Wed. Apr 24th, 2024

✍️ ഷെഫീക്ക് അഹമ്മദ്

കേരളത്തിലെ ഇസ്ലാമിക വൃന്ദത്തിനകത്ത്, പെണ്ണുങ്ങള്‍ പുറത്തിറങ്ങുന്നത് / തുമ്മുന്നത് / തുപ്പുന്നത് ഒക്കെ മതശാസന അനുസരിച്ചായിരിക്കണം, മതം സ്ത്രീകള്‍ക്ക് അതനുവദിക്കുന്നില്ല / ഇതനുവദിക്കുന്നില്ല / ഇത് ധരിക്കണം / അത് ധരിച്ച് കൂട എന്നൊക്കെ തിട്ടൂരം ഇറക്കിക്കൊണ്ട് സ്വയം ‘സ്വർഗ്ഗത്തിലേക്കുള്ള വിസ ഏജന്‍സി’ കയ്യാളുന്നത് കാന്തപുരമോ സിംസാറോ പ്രതിനിധീകരിക്കുന്ന സുന്നി ഗ്രൂപ്പുകള്‍ മാത്രമല്ല. നവോത്ഥാനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വീൺമുദ്രാവാക്യങ്ങളിലൂടെ മുജാഹിദ്, ജമാഅത്ത് തുടങ്ങിയ സംഘങ്ങളും സ്ത്രീകളെത്തന്നെ കോടാലിക്കൈകളാക്കി സ്ത്രീകള്‍ക്ക് മേല്‍ ആധിപത്യം കൈയടക്കുകയാണ് കേരളത്തിൽ.

സ്ത്രീയവകാശങ്ങള്‍ പ്രാമാണികത നേടിയ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും നിന്നുകൊണ്ട്, സ്ത്രീകള്‍ എങ്ങനെ നടക്കണം, ഇരിക്കണം, ചരിക്കണം എന്നതില്‍ മാത്രം ആറാം നൂറ്റാണ്ടിലേക്ക് നോക്കണം എന്ന് പറയുന്നത് അശ്ലീലം മാത്രമല്ല അക്രമം കൂടിയാണ്. ആധുനിക ഫെമിനിസം വികാസം പ്രാപിച്ച ഈയൊരു പീരിയഡില്‍ പോലും പ്രായോഗികത നമ്മെ ‘ആഡംബര’മെന്ന് ചിന്തിപ്പിക്കുന്ന സ്ത്രീസമത്വാധിഷ്ഠിത സൗഭാഗ്യങ്ങള്‍ ഒക്കെയും നബി അനുവദിച്ചിരുന്നു എന്ന് വേറെ ചിലര്‍ കോമഡി അടിക്കാറുമുണ്ട്. ആറാം നൂറ്റാണ്ടിനെ ആറാം നൂറ്റാണ്ടായി തന്നെ വിടുന്നതിന് പകരം ഇരുപത്തൊന്നാം നൂറ്റാണ്ടിനെ ആറാം നൂറ്റാണ്ടിലെത്തിക്കാൻ വല്ലാതെ പാടുപെടുകയാണ് ചിലർ.

കേരളം താലിബാനിസത്തിൻ്റെ പിടിയിലേക്ക് എത്രമാത്രം എത്തിപ്പെട്ടുകഴിഞ്ഞു എന്ന് വെളിവാക്കുന്ന ഒരു വിവാഹവീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്. മു: മ: പണ്ഡിതൻ അബ്ദുൾറഹ്മാൻ പേരോട് ഉസ്താദിൻറെ മകൻറെ വിവാഹ വീഡിയോയും കല്യാണക്കുറിയുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സാധാരണ ഗതിയിൽ കല്യാണക്കുറിയിൽ വധുവിൻറെ ഫോട്ടോയ്‍ക്ക് പകരം പൂവോ പൂമ്പാറ്റയോ ഒക്കെയാണ് ഉപയോഗിക്കാറെങ്കിൽ ഇത്തവണ താലിബാൻ കേരളാ ഘടകം ഒരുപടികൂടി കടന്ന് പെണ്ണിൻറെ പേരുപോലുമില്ലാതെ പെണ്ണിൻറെ തന്തയുടെ പേര് മാത്രമായിട്ടാണ് കല്യാണക്കുറി ഇറക്കിയിരിക്കുന്നത്. ഉസ്താദിന്റെ മകൻ മുബഷീറിൻറെ ഫോട്ടയും അഡ്രസും ഉണ്ട് കുറിയിൽ. പെണ്ണിന് പേരോ വ്യക്തിത്വമോ ഇല്ല വിത്തിറക്കാനുള്ള പാടം മാത്രം.

കല്യാണ വീഡിയോയിലും വധുവില്ല വരൻ ഉസ്‌താദിന്റെ മോൻ മുബഷീറും കാന്തപുരം ഉൾപ്പെടെയുള്ള കുറെ സ്ത്രീവിരുദ്ധരും മാത്രം. കല്യാണ പെണ്ണ് പോയിട്ട് പ്രായമായവരോ കുട്ടികളോ ആയ സ്ത്രീ വർഗ്ഗത്തിൽപ്പെട്ട ഒരെണ്ണവും വിവാഹ വീഡിയോയിൽ ഇല്ല.സ്ത്രീയെന്നാൽ വിത്തിറക്കാൻ പാടമൊരുക്കി വിളവെടുപ്പിന് ശേഷം ആരുടെയെങ്കിലുമൊക്കെ ഭാര്യയായോ മകളായോ അമ്മയായോ വീണ്ടും ആരുടെയെങ്കിലും ബീഡരായോ ജീവിച്ച് മരിച്ചു പൊയ്‌ക്കോളണം മനസിലായോ?

എന്നാൽ ഉസ്താദിൻറെ മോനും ഉസ്താദും വീഡിയോയിൽ രംഗപ്രവേശം ചെയ്യുന്നത് അറബിവേഷത്തിൽ ആഡംബരകാറിൽ കയ്യിൽ സ്മാർട്ട് ഫോണും ഒക്കെയായിട്ടാണ്. മുത്ത് നബിയുടെ ഈത്തപ്പനയോല പാകിയ, നിലത്ത് മരുഭൂ മണല്‍ വിരിച്ച, പലപ്പോഴും എണ്ണവിളക്ക് പോലും തെളിയാതെ ഇരുട്ടിലാണ്ട പള്ളിയിലെ ഉസ്താദല്ല മുബഷീറിന്റെ ബാപ്പ എന്ന് വീഡിയോകാണുമ്പോൾ വ്യക്തം.നബി തിരുമേനിയുടെ സ്വപ്ന വാഹനമായ ചുവന്ന ക്യാമല്‍ അല്ല ഉസ്താദും മോനും കൂടി ഒരു അടിമയെ കെട്ടിയെടുക്കാനായി ഉപയോഗിച്ചിട്ടുള്ളതെന്നും വീഡിയോയിൽ കാണാം. ആശയവിനിമയത്തിന് നബി ആശ്രയിച്ച, മാസങ്ങള്‍ എടുക്കുന്ന ദൂത്-തപാല്‍ അല്ല, മറിച്ച് ഒരു സെക്കന്റിന്റെ അംശം മാത്രമെടുക്കുന്ന ടെലഫോണി, ഇന്റര്‍നെറ്റ് സാങ്കേതികതയാണ് കയ്യിലെ സ്മാർട്ട് ഫോണിൽ ഉള്ളതെന്നും വ്യക്തം. കാലചക്രം മുന്നോട്ടായവേ, ആധുനികമായ അറിവുകള്‍ പ്രദാനം ചെയ്യുന്ന സൗകര്യങ്ങളും ജീവിതക്ഷേമ ഉപാധികളും മടിയേതുമില്ലാതെ, മതം കുത്തിയൊലിച്ച് പോകുമോ എന്ന ഭയം ഒട്ടുമില്ലാതെ സ്വീകരിക്കുന്നുണ്ട് ഈ മതപ്രചാരകരായ അപ്പനും മോനും.

അസുഖം വന്നാല്‍ നബിവൈദ്യത്തില്‍ പ്രമുഖ സ്ഥാനമുള്ള തേനിന്റെയും കരിഞ്ചീരകത്തിന്റെയും ഔഷധഗുണത്തില്‍ ഇവർ പരിമിതപ്പെടുമോ അതോ മോഡേണ്‍ മെഡിസിനിലെ ഏറ്റവും പ്രാമാണികനായ ഡോക്ടര്‍ കുറിക്കുന്ന മരുന്നുകള്‍ ദൈവം നേരിട്ട് ഏല്‍പ്പിച്ചെന്ന പോലെ സേവിക്കുമോ? തിരുനബി ആശ്രയിച്ച കൊമ്പ് വെക്കലും കൊത്തിക്കലും ഉപേക്ഷിച്ച് സ്‌കാനിംഗ്, സര്‍ജറി തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ രോഗചികിത്സയില്‍ ഇവർ ഉപയോഗിക്കാതിരിക്കുമോ?സ്ത്രീകൾക്ക് ചികിത്സ നിഷേധിച്ചാലും ഇവന്മാർ യാതൊരു ശങ്കയും കുടാതെ ചത്തുപോകാതിരിക്കാൻ ഇതെല്ലം സ്വീകരിക്കുമെന്ന് ഉറപ്പ്.
അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം നബിചരിതം സാക്ഷ്യപ്പെടുത്തിയ മേൽപറഞ്ഞ ജീവിതസാഹചര്യങ്ങളെ, കാലത്തിനൊപ്പം നടക്കാന്‍ ആലോചനയുടെ സ്പ്ലിറ്റ് സെക്കന്റ് പോലുമെടുക്കാതെ വലിച്ചെറിഞ്ഞ് ഞാനാദ്യം, ഞാനാദ്യം എന്ന് അത്യാധുനിക സൗകര്യങ്ങള്‍ കൈവശപ്പെടുത്തുന്നവരേ, നിങ്ങള്‍ എന്തിനാണ് എന്നാൽ സ്ത്രീകളുടെ കാര്യത്തില്‍ മാത്രം ക്ലോക്കിന്റെ സൂചി പതിനാല് നൂറ്റാണ്ട് പിറകോട്ട് തിരിച്ച് വെക്കണമെന്ന് വാശി പിടിക്കുന്നത്?

തങ്ങളുടെ അഭിമാനാര്‍ഹമായ അസ്തിത്വം ഏതെങ്കിലും താടിക്കാരോ തലപ്പാവുകാരോ അനുവദിച്ച് തരേണ്ടതല്ലെന്ന ബോധ്യത്തിലേക്ക്, മുസ്ലിം സ്ത്രീകളെ, നിങ്ങള്‍ ഉയരുക മാത്രമേ പോംവഴിയുള്ളൂ. അവര്‍ക്ക് മനോധര്‍മ്മം അനുസരിച്ച് മതത്തില്‍ നിന്ന് / നബിജീവിതത്തില്‍ നിന്ന് തള്ളാനോ കൊള്ളാനോ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് മാത്രമായി അതിനവകാശമില്ലാതെ വരില്ലല്ലോ. നിങ്ങളുടെ ഏജന്‍സി ക്ലെയിം ചെയ്യാന്‍ വരുന്ന ഏത് ഗ്രൂപ്പില്‍ പെട്ട കള്ള ബടുവമാര്‍ ആയാലും മുഖമടച്ച് ആട്ട് കൊടുക്കുക.
തിട്ടൂരവുമായി പെണ്ണുങ്ങളുടെമേല്‍ കുതിര കേറാന്‍ വരുന്ന എല്ലാ മതങ്ങളിലും മതവിഭാഗങ്ങളിലും പെട്ട പരിഷകള്‍ക്ക് സ്ത്രീയുടെ ഏജന്‍സി കൈവശപ്പെടുത്താന്‍ ആര് അധികാരം നല്കി എന്നതാണ് ഉന്നയിക്കപ്പെടേണ്ട പ്രധാന ചോദ്യം. ആണധികാര ജീവിതക്രമത്തിന്റെ പ്രഥമ പരിഗണനകള്‍ തിന്നുക, ഭോഗിക്കുക എന്നിവയാകുമ്പോള്‍ അവ സൗകര്യപ്പെടുത്താന്‍ എപ്പോഴും പെണ്ണുങ്ങള്‍ വീട്ടില്‍ റെഡിയായി ഉണ്ടായിരിക്കണം എന്നതാണതിന്റെയൊക്കെ സിംപിള്‍ അബോധ തലം. മതം ആചരിക്കണോ /നിരാകരിക്കണോ, എത്ര കണ്ട് ആചരിക്കണം / നിരാകരിക്കണം, എവിടെയൊക്കെ മനോധര്‍മ്മം ആകാം എന്നിവയിലെ തീരുമാനം, എല്ലാ ജാതിമതവിഭാഗങ്ങളിലും പെട്ട സ്ത്രീ ജനങ്ങളെ, നിങ്ങളുടേത് മാത്രമാകട്ടെ.

https://www.youtube.com/watch?v=BCjbGt15Mpc