Saturday, November 27, 2021

Latest Posts

സൂരജ് ഇനി പുറംലോകം കാണില്ല, ഉത്ര വധക്കേസിൽ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും

കേരള മനസാക്ഷിയെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവ്. പ്രതിയുടെ പ്രായവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു കോടതി പറഞ്ഞു. ശിക്ഷാവിധി കേള്‍ക്കാന്‍ ഉത്രയുടെ പിതാവും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഉത്രയുടെ അമ്മ. പരമാവധി ശിക്ഷയാണു പ്രതീക്ഷിച്ചിരുന്നതെന്നും അമ്മ പറഞ്ഞു. ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു.

നേരത്തെ, ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു ഉത്രയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റാന്വേഷണ ചരിത്രത്തില്‍ രാജ്യത്ത് തന്നെ ശ്രദ്ധേയമായ ഉത്രവധക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. എന്തെങ്കിലും പറയാന്‍ ഉണ്ടോയെന്ന് സൂരജിനോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു മറുപടി.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയ പ്രോസിക്യൂഷന്‍, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് വാദിച്ചു. വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിത്. സ്വന്തം ഭാര്യ വേദനയാല്‍ നിലവിളിച്ചപ്പോള്‍ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു.

ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വര്‍ഷം എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി.
2020 മേയ് ഏഴിനാണ് മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് ഉത്ര മരിച്ചത്. കൊലപാതകമാണെന്ന എട്ടു പേജുള്ള പരാതിയുമായി ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പിയായിരുന്ന ഹരിശങ്കറിനെ കണ്ടതോടെയാണ് കൊലപാതകത്തിലേക്ക് അന്വേഷണമെത്തിയത്.

തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 14 ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതിയില്‍ വിചാരണനടപടികളും വേഗത്തിലായിരുന്നു. ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നെന്നാണ് പ്രോസിക്യൂഷന്‍ വാദം. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകം.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ -ഗൂഢാലോചനയോടെയുള്ള കൊലപാതകം(302), നരഹത്യാ ശ്രമം(307), കഠിനമായ ദേഹോപദ്രവം (326), വനംവന്യജീവിനിയമം (115) എന്നിവയാണ് സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്. ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, മൂര്‍ഖന്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, രാസപരിശോധന ഫലങ്ങള്‍, മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന എന്നിവയുമുണ്ട്.

പൊലീസിനൊപ്പം സര്‍പ്പശാസ്ത്രജ്ഞരും വിഷയവിദഗ്ധരും അന്വേഷണത്തില്‍ പങ്കാളികളായി. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സുരേഷില്‍ നിന്നാണ് സൂരജ് ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ വാങ്ങിയത്. കേസില്‍ വിധി പറയുന്നതോടെ മാപ്പുസാക്ഷിയായ സുരേഷ് ജയിന്‍ മോചിതനാകുമെന്നാണ് വിവരം. കൊലപാതകക്കേസിലെ വിധി തന്നെയാണ് പ്രധാനം. ഗാര്‍ഹികപീഡനക്കേസും വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസിലും വിചാരണനടപടികള്‍ പൂര്‍ത്തിയായിട്ടില്ല.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.