Fri. Apr 19th, 2024

ഇലക്ട്രിക് ആഡംബര കാറുമായി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ലൂസിഡ് മോട്ടോഴ്സ്. ഒറ്റ ചാര്‍ജില്‍ 836 കിലോമീറ്റര്‍ ദൂരപരിധിയാണ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സെഡാനായ ലൂസിഡ് എയര്‍ ഡ്രീം എഡിഷന് ലൂസിഡ് മോട്ടോഴ്സ് അവകാശപ്പെടുന്നതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ ഏറ്റവും കൂടുതല്‍ ദൂരപരിധി അവകാശപ്പെടുന്ന അമേരിക്കന്‍ ഇലക്ട്രിക് വാഹനഭീമന്‍ ടെസ്ലയുടെ മോഡല്‍ എസ് ലോങ്ങിനേക്കാള്‍ 175 കിലോമീറ്റര്‍ അധിക ദൂരപരിധിയാണ് ഈ മോഡലിനെന്ന് യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി സാക്ഷ്യപ്പെടുത്തിയതായും ബിസിനസ് ഇന്‍സൈഡര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 651 കിലോമീറ്ററാണ് ടെസ്‌ല മോഡല്‍ എസ് ലോങ്ങിന്റെ ദൂരപരിധി.

ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം റെക്കോഡ് സഞ്ചാര പരിധിയാണ് എയര്‍ ഡ്രീം എഡീഷന്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് കാലിഫോർണിയ ആസ്ഥാനമായ ലൂസിഡ് മോട്ടോറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പീറ്റര്‍ റോളിന്‍സണ്‍ അഭിപ്രായപ്പെട്ടു. നേരത്തെ, ടെസ്‌ലയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് മോഡല്‍ എസ് സെഡാന്റെ ചീഫ് എഞ്ചിനീയറായിരുന്നു പീറ്റര്‍ റോളിന്‍സണ്‍.

അരിസോനയിലെ കാസ ഗ്രാന്‍ഡെയിലുള്ള ശാലയിലാവും ലൂസിഡ് മോട്ടോര്‍ ഈ കാറുകള്‍ നിര്‍മിക്കുക. നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന പ്ലാന്റില്‍ നിന്ന് ഈ വര്‍ഷം തന്നെ കാര്‍ ഉല്‍പ്പാദനം ആരംഭിക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടല്‍. ലൂസിഡ് എയര്‍ ഡ്രീം എഡിഷന് 169,000 ഡോളറാണ് (ഏകദേശം 1,24,47,000 രൂപ) വില നിശ്ചയിച്ചിട്ടുള്ളത്. ടെസ്ലയുടെ ഏറ്റവും പുതിയ മോഡല്‍ എസിന് 90,000 ഡോളറാണ് (ഏകദേശം 66,29,000 രൂപ) വില. ഈ വര്‍ഷം അവസാനത്തോടെ ലൂസിഡ് എയര്‍ ഡ്രീം എഡിഷന്‍ നിരത്തിലിറക്കുമെന്നും അടുത്ത വര്‍ഷം അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ താങ്ങാവുന്ന എയര്‍ മോഡലുകളുമായി ഡ്രീം എഡിഷന്‍ പിന്തുടരാനും ലൂസിഡ് പദ്ധതിയിടുന്നുണ്ട്. അതേസമയം, ദീര്‍ഘ ദൂരപരിധി വാഗ്ദാനം ചെയ്യുന്ന കൂടുതല്‍ ഇവികള്‍ ലൂസിഡ് മോട്ടോഴ്സ് പുറത്തിറക്കിയാല്‍ ടെസ്ല ഈ രംഗത്ത് കടുത്ത മത്സരം നേരിടേണ്ടിവന്നേക്കും.