Fri. Apr 19th, 2024

ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയാന്‍ ഫിലിപ്പിനെ വേണ്ട രീതിയില്‍ സിപിഐഎം സഹകരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നെതര്‍ലാന്റ് സന്ദര്‍ശനത്തെ അടക്കം കുറ്റപ്പെടുത്തി ദുരന്തനിവാരണത്തെ വിമര്‍ശിച്ച ചെറിയാന് മറുപടി നല്‍കുകയായിരുന്നു പിണറായി. അതിനിടെ, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായുള്ള ചെറിയാന്റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കി.

ഇടത് ബന്ധം ചെറിയാനും ചെറിയാനുമായുള്ള സഹകരണം എല്‍ഡിഎഫും അവസാനിപ്പിക്കുന്നു എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. നെതര്‍ലാണ്ട്‌സ് മാതൃകയെ കുറിച്ച് അവിടെപ്പോയി പഠിച്ച ശേഷമുള്ള തുടര്‍നടപടി ആര്‍ക്കുമറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ചെറിയാന്റെ വിമര്‍ശനം.

റൂം ഫോര്‍ റിവര്‍ ഡച്ച് മാതൃകയില്‍ നടപടി തുടരുന്നുവെന്ന് വിശദീകരിച്ച മുഖ്യമന്ത്രി വിശ്വസ്തനായിരുന്ന ചെറിയാന്റെ മനംമാറ്റങ്ങളെകുറിച്ച് പ്രതികരിച്ചത് താന്‍ ആരുടെയും രക്ഷകര്‍ത്താവല്ലെന്നായിരുന്നു. കോണ്‍ഗ്രസ് വിട്ടു വന്നപ്പോള്‍ സിപിഎമ്മുമായി നന്നായി സഹകരിച്ചു. ചെറിയാന്‍ ഫിലിപ്പിന് ഇപ്പോള്‍ മറ്റെന്തെങ്കിലും നിലയുണ്ടോ എന്നറിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.