Saturday, November 27, 2021

Latest Posts

മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 19 ആയി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം വീതം സര്‍ക്കാര്‍ ധനസഹായം; തിരച്ചില്‍ തുടരുന്നു

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 19 ആയി. കോട്ടയത്ത് 12 പേരും ഇടുക്കിയില്‍ 6 പേരും കോഴിക്കോട് വടകരയില്‍ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. കൊക്കയാറില്‍ ഏഴുപേരില്‍ 4 പേരുടെ മൃതദേഹം കണ്ടെത്തി. മൂന്ന് പേര്‍ കുട്ടികളാണ്. 3 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

ഷാജി ചിറയില്‍(56), അഫ്സാന ഫൈസല്‍(8), അഫിയാന്‍ ഫൈസല്‍(4), അംന സിയാദ് (7) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഷാജിയുടെ മൃതദേഹം കണ്ടെത്തിയത് മുണ്ടക്കയത്തുമാണ്. ഫൗസിയ, അമീന്‍ സിയാദ്, സച്ചു ഷാഹുല്‍ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.

അതേസമയം, കോഴിക്കോട് വടകരിയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു. കുന്നുമ്മക്കര സ്വദേശി പട്ടാണി മീത്തല്‍ ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാലുലക്ഷം രൂപവീതമാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായമായി നല്‍കുക. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.
നേരത്തെ, കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ എല്ലാം നല്‍കുമെന്ന് കേന്ദ്രമന്ത്രി അമിത്ഷായും അറിയിച്ചു. നിലവില്‍ കേരളത്തിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെയും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യം വന്നാല്‍ കൂടുതല്‍ ക്യാംപുകള്‍ അതിവേഗം തുടങ്ങാന്‍ സജ്ജീകരണമൊരുക്കിയിട്ടുമുണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചിരുന്നു.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഒപ്പം 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ ആര്‍മിയുടെ ഒരു ടീമിനെ തിരുവനന്തപുരത്തും ഒന്ന് കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ ടീമുകള്‍ ഓരോന്ന് വീതം കോഴിക്കോടും വയനാടും വിന്യസിച്ചിട്ടുണ്ട്.എയര്‍ഫോഴ്‌സ്‌നേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സന്നദ്ധസേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായെന്നും സര്‍ക്കാര്‍ അറിയിച്ചു.







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.