Fri. Mar 29th, 2024

മതം പഠിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ വിദ്യാർത്ഥിനിക്ക് സ്‌കൂൾ അധികൃതർ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം നിഷേധിച്ചതായി പരാതി. കോതമംഗലം വേങ്ങൂരാൻ വീട്ടിൽ വി.ഡി. മാത്യുവിന്റെയും ദീപ്തി ഡന്നിയുടെയും മകൾ ദിയ റോസിനാണ് മതപഠനത്തിന്റെ പേരിൽ തുടർവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്നത്. കോതമംഗലം രൂപത വക സെ. അഗസ്റ്റിൻ ഹയർ സെക്കണ്ടറി സ്‌കൂൾ തന്റെ മകൾക്ക് അഡ്മിഷൻ നിഷേധിച്ചതായി ദിയയുടെ മാതാവ് ദീപ്തി വ്യക്തമാക്കുന്നു.

കോതമംഗലം സെ.അഗസ്റ്റിൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ ചേരാൻ ചെന്നപ്പോൾ സ്‌കൂൾ അധികൃതർ തങ്ങളെ മതം പഠിക്കാനും കുമ്പസാരിക്കാനും തയ്യാറല്ലെങ്കിൽ അഡ്മിഷൻ തരില്ലെന്നു പറഞ്ഞ് അധിക്ഷേപിച്ച് വിട്ടുവെന്ന് പെൺകുട്ടിയും മാതാപിതാക്കളും ആരോപിക്കുന്നു. പ്രിൻസിപ്പൽ സി. ട്രീസ ജോസിന്റെ സാന്നിദ്ധ്യത്തിൽ സി. ജസീനയാണ് രൂക്ഷമായ ഭാഷയിൽ തങ്ങളെ അപസഹിച്ചതെന്നാണ് ഇവർ പറയുന്നത്.

തങ്ങൾ നിരീശ്വരരല്ലെന്നും എന്നാൽ മതം പഠിപ്പിക്കാതെയാണ് കുട്ടികളെ വളർത്തുന്നതെന്നും അതിന് ഇനിയും താല്പര്യമില്ലെന്നും ദീപ്തി തുറന്നു പറയുന്നു. കുട്ടിക്ക് അഡ്മിഷൻ കൊടുക്കാൻ തയ്യാറാകാഞ്ഞതിനെ തുടർന്ന് ദീപ്തി പോലീസിലും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.

സർക്കാർ ശമ്പളം നൽകുന്ന സ്ക്കൂളിൽ മതം പഠിക്കണമെന്ന നിബന്ധന നിയമ വിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. മതാധിപതികൾ എല്ലാ നിയമത്തിനും അതീതരാണല്ലോ? സർക്കാർ എന്തു ചെയ്യുമെന്നാണ് ഇനി അറിയേണ്ടതെന്ന് കേരള യുക്തിവാദി സംഘംസംസ്ഥാന ജനറൽ സെക്രട്ടറി രാജഗോപാൽ വാകത്താനം പറഞ്ഞു.നിയമ ലംഘനം നടത്തിയത് സ്ക്കൂൾ അധികൃതരാണ്. ജനകീയാസൂത്രണത്തിലെ റിസോഴ്സ്പേഴ്സണായി ഒരു പതിറ്റാണ്ടിലേറെ പ്രവർത്തിക്കുന്ന അവരെ ഇത്രയ്ക്ക് ആക്ഷേപിക്കാൻ എന്ത് അധികാരമാണ് അവർക്കുള്ളത്? നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.