Tue. Apr 23rd, 2024

സംസ്ഥാനത്തെ മലയോരമേഖലകളിലേക്കും തീരദേശമേഖലകളിലേക്കും റേഷന്‍ സാധനങ്ങളുമായി കെഎസ്ആര്‍ടിസി ബസുകള്‍ എത്തും. സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍ റേഷന്‍കടകള്‍ ആരംഭിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വന്നത്. ഇതിനായി ബസുകള്‍ രൂപമാറ്റം ചെയ്യാനും ഡ്രൈവര്‍മാരെ വിട്ടുനല്‍കാനും തയ്യാറാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

എല്ലാ ജില്ലകളിലേക്കും ഒരു ബസ് എന്ന രീതിയില്‍ പദ്ധതി തുടങ്ങാനാണ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ആലോചിക്കുന്നത്. സഞ്ചരിക്കുന്ന മാവേലിസ്‌റ്റോറുകളായി കെഎസ്ആര്‍ടിസിയെ മാറ്റാനും സാധ്യതയുണ്ട്. ആദിവാസി ഊരുകളിലേക്കും ഉള്‍പ്രദേശങ്ങളിലേക്കും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ മൊബൈല്‍ വാഹന സംവിധാനമാണ് ലക്ഷ്യംവെക്കുന്നതെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

‘റേഷന്‍ ഷോപ്പ് ഓണ്‍ വീല്‍സ് ‘ പദ്ധതിയുടെ ഭാഗമായി വ്യവസ്ഥകള്‍, ചിലവ് എന്നിവ സംബന്ധിച്ച് ഗതാഗത വകുപ്പുമായി സിവില്‍ സപ്ലൈസ് വകുപ്പ് ചര്‍ച്ച നടത്തി. കെഎസ്ആര്‍ടിസി ബസ് ഉപയോഗിച്ചുളള വിതരണം സൗകര്യപ്രദമായ വ്യവസ്ഥയാണെങ്കില്‍ ഇത് നടപ്പാക്കുന്ന്ത് ആലോചിക്കുമെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.