Tuesday, November 30, 2021

Latest Posts

എ.പാച്ചൻ അവാർഡ് പ്രമുഖ മാധ്യമ പ്രവർത്തകൻ എസ്. സുധീശന്, 23 ന് കൊല്ലത്തു നടക്കുന്ന എ. പാച്ചൻ അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും

കൊല്ലം: സ്വാതന്ത്ര്യ സമര സേനാനിയും നവോത്ഥാന പ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എ. പാച്ചന്റെ അനുസ്മരണാർഥം, എ. പാച്ചൻ ഫൗണ്ടേഷൻ നൽകുന്ന അവാർഡിന് പ്രമുഖ മാധ്യമ പ്രവർത്തകൻ എസ്. സുധീശൻ അർഹനായി. 15000 രൂപയും ഫലകവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം എ. പാച്ചന്റെ 17-ആം അനുസ്മരണ ദിനമായ ഒക്ടോബർ 23ന് കൊല്ലത് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. കഴിഞ്ഞ ദിവസം ചേർന്ന എ. പാച്ചൻ ഫൗണ്ടേഷൻ യോഗമാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്. എസ്. സുധീശന്റെ മാധ്യമ – സാഹിത്യ മേഖലയിലെ സംഭാവനകളും ഇടപെടലുകളുമാണ് അവാർഡിന് പരിഗണിച്ചത്.

1976 ല്‍ കെ.പി. സി.സി വീക്ഷണം പത്രം തുടങ്ങിയപ്പോള്‍ എഡിറ്റോറിയല്‍ ട്രെയിനി ആയാണ് എസ്. സുധീശൻ പത്രപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. 1977 ല്‍ മദ്രാസിലും 78 ല്‍ ബാഗ്ലൂരിലും നടന്ന ലോക ചലച്ചിത്രമേളകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ വന്‍കിട വൈദ്യുത നിലയങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരള സർക്കാർ നിയോഗിച്ച പത്രപ്രവര്‍ത്തക സംഘത്തില്‍ അംഗമായിരുന്നു. ഏറെക്കാലം നിയമസഭാ റിപ്പോര്‍ട്ടിംഗിന് നടത്തി. മുപ്പത് വർഷം ആകാശവാണിയുടെ കൊല്ലം പ്രതിനിധിയായിരുന്നു. നിലവിൽ വീക്ഷണം കൊല്ലം യൂണിറ്റിന്റെ റസിഡന്റ് എഡിറ്ററാണ്. തൃശൂരില്‍ നിന്നാരംഭിച്ച പുണ്യഭൂമിയിലും സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട് നിന്നാരംഭിച്ച വര്‍ത്തമാനത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന എക്‌സിക്യൂട്ടീവിൽ 14 വര്‍ഷം പ്രവർത്തിച്ച അദ്ദേഹം എട്ട് വര്‍ഷം സംസ്ഥാന ട്രഷററുമായിരുന്നു.കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റായും രണ്ട് തവണ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേർണലിസ്റ് അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തക സംഘത്തിൽ അംഗമായി ശ്രീലങ്കയും നേപ്പാളും സന്ദര്‍ശിച്ചു.
കേരള സര്‍വകലാശാല സെനറ്റിൽ രണ്ടു തവണ മാധ്യമ പ്രവർത്തകരുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. കേരള പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

മറഞ്ഞുകൊണ്ടിരിക്കുന്ന നാടന്‍കലകളെക്കുറിച്ച് എഴുതിയ അറ്റുപോകുന്ന തായ്‌വഴി പെരുമകള്‍ എന്ന വാര്‍ത്താ പരമ്പരയ്ക്ക് 2005 ലെ സ്വദേശാഭിമാനി പത്രപ്രവര്‍ത്തക അവാര്‍ഡ്, കഥയില്ലാതാകുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് എഴുതിയ ആവിയായി പോകുന്ന അഴിമതിക്കഥകള്‍ എന്ന പരമ്പരയ്ക്ക് മികച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിനുള്ള തിരുവനന്തപുരം പ്രസ് ക്ലബിന്റെ 2006ലെ കെ.സി.സെബാസ്റ്റ്യന്‍ അവാര്‍ഡ്, മാദ്ധ്യമ രംഗത്തെ മികവിന് പത്തനാപുരം ഗാന്ധി ഭവന്‍ ഏര്‍പ്പെടുത്തിയ അതിരുങ്കല്‍ പ്രഭാകരന്‍ സ്മാരക അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

കോളേജ് പഠന കാലത്ത് തന്നെ എഴുത്തിൽ സജീവമായി. ആദ്യ നോവലായ കാളീപുരത്ത് വേഷങ്ങള്‍ക്ക് 1987 ലെ കുങ്കുമം അവാര്‍ഡ് ലഭിച്ചു. തകഴി ശിവശങ്കരപിള്ളയാണ് അവാർഡ് സമ്മാനിച്ചത്.

കാക്കനാടന്‍മാര്‍- അപൂര്‍വ്വതകളുടെ ആള്‍രൂപങ്ങള്‍, കാഴ്ചക്കപ്പുറം- എ കെ ആന്റണി എന്നീ രണ്ട് ജീവ ചരിത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കവി അയ്യപ്പന്റെ ജീവിതം പറയുന്ന “ഒസ്യത്തില്‍ ഇല്ലാത്ത രഹസ്യങ്ങള്‍’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചത് അടുത്ത കാലത്താണ്.
കെ.പി.സി.സിയുടെ കലാസാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ കൊല്ലം ജില്ലാ പ്രസിഡന്റാണ്‌. കേരള ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ്, സാംസ്‌കാരിക വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗം എന്നീ പദവികള്‍ വഹിച്ചു.

തോപ്പില്‍ രവി ഫൗണ്ടേഷന്‍ സ്ഥാപിച്ചതുമുതല്‍ ജനറല്‍ സെക്രട്ടറിയാണ്. സി. ആർ. രാമചന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ്‌, കളേഴ്‌സ് ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. മൂന്നു തവണ എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. എസ് എന്‍ ട്രസ്റ്റ് മെഡിക്കല്‍ മിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.
കൊട്ടിയം പുല്ലാംകുഴി റോഡ് രാധികയിലാണ് താമസം. കൊല്ലം ക്രേവണ്‍ ഹൈസ്‌കൂളില്‍ മലയാളം അദ്ധ്യാപികയായിരുന്ന ബി സരളകുമാരിയാണ് ഭാര്യ. മക്കള്‍: ആര്‍ എസ് കണ്ണന്‍ (എസ്.എന്‍ ട്രസ്റ്റ് എഞ്ചിനിയറിംഗ് വിഭാഗം), ആര്‍ എസ് കാര്‍ത്തിക (വൈദ്യൂതി ബോര്‍ഡ്) മരുമക്കള്‍ :ആര്‍ അരുണ്‍കുമാര്‍ (അബുദാബി), ബി എസ് നിഷ (സൊസൈറ്റി സെക്രട്ടറി).

എ. പാച്ചൻ ഫൗണ്ടേഷൻ യോഗത്തിൽ പ്രസിഡന്റ്‌ ഡി. ചിദംബരൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എ. എ. അസീസ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പി. രാമഭദ്രൻ, അഡ്വ. എസ്. പ്രഹ്ലാദൻ, ബോബൻ. ജി. നാഥ്‌, അഡ്വ. കെ. വേലായുധൻപിള്ള, ശൂരനാട് അജി, പ്രബോധ് എസ്. കണ്ടച്ചിറ, കെ. ഗോപാലകൃഷ്ണൻ, വി. രാമചന്ദ്രൻ, കാവുവിള ബാബുരാജൻ, ശശി വൈഷ്ണവം എന്നിവർ പ്രസംഗിച്ചു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.