Thu. Mar 28th, 2024

കേരളത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയും നേമം എം എല്‍ എയുമായ ഒ രാജഗോപാല്‍. ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ള ഇന്ന് പ്രകാശനം ചെയ്ത ഒ രാജഗോപാലിന്റെ ആത്മകഥയായ ജീവിതാമൃതത്തിലാണ് വിവാദ വെളിപ്പെടുത്തല്‍ ഉള്ളത് 1991 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി ജെ പിയും വോട്ട് കച്ചവടം നടത്തിയെന്നാണ് തുറന്നുപറച്ചിൽ.

എന്നാല്‍ വോട്ടുകച്ചവടം ബിജെപിക്ക് തിരിച്ചടിയായി. പി.പി മുകുന്ദന്റെ പരിചയക്കുറവ് എല്‍ഡിഎഫും യുഡിഎഫും മുതലെടുത്തു. കെജി മാരാര്‍ക്കും രാമന്‍പിള്ളക്കും നല്‍കാമെന്ന് പറഞ്ഞ സഹായം കിട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അങ്ങനെ എല്‍ഡിഎഫ് ഉന്നയിച്ച കോലീബീ എന്ന ആക്ഷേപം മാത്രം ബാക്കിയായി. ബിജെപി വോട്ടുകൂടി നേടിയാണ് യുഡിഎഫ് അന്ന് അധികാരത്തിലെത്തിയതെന്നും രാജഗോപാല്‍.

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ആരോപണമാണ് കോലീബി സഖ്യം. 1991ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും മുസ്ലിം ലീഗും ധാരണയുണ്ടാക്കിയെന്നായിരുന്നു എന്നതായിരുന്നു ആരോപണം. കെ.ജി മാരാരുടെ ജീവചരിത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കിയതോടെ എല്‍ഡിഎഫ് ആരോപണത്തിന് ബലമേറി.

ബേപ്പൂര്‍, വടകര എന്നീ മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രരെ നിര്‍ത്താനും കെ.ജി മാരാര്‍ മത്സരിക്കുന്ന മഞ്ചേശ്വരത്ത് യുഡിഎഫ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സഹായിക്കാമെന്നായിരുന്നു ധാരണ. ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടിയും വടകരയില്‍ അഡ്വ. രത്‌ന സിങ്ങുമാണ് മത്സരിച്ചത്. മഞ്ചേശ്വരത്തിന് പുറമെ തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍പിള്ള, തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ എന്നിവര്‍ക്ക് രഹസ്യ പിന്തുണ നല്‍കാമെന്നും യുഡിഎഫ് വാഗ്ദാനം നല്‍കി. എന്നാല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒറ്റ ബിജെപി സ്ഥാനാര്‍ത്ഥി പോലും ജയിച്ചില്ല.

ഈ തിരഞ്ഞെടുപ്പ് ധാരണയെക്കുറിച്ച് കെ ജി മാരാരുടെ ജീവചരിത്രത്തിലും പരാമര്‍ശമുണ്ട്. മാരാരുടെ ജീവചരിത്രത്തിലെ ‘പാഴായ പരീക്ഷണം’ എന്ന അധ്യായത്തിലാണ് ഇത് സംബന്ധിച്ച് സ്ഥിതീകരണം.