Fri. Mar 29th, 2024

ഇസ്ലാം മത സ്ഥാപകൻ മുഹമ്മദിൻറെ വിവാദ കാർട്ടൂൺ വരച്ച സ്വീഡിഷ് കാർട്ടൂണിസ്റ്റ് ലാർസ് വിൽക്സ് വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. സൗത്തേൺ സ്വീഡനിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇറാഖിലെ അൽ ഖ്വയ്ദ് തീവ്രവാദ സംഘം ഇദ്ദേഹത്തെ കൊലപ്പെടുത്തുന്നവർക്ക് വൻ പാരിതോഷികവും വാ​ഗ്ദാനം ചെയ്തിരുന്നു. എങ്ങനെയാണ് വാഹനാപകടം ആസൂത്രിതമാണോയെന്ന് സ്വീഡിഷ് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

മത ഭീകരവാദികളുടെ ഭീഷണി മൂലം പതിനാല് വർഷമായി പൊലീസ് സംരക്ഷണയിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ലാർസിനൊപ്പം സഞ്ചരിച്ച രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. ട്രക്ക് ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട്.

2007 ലാണ് ലാർസ് വിവാദ കാർട്ടൂൺ വരച്ചത്. പട്ടിയുടെ ശരീരത്തിനു പ്രവാചകൻ നബിയുടെ തല വെച്ചായിരുന്നു അദ്ദേഹത്തിന്റെ കാർട്ടൂൺ. കാർട്ടൂണിന് പിന്നാലെ ഇദ്ദേഹത്തിന് നേരെ നിരന്തര വധ ഭീഷണികൾ വന്നിരുന്നു. സ്വീഡനിലെ സമാധാനാന്തരീക്ഷത്തെയും ഇത് ബാധിച്ചു. മുസ്ലിം രാജ്യങ്ങളിൽ നിന്നു വന്ന വിമർശനത്തിനു പിന്നാലെ അന്നത്തെ സ്വീഡിഷ് പ്രധാനമന്ത്രി ഫ്രെഡ്രിക് റെയിൻഫെൽറ്റലിന് 22 മുസ്ലിം രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ചയും നടത്തി.