏകപക്ഷീയമായി അനുപമയെ പിന്തുണക്കുമ്പോഴും അവളുടെ പിതാവ് ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ആര്‍ക്കും മറുപടി ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
‘നിങ്ങള്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ടെന്നും ഇതില്‍ ഇളയകുട്ടി ‘ഒരാളുമായി പ്രണയത്തിലാണെന്നും സങ്കല്‍പ്പിക്കുക. കരുതലും സ്‌നേഹവുമുള്ള ഒരച്ഛന്‍ തീര്‍ച്ചയായും മകള്‍ പ്രണയിക്കുന്ന ആളുടെ പശ്ചാത്തല വിവരങ്ങള്‍ അന്വേഷിക്കും. അത് സ്വാഭാവികമാണ്. മകളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ എല്ലാ അച്ഛന്‍മാരും ആ ബന്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുക. അതു തന്നെയാണ് താനും ചെയ്തതെന്ന്’ ജയചന്ദ്രന്‍ പറഞ്ഞു.

‘ഡിഗ്രി അവസാന വര്‍ഷ വേളയിലാണ് മകള്‍ അജിത്തുമായി പ്രണയത്തിലാകുന്നത്. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിട്ടിരുന്ന കാര്യവും അദ്ദേഹം എടുത്തു പറയുന്നുണ്ട്. അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ജയചന്ദ്രന്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞിരുന്നത്. അജിത്ത് വിവാഹിതനായിരുന്നു എന്നു മാത്രമല്ല അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം കൂടി തകര്‍ത്താണ് അജിത്ത് ബന്ധം സ്ഥാപിച്ചിരുന്നത്. ഇതിനുശേഷമാണ് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചിരുന്നതെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. ഇങ്ങനെയുളള ഒരാളുമായി ബന്ധം വേണ്ട എന്ന് താന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നാണ് ഈ പിതാവിന്റെ ചോദ്യം. തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അനുപമ തയ്യാറായില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങള്‍ക്ക് മുമ്പാണ് അനുപമ ഗര്‍ഭിണിയാണെന്ന വിവരം പോലും ജയചന്ദ്രന്‍ അറിഞ്ഞിരുന്നത്. ‘അനുപമ എട്ടുമാസം ഗര്‍ഭിണിയായിരുന്ന സമയത്ത് അവളെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇപ്പറയുന്ന അജിത്തും അന്ന് എവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കില്‍ നിശ്ചയിച്ച് ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം തന്നെ നടക്കില്ലായിരുന്നു. തന്റെ മുന്നില്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതില്‍ ഏല്‍പ്പിച്ചിരുന്നത്. ഇതാകട്ടെ പ്രസവത്തിന് മുമ്പേ തന്നെ കുടുംബം എടുത്ത തീരുമാനവുമാണ്. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാന്‍ അനുപമയും അന്ന് ഇത് തന്നെ ആഗ്രഹിച്ചിരുന്നതായും പിതാവ് പറഞ്ഞു.

‘കുട്ടിയെ തിരികെ വേണമെങ്കില്‍, അത് തടയാന്‍ ഞാന്‍ ആരുമല്ല. ഇത് നിയമപരമായ പ്രശ്‌നമാണ്. ഇതില്‍ എനിക്ക് പങ്കില്ല. വിവാദത്തിലേക്ക് തന്നെ വലിച്ചിട്ടതിന്റെ കാരണമെന്താണെന്ന് അറിയില്ലന്നും ജയചന്ദ്രന്‍ പറഞ്ഞു. ”അനുപമ ഇപ്പോഴും തന്റെ മകള്‍ തന്നെയാണ്. ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ നിങ്ങള്‍ അനുഭവിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്കിത് മനസിലാകൂ’ എന്നും ജയചന്ദ്രന്‍ പറഞ്ഞു.
ജയചന്ദ്രന്റെ വിശദീകരണത്തിനു ശേഷമാണ് ലോക്കല്‍കമ്മിറ്റി ജയചന്ദ്രനെതിരെ നടപടിയെടുത്തത്. പാര്‍ട്ടി പരിപാടികളില്‍ നിന്ന് ജയചന്ദ്രനെ വിലക്കിയിട്ടുണ്ട്. കൂടാതെ, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏരിയ തലത്തില്‍ അന്വേഷണ കമ്മിഷനെയും നിയോഗിച്ചു.

ജയചന്ദ്രനെതിരെ നടപടിയെടുക്കണമെന്നു കമ്മിറ്റിയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ദത്ത് വിഷയത്തില്‍ കുറച്ചു കൂടി ജാഗ്രത ജയചന്ദ്രന്‍ കാണിക്കേണ്ടതായിരുന്നു. അമ്മ അറിയാതെ കുട്ടിയെ ദത്തു നല്‍കിയത് നിയമവിരുദ്ധമായ പ്രവര്‍ത്തനമാണെന്നും അംഗങ്ങള്‍ നിലപാടെടുത്തു. യോഗതീരുമാനങ്ങള്‍ ഏരിയ കമ്മിറ്റിയെ അറിയിക്കുമെന്ന് ലോക്കല്‍ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമന്‍ പറഞ്ഞു.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.