Fri. Mar 29th, 2024

56 അംഗ കെ പി സി സി ഭാരവാഹി പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്‌ പ്രഖ്യാപിച്ചു. ആവശ്യമായ കൂടിയാലോചന നടത്തിയ ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വരില്ലെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

എന്‍ ശക്തന്‍, വിടി ബല്‍റാം, വിജെ പൗലോസ്, വിപി സജീന്ദ്രന്‍ എന്നിവരാണ് നാല് വൈസ് പ്രസിഡന്റുമാര്‍. വനിതകളില്‍ നിന്ന് ആരെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല.

ട്രഷററായി അഡ്വ. പ്രതാപചന്ദ്രനെ തെരഞ്ഞെടുത്തു. പട്ടികയില്‍ 23 ജനറല്‍ സെക്രട്ടറിമാരാണുള്ളത്. ജനറല്‍ സെക്രട്ടറിമാരായി മൂന്നു വനിതകളെ ഉള്‍പ്പെടുത്തി. ദീപ്തി മേരി വര്‍ഗീസ്, അലിപ്പറ്റ ജമീല, കെഎ തുളസി എന്നിവരെയാണ് ജനറല്‍ സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്. വിമത സ്വരം ഉയര്‍ത്തിയ എ വി ഗോപിനാഥിനെ ഒഴിവാക്കി.
പത്മജ വേണുഗോപാല്‍, ഡോ. സോന എന്നീ രണ്ട് വനിതകളെ കെ പി സി സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഡി സുഗതനേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

51 പേർ മാത്രം ഉണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. 325 അംഗ പട്ടികയാണ് 56 ആക്കിയത്. 42 ജനറൽ സെക്രട്ടറിമാർ ഉണ്ടായിരുന്നത് 23 ആക്കി ചുരുക്കി. 12 വൈസ് പ്രസിഡന്റ്മാറുണ്ടായിരുന്നത് 4 ആക്കി.

ലിസ്റ്റിന് മുൻ‌കൂർ ജാമ്യവും:

എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുള്ള കെപിസിസി ഭാരവാഹിപ്പട്ടികയാണ് പുറത്തിറക്കിയതെന്നും പാര്‍ട്ടിക്കകത്ത് അസംതൃപ്തി ഉള്ളവര്‍ ഉണ്ടാകാമെന്നും പറഞ്ഞുവെച്ച സുധാകരന്‍ പാര്‍ട്ടിയാണ് വലുതെന്ന് കരുതുന്നവര്‍ തെരുവിലിറങ്ങില്ലെന്നും മുൻ‌കൂർ ജാമ്യമെടുത്തിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചര്‍ച്ച നടത്തിയതാണ് പട്ടിക തയ്യാറാക്കിയത്. കെ സി വേണുഗോപാല്‍ ലിസ്റ്റില്‍ ഇടപെട്ടില്ല. ഗ്രൂപ്പില്‍ ഉള്ളവര്‍ തന്നെയാണ് പട്ടികയിലുള്ളത്. എന്നാല്‍ നേതാക്കളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം കഴിവ് തന്നെയായിരുന്നു. സ്ത്രീ സാമുദായിക സംവരണവുമടക്കം വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നും നല്‍കിയ പട്ടികയില്‍ ഹൈക്കമാന്‍ഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പട്ടികയ്ക്ക് എതിരെ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ വൈസ് പ്രസിഡന്റുമാരായി വേണമെന്ന് നിര്‍ബന്ധമില്ലെന്നും സെക്രട്ടിമാരുടെ പട്ടിക വരുമ്പോള്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യമുണ്ടാകുമെന്നും സുധാകരന്‍ വിശദീകരിച്ചു. രമണി പി നായരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിലെ ചില കാരണങ്ങള്‍ രമണിയുടെ പേര് പിന്‍വലിക്കാന്‍ കാരണമായി. സുമ ബാലകൃഷ്ണന്‍ പാര്‍ട്ടിയില്‍ സജീവമാകാന്‍ പറ്റുന്ന സാഹചര്യത്തില്‍ ഇല്ല. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും എ വി ഗോപിനാഥ് പാര്‍ട്ടിക്കൊപ്പമാണെന്നും സുധാകരന്‍ അവകാശപ്പെട്ടു.