Wednesday, December 8, 2021

Latest Posts

സെപ്റ്റംബർ 28: സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നിട്ട് ഇന്ന് മൂന്ന് വർഷം

✍️ ലിബി.സി.എസ്

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നിട്ട് ഇന്ന് മൂന്ന് വർഷം പിന്നിടുകയാണ്. ശാരീരികമായതോ ജൈവീകമായതോ ആയ അവസ്ഥകളുടെ പേരിൽ സ്ത്രീകളെ മാറ്റി നിർത്താൻ ആവില്ലെന്ന് ആ ചരിത്ര വിധിയിലൂടെ സുപ്രീം കോടതി നിരീക്ഷിച്ചു. ശബരിമലയിൽ വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി പറഞ്ഞു. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനാവില്ല എന്നത് അംഗീകരിക്കാനാവില്ലെന്നും വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി.

ഇത് ലിംഗ സമത്വത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും വിശ്വാസത്തിന്റെ പേരിൽ അസമത്വങ്ങൾ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഭരണഘടനാബഞ്ചിലെ അഞ്ച് ജഡ്ജിമാരിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് എതിർ അഭിപ്രായം പ്രകടിപ്പിച്ചത്. ശബരിമലയിൽ ആരാധനയ്ക്കയി പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനമനുവദിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന നിയമവകുപ്പായ 3 ബി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ വകുപ്പ് അനുസരിച്ചു ആർത്തവ കാലയളവിൽ സ്ത്രീകൾക്ക് ശബരിമല എന്നല്ല കേരളത്തിലെ ഒരു ക്ഷേത്രത്തിലും കയറാനുള്ള അനുമതിയില്ല. 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ശബരിമല പ്രവേശനത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. അത് ഭരണഘടനാലംഘനമാണെന്നു ആയിരുന്നു ഹർജിക്കാർ വാദിച്ചത്.

പ്രത്യേകവിഭാഗത്തിൽപെട്ട ക്ഷേത്രമല്ലാത്തതിനാൽ ശബരിമലയിൽ എല്ലാവർക്കും വിവേചനമില്ലാതെ പ്രവേശിക്കാൻ അനുവാദം നൽകുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നാണ് ക്ഷേത്രത്തിൻറെ ഉടമസ്ഥരായ കേരള സർക്കാർ കോടതിയിൽ അഫിഡവിറ്റ് നൽകിയത്.
ഏതു ക്ഷേത്രങ്ങളിലും എല്ലാവര്ക്കും പോകാവുന്നതാണെന്നും സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ ലംഘനമാണെന്നു അന്തിമ വിധിവരുന്നതിന് മുൻപ് തന്നെ സുപ്രീം കോടതി നിരീക്ഷണം നടത്തിയിരുന്നു. യങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷംവന്ന വിപ്ലവകരമായ സംഭവമാണ് സുപ്രീം കോടതിയിലൂടെ വന്നത് എന്നൊക്കെയാണ് വിധിവന്ന പിന്നാലെ രാജ്യത്തെ പ്രമുഖരെല്ലാം പ്രതികരിച്ചത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധി പൊതുവിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യമായിരുന്നു എന്ന് പിറ്റേന്നത്തെ പത്രങ്ങൾ എടുത്ത് പരിശോധിച്ചാൽ മനസിലാകും.

എതിർക്കാൻ സാധ്യതയുണ്ടായിരുന്ന ബി.ജെ.പിയും ആർ.എസ്.എസ്സും ആദ്യമേ തന്നെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചതാണ്. വിധിവരുന്നതിന് മുൻപുതന്നെ ശബരിമലയിൽ സ്ത്രീകൾ കയറണമെന്ന് കേരളത്തിൽ ആദ്യമായി സംസാരിച്ചത് ഗുരു നിത്യചൈതന്യയതി ആണെങ്കിലും ഈ വിഷയം ചർച്ചയാക്കിയ ആദ്യ സംഘടന ആർഎസ്എസ് തന്നെയാണ്. ആർഎസ്എസ് ഒരു മത പരിഷ്കരണ പ്രസ്ഥാനം കൂടിയാണ്. കാലത്തിന് അനുസരിച്ച് മതങ്ങളെ പരിഷ്കരിച്ച് അതിനെ നിലനിർത്തിക്കൊണ്ടുപോകാൻ ആയിരിക്കും മത പരിഷ്കരണ പ്രസ്ഥാനങ്ങൾ ശ്രമിക്കുക. അത്തരം സംഘടനകൾ എല്ലാ മതത്തിലും ഉണ്ട്. അവ ഇത്രയും വലുതും ശക്തമായതും അല്ലായിരിക്കാം എന്നേയുള്ളൂ.

എന്നാൽ അത്തരം സംഘടനകൾക്കെല്ലാം അതിൽ ആധിപത്യമുള്ള യാഥാസ്ഥിതിക വിഭാഗവുമായുള്ള ആശയ സംഘട്ടനങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. എസ്എൻഡിപി യോഗത്തിൽ ഗുരു ജീവിച്ചിരുന്ന സന്ദർഭങ്ങളിൽ പോലും പലപ്പോഴും അദ്ദേഹത്തെപോലും അംഗീകരിക്കാതെ യാഥാസ്ഥിതിക ആശയങ്ങളാണ് വിജയിച്ചിട്ടുള്ളത് എന്നു കാണാം. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലും മറ്റ് ഫണ്ടമെന്റലിസ്റ്റ് സംഘടനകളിൽ നിന്ന് വ്യത്യസ്തമായി ആർഎസ്എസിൽ ഒരു വിമർശനത്തിനുള്ള സ്പെയ്സ് ശബരിമല കലാപമായി ഡെവലപ്പ് ചെയ്ത ശേഷവും ഉണ്ടായിരുന്നു എന്നതിനെ അംഗീകരിക്കാതിരുന്നുകൂട. ടിജി മോഹൻദാസിനെ പോലെയുള്ളവരൊക്കെ അത് യാഥാസ്ഥിതികരുടെ എതിർപ്പ് വകവെക്കാതെ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അവരുടെ പ്രസിദ്ധീകരങ്ങളിലും ഈ വിരുദ്ധ അഭിപ്രായങ്ങൾക്കും ആശയങ്ങൾക്കും ഉള്ള സ്പെയിസുകൾ അവർ അനുവദിച്ചിരുന്നു. ജന്മഭൂമി പത്രം ഉൾപ്പെടെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു എന്ന് വിസ്മരിക്കരുത്. എന്നാൽ ഇങ്ങനെ ഒരു ബിസ്മയം നമുക്ക് പലകാര്യങ്ങളിലും മറ്റ് ഫണ്ടമെന്റലിസ്റ്റുകളിൽ കാണാൻ കഴിയില്ല എന്നു പറഞ്ഞാൽ ആർത്തവ ലഹളയ്ക്ക് നാരങ്ങാവെള്ളവും ലഡുവും കൊടുത്ത ശേഷം സിഎ എ വന്നപ്പോൾ ഭരണഘടന തകർന്നെന്ന് മോങ്ങിയവർ സംഘി- നോൺ സംഘി സർട്ടിഫിക്കറ്റുമായി വരുമെന്നതിനാൽ കൂടുതൽ ഉദാഹരണങ്ങൾ നിരത്തുന്നില്ല. കോടതി വിധിയിലേക്ക് തന്നെ വരാം.

പ്രത്യേക നിലപാടുകളൊന്നും ഇല്ലാത്ത കോൺഗ്രസ്സ് സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നു എന്നായിരുന്നു വിധി വന്നയുടനെ പ്രസ്താവന ഇറക്കിയത്. വിധി നടപ്പിലാക്കാനുള്ള കരുത്ത് അന്നത്തെ ഇടതുപക്ഷ സർക്കാരിനുണ്ട് എന്ന ബോധ്യം കേരളത്തിലെ പൊതുസമൂഹത്തിനും ഉണ്ടായിരുന്നു. മൊത്തത്തിൽ വളരെ സുഗമമായി അതങ്ങ് നടപ്പിലാക്കപ്പെടുമായിരുന്നു. കാലങ്ങളായി നിലവിലുള്ള ഒരു ദുഷ്പ്രവണത നിയമത്തിന്റെ ഇടപെടലിലൂടെ ഇല്ലാതാവുന്നു എന്ന രീതിയിൽ കണ്ട് കേരളത്തിലെ ഹിന്ദു സമൂഹവും പൊതു സമൂഹവും അതിനോടൊപ്പം നിൽക്കുമായിരുന്നു. നിയമത്തിന്റെ കണക്കിലായതുകൊണ്ട് രാഷ്ട്രീയക്കാർ സന്തോഷത്തോടെ കൈ കഴുകി കാര്യം നടത്തിയേനെ.
എന്നാൽ ശബരിമലയുടെ കുത്തകാവകാശം സ്വയം ഏറ്റെടുത്ത രാഹുൽ ഈശ്വറെന്ന ‘ടെലിവിഷൻ അവതാരം’ മലയാളത്തിലെ ചില ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെഅയാളുടെ പ്രമോഷനായി ചെലവാക്കിയ പണത്തിൻറെ മഞ്ഞളിപ്പിൽ ചെറിയ സമയം കൊണ്ട് കാര്യങ്ങളെ കുഴച്ചു മറിച്ചു. ഈ വിഷയത്തിന്റെ വർഗീയ ധ്രുവീകരണ സാധ്യത അയാളും അതി ഹൈന്ദവരും തിരിച്ചറിഞ്ഞു. അതോടെ കോൺഗ്രസ്സും ബി.ജെ.പിയും മലക്കം മറിഞ്ഞു. കമ്മ്യൂണിസ്റ്റു വീടുകളിലെ ഹൈന്ദവ മനസ്സുകളും മറിച്ചു ചിന്തിച്ചു തുടങ്ങി. അതോടെ വോട്ടുബാങ്കിന്റെ മലീമസ ബുദ്ധി എല്ലായിടത്തും പ്രവർത്തനമാരംഭിച്ചു. തുടർന്ന് കേരളം കണ്ട ഏറ്റവും വലിയ ഫാസിറ്റ് വെല്ലുവിളിയും ശൂദ്രലഹളയും നാം കണ്ടതാണല്ലോ?

എന്നാൽ പിന്നീട് ഈ മൂന്നു വർഷം പിന്നിടുമ്പോഴും ആർഎസ്എസ് നെ മാത്രം അതിൻറെ പേരിൽ വിമർശിക്കുന്നവർ അതിനേക്കാൾ പിന്തിരിപ്പൻ നിലപാടെടുത്ത മറ്റു സംഘടനകളെ ബോധ പൂർവ്വം വിസ്മരിക്കാനും ശബരിമലയെ കുറിച്ച് നിശബ്ദത പാലിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇപ്പോഴും അങ്ങനെതന്നെ എന്നും കാണാം.
ശബരിമല വിഷയത്തിൽ ഏറ്റവും പിന്തിരിപ്പൻ നിലപാട് എടുത്ത സംഘടന കോൺഗ്രസ് ആയിരുന്നു എന്നുകാണാം. ആർഎസ്എസ് ൽ പോലും എതിർ ശബ്ദങ്ങൾ ഉണ്ടായിരുന്നു. കോൺഗ്രസിൽ അങ്ങനൊരു ശബ്ദം വലിയ പുരോഗമനകാരികളും നെഹ്റുവിയൻമാരുമായി നടിക്കുന്നവരിൽ നിന്നുപോലും ഉണ്ടായില്ല എന്നുമാത്രമല്ല ബസ്റ്റാന്റിലിരുന്നു പാസാക്കിയ ആചാരസംരക്ഷണ ബിൽ എന്ന അശ്ലീലവുമായി തിരഞ്ഞെടുപ്പിനെ നേരിടാൻപോലും അവർക്ക് യാതൊരു ഉളുപ്പുമില്ലായിരുന്നു. കോൺഗ്രസിലെ പുരോഗമനകാരികളും നെഹ്റുവിയൻമാരുമൊന്നും അതിനെതിരെയും ഒരക്ഷരവും മിണ്ടിയില്ല.

സുപ്രീം കോടതിയിലെ കേസിൽ കക്ഷിചേർന്ന കേരളത്തിലെ ഏക ഫെമിനിസ്റ്റ് സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉൾപ്പെടെ മറ്റു ഫെമിനിസ്റ്റ് സംഘടനകളും ഫെമികളുമെല്ലാം വിധിവന്നശേഷം മാളത്തിലൊളിച്ചത് കേരളം കണ്ടതാണ്.
ചില തീവ്ര കമ്യൂണിസ്റ്റ് സംഘടനകൾ ഒഴികെയുള്ള കേരളത്തിലെ വിദ്യാർഥിസംഘടനകൾ യുവജന സംഘടനകൾ മറ്റു സാമൂഹ്യ സാംസ്‌കാരിക നായകന്മാർ ആക്ടിവിസ്റ്റുകൾ എല്ലാം എന്താണ് ചെയ്തതെന്നും, ഇപ്പോഴും അക്കാര്യത്തിൽ പാലിക്കുന്ന പവിത്ര നിശബ്ദതയും ആർഎസ്എസിനേക്കാൾ അധികം പുരോഗമന നാട്യക്കാർ ഉൾപ്പെടുന്ന കേരളം എത്രമാത്രം പുനരുത്ഥാന പാതയിൽ പിന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നവയാണ്.
സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടർന്ന് ഉണ്ടായ കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് അതിക്രമത്തെ വെല്ലുവിളിച്ചുകൊണ്ട് 2018 ഒക്ടോബർ 16 മുതൽ വിരലിലെണ്ണാവുന്ന ഏതാനും സ്ത്രീകൾ നടത്തിയ മുന്നേറ്റങ്ങളുടെ തുടർച്ചയായി 2019 ജനുവരി 2 ന് രണ്ട് സ്‌ത്രീകൾ ശബരിമലയിൽ കാലുകുത്തിയതിന്റെ ആഘാതത്തിൽ പിറ്റേന്ന് നടന്ന ഹർത്താലും തുടർന്ന് പലയിടത്തും അരങ്ങേറിയ തെരുവ് യുദ്ധവും ഇപ്പോഴും അതിൻറെ പേരിൽ അവർ നേരിട്ടുകൊണ്ടിരിക്കുന്ന അക്രമണങ്ങളും ചില കാര്യങ്ങൾ ചിന്തിക്കാൻ വക നൽകുന്നുണ്ട്. സംഘിസം ഒരു ആശയമാണ്. അത് സംഘപരിവാർ മാത്രമല്ല പിന്തുടരുന്നത് അതിനെ പുശ്ചിച്ചു തള്ളിയാൽ തീരുന്നതല്ല അത്. ചില ആശയങ്ങളാണ് ആത്യന്തികമായി മനുഷ്യനെ സംഘടിതമാക്കുന്നത്. ഇവിടെയാകട്ടെ അത് ലിംഗനീതിയും ആചാര സംരക്ഷണവും എന്ന രണ്ട് തട്ടുകളിലാണ് സംഘടനകളെ നിർത്തിയിരിക്കുന്നത് എന്നേയുള്ളൂ. ഒരു വിഭാഗം മതാചാര സംരക്ഷണത്തിന് മുറവിളി കൂട്ടുമ്പോൾ മറു വിഭാഗം ഭരണഘടനയ്ക്കും മാനവികതയ്ക്കും ലിംഗ നീതിയ്ക്കും വേണ്ടിയാണ് പടയൊരുക്കം നടത്തുന്നത്. അതിൽ ആരെല്ലാം എവിടെ നിൽക്കുന്നു എന്നത് കൊടിയുടെ നിറം കവിയാണോ ചുവപ്പാണോ പച്ചയാണോ മൂന്ന് കളർ ഉള്ളതാണോ എന്ന് മാത്രം നോക്കി തീരുമാനിക്കാവുന്നതല്ല. ജാതിയെ അഡ്രസ് ചെയ്യാൻ ഭയപ്പെടുന്നതുപോലെ തന്നെയാണ് കേരളത്തിലെ സകല സംഘടനകളും ശബരിമലയെ കുറിച്ച് മിണ്ടാൻ പോലും ഭയപ്പെടുന്നത്!

വിശ്വാസിയായാലും അവിശ്വാസിയായാലും കേരളത്തിൻറെ സാംസ്‌കാരിക ചരിത്രത്തിൽ അരുവിപ്പുറത്തെ ശ്രീ നാരയണന്റെ ധിക്കാരപ്രതിഷ്ഠയ്ക്ക് അപ്പുറമല്ല ഒരു അയ്യപ്പനും നെയ്യപ്പനുമെന്ന് ആദ്യം മനസിലാക്കുക.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.