Fri. Apr 19th, 2024

പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠിയെ കഴുത്തറുത്ത് കൊന്നത് പ്രണയനൈരാശ്യം മൂലമെന്ന് അറസ്റ്റിലായ അഭിഷേക് ബൈജു പൊലീസിനോട് പറഞ്ഞു. നിതിനയുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും ചോദ്യം ചെയ്യലിൽ അഭിഷേക് പറഞ്ഞു. കൊലപ്പെടുത്തണമെന്ന് ഉദ്യേശിച്ചിരുന്നില്ലെന്നും കത്തികൊണ്ടുവന്നത് സ്വന്തം കൈ ഞരമ്പ് മുറിച്ച് പേടിപ്പെടുത്താനാണെന്നും പ്രതി പൊലീസിന് മൊഴിനൽകി.

നിതിന കൊല്ലപ്പെടുന്നത് അമ്മയുമായി ഫോണിൽ സംസാരിച്ചു നിൽക്കുമ്പോഴാണ്. രണ്ടുദിവസം മുമ്പ് നിതിനയുടെ ഫോൺ അഭിഷേക് പിടിച്ചുവാങ്ങിയിരുന്നു. ഈ ഫോൺ തിരിച്ചുനൽകുന്നതിനുവേണ്ടിയാണ് നിതിനയെ കാണാനെത്തിയത്. കൊലയ്ക്കുശേഷം പൊലീസെത്തുംവരെ തൊട്ടടുത്ത ബെഞ്ചിൽ ഇരുന്ന അഭിഷേക് ഒരു കൂസലും കൂടാതെയാണ് പൊലീസ് ജീപ്പിലേക്ക് കയറിതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
ക്യാമ്പസിനകത്ത് പുതുതായി പണി കഴിപ്പിക്കുന്ന സിവിൽ സർവീസ് അക്കാദമിക്ക് സമീപത്താണ് കൊലപാതകം നടന്നത്. കെട്ടിട നി‌ർമാണ തൊഴിലാളികളാണ് ആദ്യം സംഭവസ്ഥലത്ത് എത്തുന്നത്. അവർ ഓടിയെത്തുമ്പോൾ കാണുന്നത് കഴുത്തിന് മുറിവേറ്റ് കിടക്കുന്ന നിതിനയേയും കയ്യിൽ ചെറിയ മുറിവുമായി അടുത്തുള്ള ബെഞ്ചിൽ വിശ്രമിക്കുന്ന അഭിഷേകിനെയുമാണ്. പണിസ്ഥലത്തേക്ക് വന്ന വാഹനത്തിൽ നിതിനയെ ആശുപത്രിൽ എത്തിച്ചത്.

നിതിനയുടെ മരണത്തോടെ ഒറ്റക്കായത് നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള അമ്മ. സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷായിരുന്നു നിതിന. ഏഴു വർഷം മുമ്പാണ് തലയോലപറമ്പിലെ പത്താം വാർഡിൽ ഇവർ താമസം തുടങ്ങുന്നത്. അമ്മയും മകളും മാത്രമടങ്ങുന്ന കുടുംബത്തിന് തലയോലപറമ്പിലെ ഒരു സാമൂഹിക സംഘടനയാണ് വീട് വച്ച് നൽകിയത്. ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു ഇവരെന്ന് അയൽക്കാർ പറഞ്ഞു.
രണ്ട് വർഷം മുമ്പ് ഉണ്ടായ പ്രളയത്തിൽ ഇവരുടെ വീടിന് സാരമായ നാശനഷ്ടങ്ങൾ ഉണ്ടായി. കാര്യമായ ജോലിയൊന്നുമില്ലാത്ത അമ്മയ്ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നുമായിരുന്നു കുടുംബം കഴിഞ്ഞുപോന്നത്.

നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തിയാണ് നിതിനയുടെ അമ്മയെന്നും ഇന്ന് രാവിലെ ഇരുവരും ഒരുമിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്നും അയൽവാസികൾ പറഞ്ഞു. രാവിലെ മകളെ ബസ് കയറ്റിവിട്ട ശേഷം അമ്മ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് വേണ്ടി പോകുകയായിരുന്നു.
തങ്ങളുടെ വീട്ടിൽ നടക്കുന്ന എല്ലാ വിവരങ്ങളും തങ്ങളുമായി പങ്കുവക്കുന്ന സ്വഭാവമുള്ള ആളായിരുന്നു നിതിനയുടെ അമ്മയെന്നും മകൾക്ക് എന്തെങ്കിലും ഭീഷണിയുള്ളതായി ഇതുവരെ പറഞ്ഞിട്ടില്ലെന്നും അയൽവാസികൾ പറഞ്ഞു. മകളുടെ മരണവാർത്തയറിഞ്ഞ് കുഴഞ്ഞു വീണ നിതിനയുടെ അമ്മയും പാലായിലെ മരിയൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെതന്നെയാണ് നിതിനയുടെ മൃതദേഹവും സൂക്ഷിച്ചിരിക്കുന്നത്.