Sat. Apr 20th, 2024

✍️ ലിബി. സി. എസ്

1910-സെപ്തംബർ 26 ന് ആണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്; വാസ്തവത്തിൽ എന്തിനാണ് പിള്ളയെ നാടുകടത്തിയത്?

നിർഭയമായ പത്രപ്രവർത്തനത്തിൻറെയും സ്വാതന്ത്ര്യത്തിന്റെയുമൊക്കെ പ്രതീകമായി കൊണ്ടാടപ്പെടുന്ന രാമകൃഷ്ണപിള്ള തിരുവതാംകൂർ രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥമേധാവികളെയും ദിവാനെയും അഴിമതികളുടെയും അധർമങ്ങളുടെയും പേരിൽ വിമർശിച്ചതിനോ, അവ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടിയതിനോ, പൗരാവകാശങ്ങളെപ്പറ്റി എഴുതിയതിനോ ഒന്നുമായിരുന്നില്ല നാടുകടത്തപ്പെട്ടത്.

ഇന്ത്യൻ സ്വാതന്ത്രസമര പോരാട്ടത്തിലോ ബഹുജനങ്ങളുടെ മനുഷ്യാവകാശ പോരാട്ടത്തിലോ യാതൊരു പുരോഗമനപരമായ സംഭാവനയും നൽകാതെയും, മറിച്ച് ആവുന്നത്ര പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് സ്വദേശാഭിമാനിയായി വാഴ്ത്തപ്പെടുന്നത് എന്നതാണ് സത്യം.

സ്വദേശത്ത് എന്തെങ്കിലും അഭിമാനകരമായത് ചെയ്തതിന്റെ പേരിലല്ല കെ.രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയായത്. അദ്ദേഹത്തിന് പ്രത്യേകിച്ച് ആരും കൊടുത്ത ബഹുമതിയുമല്ല അത്. ആ പേരിലുള്ള ഒരു പത്രത്തിന്റെ പത്രാധിപരായി വെറും നാലരക്കൊല്ലം ജോലി നോക്കി എന്നതാണ് അതിന്റെ ഉറവിടം. അദ്ദേഹം ആ പത്രത്തിന്റെ ഉടമ പോലുമായിരുന്നില്ല. വക്കം അബ്ദുൾ ഖാദർ മൗലവിയായിരുന്നു പത്രത്തിന്റെ ഉടമ. അദ്ദേഹം സ്വദേശാഭിമാനി പത്രം തുടങ്ങി ഒരു വർഷത്തിനു ശേഷമാണ് രാമകൃഷ്ണപിള്ള അതിന്റെ പത്രാധിപരായത്. ‘സ്വദേശാഭിമാനി’ എന്ന പേര് ആ പത്രത്തിനു നൽകിയതുപോലും രാമകൃഷ്ണപിള്ളയല്ല വക്കം അബ്ദുൾ ഖാദർ മൗലവിയായിരുന്നു.
രാമകൃഷ്ണപിള്ള സ്വദേശാഭിമാനി എന്ന തന്റെ പത്രത്തിലൂടെ അന്നത്തെ ദിവാൻ പി.രാജഗോപാലാചാരിയേയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളേയും അതിരൂ ക്ഷമായി വിമർശിച്ചു. ആ വിമർശനങ്ങളുടെ ഫലമായി 1910 സെപ്റ്റംബർ 26-ാം തിയതി അദ്ദേഹത്തിന്റെ പത്രം നിരോധിക്കുകയും പ്രസ്സ് കണ്ടു കെട്ടുകയും അദ്ദേഹത്തെ തിരുവിതാംകൂറിൽ നിന്നും നാടുകടത്തുകയും ചെയ്തു എന്നൊക്കെയാണ് നാം പറഞ്ഞുകൊണ്ടിരിക്കുന്നത്.

അദ്ദേഹം ദിവാനെ വിമർശിച്ചു ലേഖനം എഴുതിയതിന്റെ പേരിലാണ് നാടുകടത്തപ്പെട്ടത് എന്നത് ഒരു അഭ്യൂഹം മാത്രമാണ്. അദ്ദേഹത്തെ നാടുകടത്തിക്കൊണ്ടുള്ള ഉത്തരവിൽ നാടുകടത്തിയതിന്റെ കാരണങ്ങൾ കാണിച്ചിട്ടില്ല. ‘പൊതുജന ക്ഷേമത്തിന് അത്യാവശ്യമാണ്’ എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാൽ പത്രപ്രവർത്തനത്തിന്റെ പേരിലാണ് അദ്ദേഹം നാടുകടത്തപ്പെട്ടത് എന്ന് സ്ഥാപിക്കേണ്ടത് തൽപ്പരകക്ഷികളുടെ ആവശ്യമാണ്. അതിന്റെ പേരിൽ അദ്ദേഹം മലയാള പത്രപ്രവർത്തനത്തിന്റെ പിതാവും സ്വാതന്ത്രസമരനായകനും സാംസ്ക്കാരിക നേതാവും നവോത്ഥാന നായകനുമെല്ലാമായി. ഒരു രക്തസാക്ഷിയുടെ പരിവേഷം അദ്ദേഹത്തിന് ലഭിച്ചു. ഇന്നും രാമകൃഷ്ണപിള്ളയെപ്പറ്റിയുള്ള പഠനങ്ങൾ പുറത്തിറങ്ങുന്നു, സ്മാരകങ്ങൾ ഉയരുന്നു അവാർഡുകൾ ആണ്ടുതോറും നൽകപ്പെടുന്നു. അങ്ങനെ പലതും.

1907 മുതൽ 1914 വരെ തിരുവിതാംകൂറിലെ ദിവാനായി ജോലി നോക്കിയ ആളാണ് പി.രാജഗോപാലാചാരി. ഇന്ന് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണദ്ദേഹം. എന്നാൽ അദ്ദേഹം ദിവാനായിരുന്ന ഏഴു വർഷം കൊണ്ടു വളരെയേരെ പരിഷ്ക്കാരങ്ങൾ തിരുവിതാംകൂറിൽ നടപ്പിൽ വരുത്തി. ഒരു തികഞ്ഞ നയതന്ത്രജ്ഞൻ കൂടിയായിരുന്നു അദ്ദേഹം. ഒപ്പം അവർണ്ണരോടും ദലിതരോടും അദ്ദേഹത്തിന് പ്രത്യേക സഹാനുഭൂതിയുമുണ്ടായിരുന്നു. അദ്ദേഹം ദിവാനായി വന്നതുതന്നെ അന്നത്തെ തിരുവിതാംകൂർ നായർലോബിക്ക് ഇഷ്ടമായിരുന്നില്ല.


രാജഗോപാലാചാരി ജനമായി കണ്ടിരുന്നത് തിരുവിതാംകൂറിലെ മുഴുവൻ മനുഷ്യരേയുമാണ്. പോരെങ്കിൽ അവർണ്ണ ജനവിഭാഗത്തിന്റെ സാമൂഹ്യ പുരോഗതിക്ക് ഒരു പാട് കാര്യങ്ങൾ ചെയ്തയാളാണ് ദിവാൻ പി.രാജഗോപാലാചാരി. അതുകൊണ്ടാണ് സി.കേശവന്റെ ആത്മകഥയായ ‘ജീവിതസമര’ത്തിന്റെ ഒരു ഭാഗത്ത് അദ്ദേഹം പറഞ്ഞിരിക്കുന്നത് ‘തിരുവിതാംകൂറിലെ അവർണ്ണ ജനവിഭാഗങ്ങൾ എന്നും സ്മരിക്കേണ്ട മൂന്നു ദിവാൻമാരുണ്ട്. കേണൽ മൺറോ ,വി പി മാധവരായർ, പി.രാജഗോപാലാചാരി.’ അതിൽ മൂന്നാമത്തെ ആളായ പി.രാജഗോപാലാചാരിയുടെ കാലത്താണ് രാമകൃഷണപിള്ള സ്വദേശാഭിമാനി പത്രം നടത്തുകയും രാജഗോപാലാചാരിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തത്. അയ്യങ്കാളി എന്ന ദളിതനെ ആദ്യമായി പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്തത് രാജഗോപാലാചാരിയായിരുന്നു. അത് അന്നത്തെ തിരുവന്തോരം സവർണ്ണ ലോബിക്ക് സഹിക്കാവുന്നതിന് അപ്പുറമായിരുന്നു.

ഏഴു വർഷത്തെ സേവനത്തിനു ശേഷം 1914-ൽ അദ്ദേഹം ഇവിടെ നിന്നു യാത്രയാകുമ്പോൾ എസ്‌.എൻ.ഡി.പി. വാർഷികയോഗത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി കെങ്കേമമായ യാത്രയയപ്പും മംഗളപത്ര സമർപ്പണവും നടന്നു. മംഗളപത്രത്തിൽ അദ്ദേഹത്തിന്റെ വ്യക്തിമാഹാത്മ്യത്തെയും അധ:കൃത സമുദായങ്ങൾക്കു ചെയ്തിട്ടുള്ള നന്മകളെപ്പറ്റിയും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഇതിനു പുറമെ ദിവാന്റെ സേവനങ്ങളെ പ്രകീർത്തിക്കുന്ന ഏതാനും ശ്ലോകങ്ങൾ മഹാകവി കുമാരനാശാൻ എഴുതിയിരുന്നു. ‘ഒരു യാത്രാമംഗളം’ എന്ന പേരിൽ അന്ന് അത് വിവേകോദയത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കുമാരനാശാൻറെ സമ്പൂർണ്ണ കൃതികളിൽ ഈ കവിതയും കാണാം.

തിരുവിതാംകൂറിൽ ആദ്യമായി ഈഴവർക്ക് സർക്കാർ ജോലി നൽകിയതും, അയ്യങ്കാളിയെക്കൂടാതെ തിരുവല്ലായിൽ നിന്നുംവന്ന ഒരു ദലിത് ക്രൈസ്തവനായ മത്തായി ആശാനെക്കൂടി പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യണമെന്ന് അയ്യങ്കാളി അഭ്യർത്ഥിച്ചപ്പോൾ ഒരു മടിയും കൂടാതെ ചോതി എന്ന പേരിൽ പ്രജാസഭാമെമ്പറാക്കി നോമിനേറ്റ് ചെയ്തു. ദിവാനോട് രാമകൃഷ്ണപിള്ളയ്ക്കുണ്ടായ പ്രകോപനത്തിന്റെ ഒരു കാരണം വാസ്തവത്തിൽ ഇതായിരുന്നു.


നായരുടെ കുത്തകയായിരുന്ന പ്രജാസഭയിലേക്ക് ഈഴവരേയും പുലയരേയും കൂടി നോമിനേറ്റു ചെയ്തു. പ്രജാസഭാ മെമ്പറാകണമെന്ന് ആഗ്രഹമുള്ള നായർക്കും നമ്പൂതിരിക്കും ഈഴവനോടും പുലയനോടുമൊപ്പം ഇരിക്കേണ്ടി വന്നു. താഴ്ന്ന ഗ്രേഡിലുള്ള ഉദ്യോഗങ്ങളിൽ ഈഴവരേയും പുലയരേയും കൂടി നിയമിച്ചു എന്നു പറഞ്ഞാൽ താഴ്ന്ന ഗ്രേഡ് ഉദ്യോഗങ്ങളുടെ കുത്തകക്കാരായിരുന്ന നായരുടെ ആ രംഗത്തെ കുത്തകയും അവസാനിച്ചു. ” ശ്രീ പത്മനാഭന്റെ പത്തുചക്രം” ദിവാൻ എല്ലാവർക്കുമായി വീതിച്ചു നൽകി.

ഉയർന്ന ജോലികൾ എതായാലും നായർക്കില്ലായിരുന്നു. അത് പരദേശ ബ്രാഹ്മണരുടെ കുത്തകയായിരുന്നു.1905 കാലഘട്ടത്തിൽ തിരുവിതാംകൂറിൽ സർക്കാർ ഉദ്യോഗങ്ങളിൽ 67 ശതമാനവും നായർ സമുദായം കയ്യടക്കിയിരുന്നു. ബ്രാഹ്മണർ 15 ശതമാനവും. നായർ സമുദായത്തിന്റെ 67 ശതമാനം ഉദ്യോഗങ്ങളും കുറഞ്ഞ ശമ്പളത്തിന്റേതും ബ്രാഹ്മണരുടെ 15 ശതമാനം ഏറ്റവും കൂടിയ ശമ്പളത്തിന്റേതുമായിരുന്നു.

രാമകൃഷ്ണപിള്ളയുടെ ലേഖനം യഥാർത്ഥത്തിൽ എന്തിനു വേണ്ടിയായിരുന്നു?

1910 ൽ ചിത്രം ആകെമാറി. അന്നാണ് രാമകൃഷ്ണപിള്ളയുടെ ലേഖനം വന്നത്. പി.രാജഗോപാലാചാരി ചാർജ്ജ് എടുത്തിട്ട് അപ്പോൾ മൂന്ന് വർഷം കഴിഞ്ഞു. നായരുടെ ഉദ്യോഗം 41 ശതമാനമായി കുറഞ്ഞു, ബ്രാഹ്മണരുടേത് 19 ശതമാനമായി വർദ്ധിക്കുകയും ചെയ്തു. ക്രിസ്ത്യാനികൾക്കും 19 ശതമാനം സർക്കാർ ഉദ്യോഗങ്ങൾ ലഭിച്ചു. കീഴ്ജീവനങ്ങളാണന്നു മാത്രം.120 ഈഴവർക്കും ദിവാൻ ജോലി കൊടുത്തു.അങ്ങനെ നായർ വിരുദ്ധ ചേരിയുടെ സ്വാധീനത വർദ്ധിച്ചു എന്ന് രാമകൃഷ്ണപിള്ളയ്ക്ക് ബോധ്യമായി. അതിന്റെ കാരണക്കാരൻ ദിവാൻ രാജഗോപാലാചാരിയാണ് എന്ന നിഗമനത്തിൽ രാമകൃഷ്ണപിള്ള എത്തുകയും ചെയ്തു. അതാണ് രാജഗോപാലാചാരിയുടെ മേലുള്ള യഥാർത്ഥ ചാർജ്, പക്ഷെ അത് പുറത്തു പറഞ്ഞില്ല എന്നു മാത്രം.


പുറത്തു പറഞ്ഞത് അയാൾ കൗപീനം ധരിച്ചില്ല എന്നും മറ്റുമാണ്. സ്റ്റേറ്റ് കോൺഗ്രസ്സ് പ്രക്ഷോഭകാലത്ത് പട്ടം താണുപിള്ള, എം.വർഗ്ഗീസ്, സി കേശവൻ തുടങ്ങിയവരെ ദിവാൻ സർ.സി.പി രാമസ്വാമി അയ്യർ ജയിലിൽ അടച്ചത് അവർ തേങ്ങാ മോഷ്ടിച്ചു, കോഴിയെ കട്ടു തുടങ്ങിയ കുറ്റങ്ങൾക്കാണ്.

1910 കാലഘട്ടത്തിൽ തിരുവിതാംകൂറിലെ ദലിതരുടെ ഉന്നമനത്തിന് ഏറ്റവും ആവശ്യമായിരുന്നത് അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുക എന്നതായിരുന്നു. അതിനു വേണ്ടി അന്ന് സാധുജന പരിപാലന സംഘത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്ന മഹാനായ അയ്യൻകാളി മുട്ടാത്ത വാതിലുകളില്ല. അങ്ങനെ നിരാശനായിരിക്കുമ്പോഴാണ് പി.രാജഗോപാലാചാരി 1907 ൽ ദിവാനായി ചാർജ്ജ് എടുത്തത്. അന്ന് മനു’വിന്റെ നിയമമാണ് നാട്ടിൽ നിലനിന്നത്. ഓരോരുത്തർക്കും അവരുടെ ജാതി അനുസരിച്ചുള്ള ജോലികളും ജീവിതരീതികളും മനുസ്മൃതിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

അതനുസരിച്ച് പുലയരുടെ ജോലി പാടത്ത് പണിചെയ്യുക എന്നതാണ്. അതിന് അക്ഷരാഭ്യാസത്തിന്റെ ആവശ്യമില്ല. എന്നു മാത്രമല്ല. അക്ഷരം പഠിച്ചവർ പിന്നെ പാടത്തേക്ക് എത്തിനോക്കുക പോലുമില്ല.അതിനാൽ അക്ഷരം പഠിക്കുക എന്നത് കുലധർമ്മത്തിന് വിരുദ്ധമാണ്. പുലയർ അക്ഷരം പഠിച്ചാൽ പാടത്ത് പണി ചെയ്യാൻ ആരുമില്ലാതെ വരും, കൃഷി നശിക്കും, നായരും നമ്പൂതിരിയും പട്ടിണിയാകും, ബ്രാഹ്മണ കോപം ഉണ്ടാകും, പുലയരുടെ കുലം നശിക്കും,, അതിനാൽ പുലയർ അക്ഷരം പഠിക്കുന്നത് രാജ്യദ്രോഹപരമായ പ്രവൃത്തിയാണ് എന്നു മാത്രമല്ല കുലദ്രോഹപരവും സമുദായ ദ്രോഹപരവുമായ പ്രവൃത്തിയും കൂടിയാണ്.


അതു തന്നെയാണ് തിരുവിതാംകൂർ രാജാവ് ഡോ.പൽപ്പുവിനു കൊടുത്ത ഉപദേശവും. പൽപ്പൂ ഡോക്ടർ പരീക്ഷ സമർത്ഥമായി പാസ്സായിട്ടുണ്ടെങ്കിലും ചാതുർവർണ്യം അനുശാസിക്കുന്നത് കുലധർമ്മം അനുഷ്ഠിക്കുക എന്നതാണ്, കള്ളുചെത്തുക എന്നതാണ് ഈഴവനായ ഡോ.പൽപ്പുവിന്റെ കുലധർമ്മം.

ആ പരിതസ്ഥിതിയിലാണ് 1910 ൽ ദിവാൻ പി.രാജഗോപാലാചാരിയുടെ ശ്രമഫലമായി പുലയക്കുട്ടികളെ സർക്കാർ സ്കൂളുകളിൽ ചേർത്തു പഠിപ്പിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. അതിനെ നഖശിഖാന്തം എതിർക്കുകയാണ് രാമകൃഷ്ണപിള്ള തന്റെ സ്വദേശാഭിമാനി പത്രത്തിലൂടെ ചെയ്തത്.

1910 മാർച്ച് -2ാം തിയതിയിലെ സ്വദേശാഭിമാനിയിൽ തന്റെ കുപ്രസിദ്ധമായ എഡിറ്റോറിയൽ അദ്ദേഹം എഴുതി ”…. എത്രയോ തലമുറകളായി ബുദ്ധി കൃഷി ചെയ്തു വന്നിട്ടുള്ള ജാതിക്കാരേയും അതിനേക്കാൾ എത്രയോ ഏറെ തലമുറകളായി നിലം കൃഷി ചെയ്തു വന്നിരിക്കുന്ന ജാതി’ക്കാരേയും തമ്മിൽ ബുദ്ധി’ക്കാര്യത്തിൽ ഒന്നായി ചേർക്കുന്നത് കുതിരയേയും പോത്തിനേയും ഒരേ നുകത്തിൽ കെട്ടുന്നതിനു തുല്യമാണ്….” എന്നാണ്.


പോത്ത് കാലന്റെ വാഹനമാണ് പോത്തിനെ കാണുന്നത് സവർണ്ണർക്ക് ദുഃഖകരമാണ്. ക്ലാസ്സിൽ പുലയകുട്ടികളെ കാണുന്നത് പോത്തിനെ കാണുന്നതിന് സമമാണ്. മരണത്തെയാണ് അവർ അഭിമുഖമായി കാണുന്നത് എന്നു മാത്രമല്ല, പുലയർക്ക് വിദ്യാഭ്യാസം ലഭിച്ചാൽ ഫലം നായർ മേധാവിത്തത്തിന്റെ മരണമായിരിക്കും എന്നുകൂടി അദ്ദേഹം അനുയായികളെ ആ ഉപമയിലൂടെ ചൂണ്ടിക്കാണിച്ചു. രാമകൃ ഷ്ണപിള്ളയുടെ എതിർപ്പിന്റെ പിൻബലത്തിൽ സർക്കാർ ഉദ്യോഗസ്ഥന്മാരും സവർണ്ണരും ചേർന്ന് ദലിത് വിദ്യാർത്ഥികളെ സർക്കാർ സ്കൂളിൽ ചേർക്കാതെ ബലമായി തടഞ്ഞു.മറ്റു സ്കൂളുകളൊന്നും അന്നവർക്ക് സ്വന്തമായി ഉണ്ടായിരുന്നില്ല.

പിന്നീടുള്ള സ്വദേശാഭിമാനിയുടെ നാല് ലക്കങ്ങളിലും രാമകൃഷ്ണപിള്ളയുടെ ലേഖന വിഷയം ഇതുതന്നെയായിരുന്നു. പാടത്തു പണി ചെയ്യാനുള്ള പുലയരുടെ അനുകൂല കാലാവസ്ഥയാണ് പ്രസ്തുത വിദ്യാഭ്യാസ നയം കൊണ്ട് നഷ്ടപ്പെടുന്നത് എന്നായിരുന്നു രാമകൃഷ്ണപിള്ളയുടെ മറ്റൊരു വാദം. അടിമത്തം നിർത്തലാക്കിയാൽ കൃഷി നശിക്കും എന്ന പഴയ വാദത്തിന്റെ പുതിയ പതിപ്പ്. പക്ഷെ അതുകൊണ്ടൊന്നും സർക്കാർ ആ ഉത്തരവ് പിൻവലിച്ചില്ല. അപ്പോഴാണ് അദ്ദേഹം ദിവാനെതിരെ കൂടുതൽ പ്രകോപനപരമായ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയത്.

ദിവാന്റെ ഭരണത്തിലെ വൈകല്യങ്ങളെക്കുറിച്ചല്ല; അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ ചില പാളിച്ചകളെക്കുറിച്ചാണ് രാമകൃഷ്ണപിള്ള നിർദ്ദയവും നിശിതവുമായി വിമർശിച്ചത്. ദിവാൻ ചെയ്യുന്ന എന്തിനേയും വ്യക്തിപരമായി തേജോവധം ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് അദ്ദേഹം കൗപീനം ധരിക്കുന്നില്ലെന്നും കൊട്ടാരത്തിലെ സ്ത്രീകളുടെ അന്തപ്പുരത്തിൽ അന്തിയുറങ്ങിയെന്നും മറ്റുമുള്ള വിമർശനങ്ങൾ സ്വദേശാഭിമാനി പത്രത്തിന്റെ പേജുകളിൽ നിറഞ്ഞതും അദ്ദേഹത്തിന്റെ നാടുകടത്തലിൽ കലാശിച്ചതും.


അവ എത്രമാത്രം വിശ്വാസയോഗ്യമാണെന്നതിന് പ്രത്യേകിച്ച് തെളിവുകളൊന്നും രാമകൃഷ്ണപിള്ളയ്ക്ക് ഹാജരാക്കാനുണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹം എത്ര ശക്തിയോടെയാണ് പുലയ ക്കുട്ടികളുടെ സർക്കാർ സ്കൂൾ പ്രവേശനത്തെ എതിർത്തത് എന്ന് വ്യക്തമാണ്. എന്തു പ്രത്യാഘാതം ഉണ്ടായാലും നേരിടാം എന്ന ഉറച്ച നിലപാടോടെയാണ് അദ്ദേഹം തന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. അധികാരത്തിലിരിക്കുന്ന ദിവാനെതിരായി അത്രയും മ്ലേച്ചമായ ലേഖനങ്ങൾ എഴുതിയാൽ തക്കതായ ശിക്ഷ ലഭിക്കും എന്നറിയാൻ പാടില്ലാത്ത ആളായിരുന്നില്ല രാമകൃഷ്ണപിള്ള എന്ന് വ്യക്തമാണ്.

രാജ ഭരണകാലത്ത് രാജാവ് ഇഷ്ടപ്പെട്ടു നിയമിച്ച ദിവാനെതിരായി അവഹേളനപരമായ ലേഖനങ്ങൾ എഴുതിയാൽ ശിക്ഷ ലഭിക്കും എന്നറിയാൻ പാടില്ലാത്ത ആൾ ഒരു പത്രാധിപരാകാൻ യോഗ്യനല്ല. മലയാള പത്രപ്രവർത്തനത്തിന്റെ പിതാവായി കൊട്ടിഘോഷിപ്പിക്കപ്പെടുന്ന ആളാണ് രാമകൃഷ്ണപിള്ള. തല പോയാൽ പോകട്ടെ, എന്നാലും പുലയക്കുട്ടികളെ സർക്കാർ സ്കൂളുകളിൽ നായർ കുട്ടികൾക്ക് ഒപ്പമിരുത്താൻ സമ്മതിക്കുകയില്ല.” നായരു പിള്ളാരും പെലേപ്പിള്ളാരും ഒന്നിച്ചിരുന്നു പഠിക്കുന്ന സ്കൂൾ വേണ്ട” എന്ന് ആക്രോശിച്ചത് അതുകൊണ്ടാണ്. ആ പള്ളിക്കുടങ്ങൾക്ക് തീവച്ച അനുയായികളുടെ യഥാർത്ഥ നേതാവാണ് രാമകൃഷ്ണപിള്ള.

കൊച്ചി രാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നാടക രചനാ മത്സരത്തിൽ കവിതിലകൻ പണ്ഡിറ്റ് കെ.പി കറുപ്പന്റെ ‘ബാലാകലേശം’ എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചപ്പോൾ കറുപ്പൻ ‘വാല’ (മുക്കുവ) സമുദായത്തിൽപ്പെട്ട ആളാണ് എന്ന കാരണത്താൽ നാടകത്തെ നിശിതമായി വിമർശിക്കുകയും ‘വാലനാണോ സാഹിത്യത്തിന് സമ്മാനം കൊടുക്കേണ്ടത്?‘ എന്ന് ചോദിക്കുകയും ചെയ്‌തുകൊണ്ട് ലേഖനമെഴുതിയ മഹാനായ വർഗ്ഗീയവാദിയാണ് രാമകൃഷ്ണപിള്ള. കാറൽ മാർക്സിന്റെ ജീവചരിത്രം രചിച്ച അദ്ദേഹത്തിന് പക്ഷെ തിരുവിതാംകൂറിലെ പൗരജനങ്ങളെ തുല്യരായി കാണാൻ കഴിഞ്ഞില്ല എന്ന വൈരുദ്ധ്യവും അവിടെ മുഴച്ചു നിൽക്കുന്നു.


അതുപോലെ അദ്ദേഹം ഒരു സ്വാതന്ത്രസമര വിരുദ്ധൻ കൂടിയായിരുന്നു. ബ്രിട്ടീഷിന്ത്യയിൽ ഒട്ടാകെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് ബ്രിട്ടീഷുകാരെ പാടി പുകഴ്ത്തിയ ആളായിരുന്നു രാമകൃഷ്ണപിള്ള. അന്ന് അദ്ദേഹം രചിച്ച ‘ദില്ലി ദർബാർ’ എന്ന ഗ്രന്ഥം ഒന്നും രണ്ടും വാല്യം അന്നത്തെ ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമനെയും മേരീ രാജ്ഞിയേയും പ്രകീർത്തിച്ചു കൊണ്ടുള്ളതായിരുന്നു.

1912 സെപ്തംബർ 28-ാം തിയതി പാലക്കാട്ടുവച്ചു നടന്ന ഒരു സമ്മേളനത്തിൽ അദ്ദേഹം പ്രസ്താവിച്ചത് “സമത്വം,സ്വാതന്ത്രം, സാഹോദര്യം എന്നിവയുടെ സങ്കേതമാണ് ബ്രിട്ടീഷ് സാമ്രാജ്യം” എന്നാണ്. ബ്രിട്ടീഷ് സാമ്രാജ്യം സമത്വത്തിന്റെ സങ്കേതമാണ് എന്നു പുകഴ്ത്തുന്ന രാമകൃഷ്ണപിള്ള തിരുവിതാംകൂറിൽ സമത്വം സ്ഥാപിക്കാൻ ശ്രമിച്ചത് പുലയരെ പോത്തിനോടും നായരെ കുതിരയോടും ഉപമിച്ചു കൊണ്ടാണ്. അത്രയധികം സ്വാതന്ത്ര്യ സമരവിരുദ്ധനും ദലിത് പിന്നോക്ക ജനവിരുദ്ധനുമായിരുന്നു കെ.രാമകൃഷ്ണപിള്ള. അദ്ദേഹം ഇന്ന് സ്വാതന്ത്രസമര നായകനാണു പോലും.

കാറൽ മാർക്സിനെയും ഗാന്ധിജിയേയും സോക്രട്ടീസിനെയും മറ്റും പറ്റിയെഴുതിയ രാമകൃഷ്ണപിള്ള, കേരള നവോത്ഥാന നായകനായ നാരായണ ഗുരുവിന്റെ പേരു പോലും ഒരിടത്തും പരാമർശിക്കാതെ പോയതും പിള്ളയുടെ ഈ മഹത്വത്തിൻറെ ദൃഷ്ടാന്തമാണ്.


രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ പേരിൽ അന്ന് ഇവിടെ നിലനിന്നിരുന്ന മലയാളം, ഇംഗ്ലീഷ്, തമിഴ് പത്രങ്ങൾ മുഖപ്രസംഗങ്ങൾ എഴുതിയിരുന്നു. അതിൽ ഒരു പത്രം പോലും രാമകൃഷ്ണപിള്ളയുടെ നടപടിയെ അനുകൂലിച്ചെഴുതുകയുണ്ടായില്ല. കേരളത്തിലെ ആഢ്യന്മാരായ ചരിത്രകാരന്മാർ ഇന്ന് ചരിത്ര സത്യത്തെ വളച്ചൊടിക്കുകയാണ്. കേരളത്തിലെ അടിസ്ഥാന ജനതയുടെ ഏറ്റവും വലിയ ശത്രുവായിരുന്നു കെ.രാമകൃഷ്ണപിള്ള. അദ്ദേഹം എരന്നുവാങ്ങിയ നാടുകടത്തലിന്റെ പേരിൽ ഒരു വലിയ രക്തസാക്ഷിയാക്കി പുനരവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ചരിത്ര ബോധമില്ലാത്ത ഒരു വലിയ ജനതയെ മുന്നിൽ നിർത്തി മാറിമാറി വരുന്ന ഭരണ പ്രതിപക്ഷങ്ങൾ വളരെ ഗോപ്യമായി ചെയ്തു കൊണ്ടിരിക്കുന്നത്.

വാൽകഷ്ണം: തിരുവന്തോരത്തെ പിള്ളയ്ക്കെതിരെ തൊണ്ടിമുതലുമായി ലേഖനമെഴുതിയതിന്റെ പേരിൽ കഴിഞ്ഞവർഷം അന്തരിച്ച മുൻ പു. ക.സ.വൈസ് പ്രസിഡന്റ് എസ് രമേശൻറെ മീശ നേരെത്തെ പാർട്ടിക്കാർ പറിച്ചിരുന്നല്ലോ? ‘സ്വദേശാഭിമാനി – ക്ലാവ് പിടിച്ച കാപട്യം’ എന്ന പേരിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ രാമചന്ദ്രൻ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ ‘കാറൽമാർക്സിന്റെ ജീവചരിത്രം’ 1912ൽ ഇറങ്ങിയ മറ്റൊരു പുസ്തകം കോപ്പിയടിച്ചതാണ് എന്ന് തെളിവ് നിരത്തിയിരിക്കുകയാണ് ഈ പുസ്തകത്തിൽ. സാഹിത്യ പ്രവർത്തക സഹകരണസംഘമാണ് പ്രസാധകർ – വളരെ ബോധപൂർവം ഇവയുടെ കോപ്പികൾ NBS ന്റെ സ്റ്റാളുകളിൽ ഒളിച്ചു വച്ചിരിക്കയാണ്. –പുസ്തകം ഔട്ട് ഓഫ് പ്രിൻറ് ആണെന്നും പ്രിന്റ് ചെയ്ത പുസ്തകം മുഴുവൻ വിറ്റുപോയെന്നാണ് പുസ്തകം പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ മുതലുള്ള എൻബിഎസ്ന്റെ അവകാശവാദം. സ്വദേശാഭിമാനി ദലിത് വിരുദ്ധനും ഈഴവർക്കും മറ്റും എതിരെ ദയാരഹിതമായി ലേഖനങ്ങളും എഡിറ്റോറിയലും എഴുതിയിട്ടുണ്ടെന്ന് രാമചന്ദ്രൻ തെളിവ് സഹിതം തന്റെപുസ്തകത്തിൽ എഴുതിയിരുന്നു. മാർക്സിന്റെ ഇരുനൂറാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് 2018 ജനുവരി ലക്കത്തിൽ മാധ്യമ പ്രവർത്തകൻ രാമചന്ദ്രന്റെ ലേഖനം ഗ്രന്ഥാലോകം പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിൽ ആദ്യമായി മാർക്സിന്റെ ജീവചരിത്രം എഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പുസ്തകം മോഷ്ടിച്ചതാണെന്ന് ലേഖനത്തിൽ പരാമർശിച്ചിരുന്നു. സിപിഐഎം ലൈനിന് വിരുദ്ധമായ ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്നുണ്ടായ വിവാദത്തെ തുടർന്ന് അന്ന് ഗ്രന്ഥാലോകം പത്രാധിപർ ആയിരുന്ന എസ്.രമേശനെ രാജിവെയ്പിച്ചു.വിവാദ ലേഖനത്തിന് തിരുത്ത് നൽകണമെന്ന നേതാക്കളുടെ ആവശ്യം നിരാകരിച്ചതിന്റെ പേരിലാണ് കവിയും പാർട്ടി എറണാകുളം ഏരിയാ കമ്മിറ്റി അംഗവുമായ എസ്. രമേശനെ നിർബന്ധിച്ച് രാജിവെയ്പിച്ചത്. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പ്രസിദ്ധീകരണമാണ് ഗ്രന്ഥാലോകം.

നിലവിൽചരിത്രം വിജയികളുടെ വിജയത്തിന്റെ കഥ മാത്രമാണ്. പരാജിതർക്കും പലതും പറയാനുണ്ടാകും. അത് ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. അതിനാൽ ചരിത്രം ഇന്ന് ഏകപക്ഷീയമാണ്. രാമകൃഷ്ണപിള്ളയുടെ ചരിത്രവും അതിൽ നിന്നും വ്യത്യസ്തമല്ല.!