Fri. Mar 29th, 2024

✍️ സുരേഷ്. സി.ആർ 

തന്റേതായ ശൈലിയിൽ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നിന്ന സംവിധായകനായിരുന്നു ഐ വി ശശി (1948 – 2017). അദ്ദേഹം സൃഷ്ടിച്ച ഓരോ ചിത്രങ്ങളും അന്നോളം കണ്ട സിനിമ രീതികളേയും ചിന്തകളേയും തിരുത്തിയെഴുതുന്നയാരുന്നു. ഇരുപ്പം വീട് ശശിധരൻ എന്നാണ് മുഴുവൻ പേര്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ വി ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്.

1968-ൽ എ ബി രാജിന്റെ ‘കളിയല്ല കല്ല്യാണം’ എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു.

ആദ്യചലച്ചിത്രം ‘ഉത്സവം’ ഇരുപത്തിയേഴാം വയസ്സിൽ സംവിധാനം ചെയ്തു. ഈ ചലച്ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ഇത് വൻ വിജയമായിരുന്നു. പിന്നീട് വന്ന അവളുടെ രാവുകൾ മലയാളചലച്ചിത്ര ചരിത്രത്തിലെതന്നെ ഒരു വൻ വിജയമാണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.


അങ്ങാടി, അതിരാത്രം, ദേവാസുരം, മൃഗയ, ഇൻസ്‌പെക്ടർ ബൽറാം, ഇതാ ഇവിടെ വരെവാടകയ്ക്കു ഒരുഹൃദയം, ഞാൻ ഞാൻ മാത്രം, ഇൗറ്റ, ഇനിയും പുഴയൊഴുകും, അലാവുദീനും അത്ഭുതവിളക്കും, പകലിൽ ഒരു ഇരവ്, മനസ വാചാ കർമണാ, ആറാട്ട്, കരിമ്പന, മീൻ, അശ്വരഥം, ഒരിയ്ക്കൽക്കൂടി, തുഷാരം, തൃഷ്ണ, ഹംസഗീതം, അഹിംസ, ഇൗ നാട്, ഇണ, തടാകം, ജോൺ ജാഫർ ജനാർദ്ദനൻ, സിന്ദൂര സന്ധ്യക്ക് മൗനം, ഇന്നല്ലെങ്കിൽ നാളെ, അമേരിക്ക അമേരിക്ക, ഇനിയെങ്കിലും, നാണയം, കൈകേയി, ഉയരങ്ങളിൽ, അതിരാത്രം ലക്ഷ്മണരേഖ, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, അക്ഷരങ്ങൾ, കാണാമറയത്ത്, രംഗം, അനുബന്ധം, അങ്ങാടിക്കപ്പുറത്ത്, ഇടനിലങ്ങൾ, കരിമ്പിൻപൂവിനക്കരെ, അഭയംതേടി, കൂടണയും കാറ്റ്, വാർത്ത, ആവനാഴി, ഇത്രയുംകാലം, അടിമകൾ ഉടമകൾ, വ്രതം, നാൽക്കവല, ഇല്ലം, അബ്കാരി, അനുരാഗി, 1921, മുക്തി, അക്ഷരതെറ്റ്, മൃഗയ, വർത്തമാനകാലം, അർഹത, മിഥ്യ തുടങ്ങി 150 -ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

1982-ൽ ആരൂഡത്തിന് ദേശീയോദ്‌ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ്, ആറു തവണ ഫിലിംഫെയർ അവാർഡും 2015-ൽ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 2014-ൽ ജെ.സി. ഡാനിയേൽ പുരസ്‌കാരം ലഭിച്ചു.പ്രമുഖ നടി സീമ ഭാര്യയാണ്.