Thu. Mar 28th, 2024

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. മോന്‍സനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും ഇയാള്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതി പുറത്തിറങ്ങിയാല്‍ കേസിന്റെ അന്വേഷണത്തെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.

പത്ത് കോടിയുടെ സാമ്പത്തിക തട്ടിപ്പ് അടക്കം രണ്ട് കേസുകളിലാണ് മോന്‍സന്റെ ജാമ്യാപേക്ഷ എറണാകുളം എ സി ജെ എം കോടതി തള്ളിയിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. മോന്‍സന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവാസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മോന്‍സനെ ഈ മാസം 20 വരെയായിരുന്നു റിമാന്‍ഡ് ചെയ്തത്. വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് 3 തവണയായി 9 ദിവസമാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ മോന്‍സനെ ചോദ്യം ചെയ്തത്. ഇടപാടുകാരെ കബളിപ്പിക്കാന്‍ ഉപയോഗിച്ച വ്യാജരേഖ നിര്‍മ്മിച്ചത് സംബന്ധിച്ചും ആരുടെ അക്കൗണ്ട് വഴിയായിരുന്നു കോടികളുടെ സാമ്പത്തിക ഇടപാട് നടന്നതെന്നും അന്വേഷണ സംഘം മോന്‍സനില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്.
വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയില്‍ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ വിശദമായി ചോദ്യം ചെയ്യലിനാണ് മോന്‍സനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്. ചോദ്യം ചെയ്യലില്‍ പ്രതിയില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

അതിനിടെ മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവര്‍ക്ക് ഭീഷണിയെന്നും പരാതി. ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഡിജിപിയെ സമീപിച്ചു. വിഷയത്തില്‍ പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.