Tue. Mar 19th, 2024

✍️ ലിബി. സി.എസ്

ഇന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ സ്ഥാപക ദിനമാണെങ്കിലും എനിക്ക് കേരളത്തിൽ ‘പ്യുവർ നിരീശ്വരവാദി’ (Puritan Atheist) കളായ ഇത്രയേറെ സ്ത്രീകൾ ഉണ്ടെന്ന് മനസിലായത് മൂന്ന് വർഷം മുൻപ് ഈ ദിവസമായിരുന്നു.

2018 ഒക്ടോബറിൽ ഈ ദിവസമാണ് ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ചരിത്ര വിധിക്കുശേഷം നവോത്ഥാന മാമാങ്കങ്ങളും പരസ്പരമുള്ള വെല്ലുവിളികൾക്കും ശേഷം ശബരിമല നടതുറന്നതും പത്തനതിട്ട ജില്ലയുടെ ഭരണംതന്നെ പോലീസിനെ നോക്കുകുത്തിയാക്കികൊണ്ട് ആചാരസംരക്ഷകരായ ശൂദ്രലഹള ആക്ടിവിസ്റ്റുകൾ ഏറ്റെടുത്തതും.

ശബരിമല നടതുറക്കുന്നതിന് ഒരാഴ്ച മുൻപ് തന്നെ പത്തനംതിട്ട ജില്ലയിൽപോലും ഒരുത്തിയേയും കാലുകുത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംഘപരിവാർ നടത്തിയ ഭീഷണിക്കു മുന്പിൽ ഭയന്നുവിറച്ച് നവോത്ഥാന കേരളത്തിൻറെ പ്രയോക്താക്കളും അതിനുമുൻപ് പരിവാരങ്ങളെ സോഷ്യൽമീഡിയയിലും പൊതുനിരത്തിലും മൈക്കുകെട്ടി വെല്ലുവിളിച്ചിരുന്ന സ്ത്രീവിമോചകരുമെല്ലാം മാളത്തിലൊളിച്ചപ്പോൾ ആദ്യമായി ആചാരലംഘനത്തിന് കേരളത്തിൽ നിന്നുള്ള ഒരു മഹിഷിയുടെ ശ്രമം നടത്തിയതും ഇന്നായിരുന്നു.
അതേത്തുടർന്ന് ഗാന്ധിയൻ സമരമാർഗ്ഗം സ്വീകരിച്ചിരുന്നവരുടെ പ്രസിദ്ധമായ ആചാരപരമായ നിലയ്ക്കൽ ഓട്ടത്തിനും കരണമായിത്തീർന്നതും, ശൂദ്രലഹളയുടെ ശകുനിയായ ചാണകത്തെ ടാർപ്പോളിനിൽ പൊതിഞ്ഞു ഫോറസ്റ്റ് വണ്ടിയിൽ പോലീസ് കൊണ്ടുപോയതും, ഹിന്ദു തീവ്രവാദി പ്രതീഷ് വിശ്വനാഥ് അറസ്റ്റ് ചെയ്യപ്പട്ടതും ഇന്നേദിവസമാണ്.

നിരവധി മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടതും, നിരോധനാജ്ഞ പ്രഖ്യാപിച്ചതും, തുടർന്ന് പിറ്റേന്ന് അയ്യപ്പഹർത്താൽ പരമ്പരയിലെ ആദ്യത്തെ ഹർത്താലും നടന്നത് ഒക്ടോബർ 17 ലെ ഇടപെടലിനെ തുടർന്നാണ്. ഇതിൽ ആചാരസംരക്ഷകരും പോലീസും പത്രപ്രവർത്തകരും അവരവരുടെ ജോലിചെയ്യുക മാത്രമാണ് ചെയ്തത്. അതുകൊണ്ടുതന്നെ ആരോടും വ്യക്തിപരമായ വിദ്വെഷമൊന്നും ഇല്ലെങ്കിലും അന്ന് മുങ്ങിയിട്ട് വർഷം മൂന്ന് കഴിഞ്ഞിട്ടും ഇന്നും പൊങ്ങിയിട്ടില്ലാത്ത ചിലർ ഉണ്ട്. അവരെക്കുറിച്ചുമാത്രമേ സഹതാപമുള്ളൂ.

ഞാൻ അന്നുവരെ മനസിലാക്കാതിരുന്ന മറ്റൊരു പ്രധാന തിരിച്ചറിവ് കൂടി ശബരിമല വിഷയത്തോടെ എനിക്കുണ്ടായി. കേരളത്തിൽ ഇത്രയേറെ യുക്തിവാദികളും നിരീശ്വരവാദികളുമായ സ്ത്രീകൾ ഉണ്ടെന്ന്. 17 വർഷം കേരളാ യുക്തിവാദി സംഘത്തിൽ പ്രവർത്തിക്കുകയും 8 വർഷം അതിൻറെ സംസ്ഥാന കമ്മറ്റിയിൽ അംഗമായിരിക്കുകയും ചെയ്തിട്ടും എനിക്കത് മനസിലായിട്ടില്ലായിരുന്നു. ഞാൻ കോൺടാക്റ്റ് ചെയ്ത സാമൂഹ്യ പ്രവർത്തകരായ സ്ത്രീകളിൽ 95% സ്ത്രീകളും ആദ്യം പറഞ്ഞ എക്യൂസ് ‘ഞങ്ങൾ ദൈവ വിശ്വാസികൾ അല്ല’ അല്ലെങ്കിൽ തകർത്തേനെ എന്നായിരുന്നു.

ശബരിമല വിധിയും സംഘപരിവാർ ഭീകരതയും അന്ധവിശ്വാസം ഏറ്റവുംകൂടുതൽ ഉള്ള സ്ത്രീകളെ നിരീശ്വരവാദികളും ശാസ്ത്രാവബോധമുള്ളവരുമാക്കി മാറ്റുമെങ്കിൽ അത് ചെറിയകാര്യമല്ലല്ലോ? ഏഴുപത് വർഷമായിട്ടും വിദ്യാഭ്യാസവകുപ്പിന് പോലും ശാസ്ത്രാവബോധമുണ്ടാക്കാൻ പറ്റാത്തപ്പോൾ ശൂദ്രലഹള കൊണ്ട് അങ്ങനെ ഒരു ഗുണവശം ഉണ്ടെങ്കിൽ അത് പ്രോത്സാഹന ജനകമാണ്. നിരവധിയായ യുക്തിവാദി ഗ്രൂപ്പുകൾക്കും ശാസ്ത്ര സാഹിത്യപരിഷത്തിനും, മറ്റ് ശാസ്ത്രപ്രചാരകർക്കും സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിനും കഴിയാതിരുന്നതാണ് അയ്യപ്പസ്വാമിയുടെ നൈഷ്‌ടീകത്തിന് കഴിഞ്ഞത്. (പക്ഷെ ഒരു വർഷം കഴിയുമുൻപ് ഇവരിൽ ചിലരൊക്ക ക്ഷേത്രത്തിൽ അരങ്ങേറ്റം കുട്ടികൾക്ക് എഴുത്തിനിരുത്ത് പൂജവെപ്പ് എന്നിവയൊക്കെയായി ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ട് ലൈക്ക് വാരിക്കൂട്ടി ഭക്തിവാദികളുമായി എന്നതാണ് നിരാശാജനകം)
പിന്നീട് ആചാരലംഘനം പൂർവാധികം ഭംഗിയോടെ വീര കോവിഡ്‌ജി ഏറ്റെടുക്കുകയും “സ്വാമിയേ ശരണം അയ്യപ്പോ കി ജയ് അമ്മച്ചി”യേയും കെട്ടിപ്പിടുത്തവും ഉമ്മകൊടുക്കലും നിർത്തിച്ച് കോവിഡ്‌ജി വീട്ടിലിരുത്തുകയും ചെയ്‌തെങ്കിലും ഇത്രയേറെ സ്ത്രീകളായ Puritan Atheist കളെ സംഭാവന ചെയ്ത അയ്യപ്പസ്വാമി ചില്ലറക്കാരൻ അല്ലെന്ന് മനസിലാക്കി സുധാമണിയമ്മച്ചിയുടെ മുദ്രാവാക്യം ഞാനും കടമെടുക്കുകയാണ് നൈഷ്‌ടീകം നയിക്കട്ടെ, “സ്വാമിയേ ശരണമയ്യപ്പോ കി ജയ്”

വാൽ കഷ്ണം: ശവത്തിൽ കുത്തുന്നത് ശരിയല്ലെന്നറിയാം എങ്കിലും, ശബരിമലയിൽ സ്ത്രീകൾ കയറിയാൽ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞിട്ട് ഇവിടിപ്പോഴും നാണംകെട്ടും ജീവിച്ചുപോകുന്ന കുലകൾക്ക് ആർക്കും ഇത്തവണ ആചാരം സംരക്ഷിക്കണ്ടേ? കഴിഞ്ഞ തവണ കോവിഡ്‌ജി സുപ്രധാന ആചാരങ്ങൾ ഒറ്റയടിക്ക് ലംഘിച്ചപ്പോഴും ഇത്തവണ പെരുമഴയെത്തുടർന്ന് സർക്കാർ അയ്യപ്പവിലക്ക് ഏർപ്പെടുത്തിയപ്പോഴും ആചാരപരമായ പ്ലാൻ സി അനുസരിച്ച് ഒരു തൂറിയേറ് എങ്കിലും സംഘടിപ്പിക്കേണ്ടതല്ലേ? ഒരു ശതം സമർപ്പയാമിക്ക് കൂടി സ്കോപ്പ് ഉണ്ട്!
നൈഷ്‌ടീകത്തിന്റെ പേരിൽ ചിലസ്ത്രീകൾ ഇന്നും തെരുവിൽ ആക്രമിക്കപ്പെടുമ്പോൾ, സ്വയം സുരക്ഷിതരായികൊണ്ട്, സുരക്ഷിത സ്ഥാനത്തിരുന്ന് ചില സ്ത്രീവിമോചന തള്ളുകൾ നടത്തുന്നത് കണ്ടതുകൊണ്ട് ആക്രമിക്കപ്പെടുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി വെറുതെ ഒരു ഓർമ്മിച്ചെടുക്കൽ നടത്തിയെന്നുമാത്രം.

നൈഷ്‌ടീക തകർച്ചയുടെ തുടക്കം ഇങ്ങനെ…..