Saturday, November 27, 2021

Latest Posts

കെ റെയില്‍; അനാവശ്യമായ എതിര്‍പ്പിന്റെ പേരില്‍ പുറകോട്ട് പോകില്ല; സ്‌ക്കൂള്‍ തുറക്കല്‍ -വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കും; നോക്കുകൂലി സാമൂഹിക വിരുദ്ധ നീക്കം, ശക്തമായ നടപടിയെടുക്കും: മുഖ്യമന്ത്രി

കെ റെയില്‍ പദ്ധതിയില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന അനാവശ്യമായ എതിര്‍പ്പിന്റെ പേരില്‍ പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏത് പദ്ധതി വന്നാലും എതിര്‍ക്കാന്‍ ചിലരുണ്ടാകുന്നു. യുഡിഎഫ് എന്ത് കൊണ്ട് ഇങ്ങനെ നിലപാട് എടുത്തു എന്ന് മനസിലാകുന്നില്ല. പദ്ധതിയെ എതിര്‍ക്കുന്നത് നാടിന്റെ ഭാവിക്ക് നല്ലതല്ല. എതിര്‍പ്പ് നാടിന് ഗുണകരമല്ല. യുഡിഎഫ് എതിര്‍പ്പ് പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അര്‍ധ അതിവേഗ കെറെയില്‍ പദ്ധതി സംസ്ഥാനത്തിന് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ നാടിന്റെ മാറ്റത്തിന് ഉപകരിക്കുന്നതാണ്. പദ്ധതിയെ സങ്കുചിത കണ്ണിലൂടെ കാണരുത്. കെറെയിലിനെ എതിര്‍ക്കുന്നത് നാടിന്റെ ഭാവി തുലയ്ക്കുന്നതിന് തുല്യമാണ്. യുഡിഎഫ് എതിര്‍പ്പില്‍ നിന്ന് പിന്മാറി പദ്ധതി നടപ്പാക്കാന്‍ സഹകരിക്കണം. അനാവശ്യമായ എതിര്‍പ്പിന്റെ പേരില്‍ പുറകോട്ട് പോകില്ല. വളരെ കുറച്ച് സ്ഥലം മാത്രം മതി പദ്ധതിക്ക്. നല്ല നഷ്ടപരിഹാരം നല്‍കും. കൃത്യമായ പുനരധിവാസ പദ്ധതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്‌കൂളുകളും കോളേജുകളും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിനായിരിക്കും.
ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സഹായവും തേടാവുന്നതാണ്. സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 20 ന് മുമ്പ് പൂര്‍ത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യവാഹനങ്ങള്‍ ആയാലും സ്‌കൂള്‍ വാഹനങ്ങള്‍ ആയാലും അവ ഓടിക്കുന്നവര്‍ക്ക് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സ്‌കൂളിലെത്തി പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. അടച്ചിട്ട മുറികളിലും ഹാളുകളിലും ഉള്ള യോഗങ്ങള്‍ പലയിടത്തും നടക്കുകയാണ്. അത് ഒഴിവാക്കണം. അധ്യാപക രക്ഷാകര്‍തൃ സമിതിയോടൊപ്പം തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പുകളുടെ കൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് സൂക്ഷ്മതല ആസൂത്രണം സ്‌കൂള്‍ തുറക്കുന്നതിനു മുന്നേ നടത്തണം.

കുട്ടികളില്‍ കൊവിഡ് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാലും കുറച്ച് കുട്ടികള്‍ക്കെങ്കിലും കൊവിഡ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട എല്ലാവരും വാക്‌സിനേഷന്‍ നടത്തണമെന്ന് പറയുന്നത്. അത് മാത്രമല്ല അവര്‍ മറ്റ് കൂടുതല്‍ ആളുകളുമായി ബന്ധപ്പെടാതെ ഇരിക്കുകയും വേണം. സ്‌കൂള്‍ പിടിഎ കള്‍ അതിവേഗത്തില്‍ പുന:സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോക്കുകൂലി സാമൂഹിക വിരുദ്ധമായ നീക്കമാണെന്നും അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. അത് നേരത്തെ വ്യക്തമാക്കിയതാണ്. ആരെങ്കിലും അത്തരം നീക്കവുമായി ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനെ ഏതെങ്കിലുമൊരു സംഘടനയുടേതായി കാണരുത്. നോക്കുകൂലി അനുവദിക്കില്ല. ഇക്കാര്യത്തില്‍ ശക്തമായ നടപടിയുമായാണ് പൊലീസ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘നോക്കുകൂലിയുമായി ബന്ധപ്പെട്ട് അടുത്ത് ഉയര്‍ന്ന് വന്ന സംഭവങ്ങളിലൊന്നില്‍ ഒരു യൂണിയനിലും പെട്ടവരല്ല പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് മനസിലായത്. പക്ഷേ അവരും പറഞ്ഞത് നോക്കുകൂലിയെന്നാണ്. കിട്ടുന്നത് നേടിയെടുക്കുകയെന്ന ശ്രമമാണത്. ഇതിനെ സാമൂഹിക വിരുദ്ധ നീക്കമായാണ് കാണുന്നത്. ഇതിനെതിരെ നടപടിയെടുക്കുന്നതില്‍ അലംഭാവമുണ്ടാകില്ലെന്നും’ മുഖ്യമന്ത്രി പറഞ്ഞു.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.